ബ്ര. മാവുരൂസ്; കരുണയുടെ വന്‍മരം

കരുണയുടെ വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ആര്‍ക്കും വിസ്മരിക്കാനും നിഷേധിക്കാനും കഴിയാത്ത കരുണയുടെ മുഖമാണ് ബ്ര.മാവൂരൂസ് മാളിയേക്കലിന്റേത്. അനേകം ജീവിതങ്ങള്‍ക്ക് പ്രായദേഭമോ മതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമോ നോക്കാതെ വെയിലേറ്റും മഴ നനഞ്ഞും കരുണയുടെ അഭയകേന്ദ്രമായിത്തീര്‍ന്ന കൊച്ചിയിലെ തണല്‍വൃക്ഷമാണ് ബ്ര. മാവൂരൂസ്.

സന്യാസജീവിത്തതിന്റെ സുരക്ഷിതത്വങ്ങളെ തൃണംപോലെ അവഗണിച്ചുകൊണ്ടാണ് തെരുവുജീവിതങ്ങള്‍ക്ക, പ്രത്യേകിച്ച് വഴിതെറ്റിപ്പോകുമായിരുന്ന ബാല്യകൗമാരങ്ങള്‍ക്ക് കൈത്താങ്ങാകുവാനായി മാവൂരൂസ് ഇറങ്ങിത്തിരിച്ചത്. നാല്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പു തുടങ്ങുന്നു മാവൂരൂസ് ബ്രദറിന്റെ കരുണവിപ്ലവം. സിഎംഐ സന്യാസസഭയിലെ ബ്രദര്‍ ആയിരുന്നു അന്നുവരെ അദ്ദേഹം.

ക്രിസ്തു തെരുവില്‍ കരയുകയും അലഞ്ഞുതിരിയുകയും മരിച്ചുവീഴുകയും ചെയ്യുന്നത് കാണുവാന്‍ കഴിഞ്ഞ വിശുദ്ധമായ നയനങ്ങള്‍ മാത്രമായിരുന്നു അത്തരമൊരു ശുശ്രൂഷയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഏകസമ്പാദ്യം. കണ്‍മുമ്പില്‍ കാണുന്ന ദുരിതങ്ങളോര്‍ത്ത് രാത്രികാലങ്ങളില്‍ ഉറക്കം പോലും നഷ്ടപ്പെട്ട ദിവസങ്ങള്‍. ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഇന്ന് വ്യാപകമാണെങ്കിലും മാവൂരൂസ് ബ്രദര്‍ പുതിയൊരു ദൗത്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ അത്തരമൊരു സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്.

കേരള ത്തിന്റെ സാംസ്‌കാരികസാമൂഹ്യചുറ്റുപാടുകളില്‍ ഈ കാരുണ്യപ്രവൃത്തി ഒരു വിപ്ലവം തന്നെയായിരുന്നു. വിവിധകാരണങ്ങളാല്‍ വീടുകളില്‍ നിന്ന് ഒളിച്ചോടിവന്ന കുട്ടികള്‍.. ബാലവേലയ്ക്ക് വിധിക്കപ്പെടുന്നവര്‍..ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമകളായവരുടെ ഇംഗിതങ്ങള്‍ക്ക് കീഴടങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍.. മോഷണം ജീവിതമാര്‍ഗ്ഗമായി തിരഞ്ഞെടുത്തവര്‍.. ഇങ്ങനെ വ്യത്യസ്തവും ജുഗുപ്ത്സാവഹവുമായ സാഹചര്യങ്ങളില്‍ ജീവിതം വഴിമാറിപോകുന്ന അനേകം ബാല്യകൗമാരങ്ങള്‍ക്ക് രക്ഷകനായി മാറുകയായിരുന്നു ക്രമേണ മാവൂരൂസ്.

കുപ്പയിലും മാണിക്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ആ പ്രവാചകന്റ കരം
പിടിച്ച് ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ പോയവര്‍ എത്രയോ പേര്‍. തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെ സാരഥിയും ദേശീയ ശിശുക്ഷേമ വകുപ്പിന്റെ 2011 ലെ അവാര്‍ഡ് ജേതാവുമായ എസ് മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരില്‍ ചിലര്‍ മാത്രം. 1993 ല്‍ എറണാകുളം ഓവന്‍ ബേക്കറിക്കു പിന്നാലെ എച്ചില്‍ക്കൂനയ്ക്കിടയില്‍ നായ്ക്കളുമായി ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി മത്സരിക്കുന്ന മുരുകന്‍ ബ്രദറിന്റെ മനസ്സിലെ മായാത്ത ഓര്‍മ്മയാണ്.

സൗത്ത് റെയില്‍വേസ്റ്റേഷന്‍ പരിസരത്തൂകൂടിയുള്ള ഒരു സായാഹ്ന യാത്രയാണ് മാവൂരൂസിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചത് ഉച്ഛിഷ്ടങ്ങള്‍ക്കിടയില്‍ കടിപിടികൂടുന്ന നായ്ക്കളെയും തോല്പിച്ച് ഉപേക്ഷിച്ചെറിഞ്ഞ ഭക്ഷണം ആര്‍ത്തിയോടെ വാരികഴിക്കുന്ന കുട്ടികളുടെ കാഴ്ച കണ്ടപ്പോള്‍ അതുവരെ സന്യാസജീവിതത്തിന്റെ സുരക്ഷിതത്തില്‍ സുഭിക്ഷമായി കഴിഞ്ഞുപോന്ന നാളുകളെക്കുറിച്ച് വേദനയും അപമാനവും തോന്നിയെന്ന് അദ്ദേഹം ഇപ്പോഴും പറയും. കുട്ടികള്‍ക്കിടയില്‍ ബ്രദര്‍ ഹുഡിന്റെ ആരംഭംമുതല്‍ പ്രവര്‍ത്തിച്ചിരുന്ന പഴക്കവും പുതിയൊരു ശുശ്രൂഷയിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് അദ്ദേഹത്തിന് പ്രേരണയായി.

പിന്നെ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും അധികാരികളുടെ അനുവാദം വാങ്ങിയും സന്യാസസഭയോട് വിടവാങ്ങി എന്നാല്‍ സന്യാസിയായിക്കൊണ്ടും പുതിയ ജീവിതരീതിക്ക് തുടക്കം കുറിച്ചു ബ്രദര്‍ തെരുവിലേക്കിറങ്ങുകയായിരുന്നു. എറണാകുളം ഗാന്ധിനഗറിലായിരുന്നു ബ്രദറിന്റെ ശുശ്രൂഷകള്‍ക്കായുള്ള ആദ്യഭവനം തുറന്നത്. ആശ്രയഭവന്‍ എന്നായിരുന്നു അതിന്റെ പേര്..

തെരുവുജീവിതങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല മാവുരൂസിന്റെ ജീവിതം. കൊച്ചി ഇന്നത്തെ കൊച്ചി ആകുന്നതിന് മുമ്പ് അന്ധകാരം നിറഞ്ഞ കോളനികളിലും കോളനിക്കാരിലും നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. കണ്ണെത്തുന്ന നോട്ടത്തിനുള്ളില്‍ കരുണ യാചിക്കുന്ന ഏതൊരാള്‍ക്കും തനിക്കുള്ളത് മുഴുവന്‍ നല്കി കാരുണ്യത്തിന്റെ മഹാസാഗരം തീര്‍ക്കുകയായിരുന്നു അദ്ദേഹം.

മരുന്ന് വാങ്ങാന്‍ പണമില്ലാത്തവന് മരുന്ന്.പാര്‍പ്പിടമില്ലാത്തവന് വീട്.. കുടിവെള്ളം മുട്ടിയവന് കിണര്‍..കടബാധ്യതയില്‍ മുങ്ങിനില്ക്കുന്നവന് സാമ്പത്തികസഹായം..ഇങ്ങനെ കണ്ടുമുട്ടിയവര്‍ക്കെല്ലാം കാരുണ്യത്തിന്റെ കരം നീട്ടാന്‍ ബ്ര. മാവുരൂസ് മാളിയേക്കലിന് സാധിച്ചു.

ഇന്നും കാരുണ്യത്തിന്റെ വഴികളിലൂടെ കരുണയുടെ നിറസാന്നിധ്യമായി ബ്ര. മാവുരൂസ് മാളിയേക്കല്‍ നടന്നുനീങ്ങുന്നു, എറണാകുളത്തിന്റെ തെരുവോരങ്ങളിലൂടെ..

You must be logged in to post a comment Login