ഭക്തിഗാനങ്ങള്‍ ധ്യാനത്തിന്റെ ഫലം ചെയ്യണം

ഭക്തിഗാനങ്ങള്‍ ധ്യാനത്തിന്റെ ഫലം ചെയ്യണം

ഓസ്തിയില്‍ വാഴും ദൈവമേ, നമ്മുടെ ദൈവമിതാ… ഉരുകിയൊഴുകും മെഴുകുതിരികളേ… ദേവാലയമണി മുഴങ്ങി..

നമ്മള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള പാട്ടുകള്‍.. ഒരിക്കലും മറന്നുപോകാത്ത പാട്ടുകള്‍. ഈ ഗാനങ്ങളുടെ രചയിതാവാണ് ഫാ. തോമസ് ഇടയാല്‍ എംസിബിഎസ്.

ഹൃദയം ദൈവത്തിന്‍ ആലയം എന്ന ഗാനം എഴുതിക്കൊണ്ടാണ് ഇടയാലച്ചന്‍ ഭക്തിഗാനരംഗത്തേക്ക് കടന്നുവന്നത്. അതിനെ തുടര്‍ന്ന് ഇരുനൂറ്റമ്പതോളം ഗാനങ്ങള്‍. ഇത്രയും നീണ്ടകാലത്തിനുള്ളില്‍ മറ്റ് പലരെയും വച്ചുനോക്കുമ്പോള്‍ ഒരു ഗാനരചയിതാവെന്ന നിലയില്‍ ഗാനങ്ങളുടെ എണ്ണം അച്ചന് കുറവായിരിക്കാം.

പക്ഷേ ഗുണം കൊണ്ട് അച്ചന്‍ മറ്റ് പലരെയുംക്കാള്‍ ഉയരങ്ങളിലാണ്. ദൈവവചനത്തോടുള്ള ബന്ധമാണ് തന്റെ ഗാനങ്ങള്‍ക്ക് ശക്തി നല്കുന്നതെന്ന് അച്ചന്‍ വിശ്വസിക്കുന്നു. അത് ആത്മീയമായ ആഴങ്ങള്‍ പലപ്പോഴും തന്റെ ഗാനങ്ങള്‍ക്ക് നല്കുന്നുവെന്നും.

ഒരു പൂവ് ഉള്ളില്‍ നിന്ന് വിടരുന്നതുപോലെയാണ് പാട്ടുകളും പിറവിയെടുക്കേണ്ടത് എന്ന് തോമസ് അച്ചന്‍ പറയുന്നു. കേന്ദ്രാനുഭവത്തെ ആശയത്തെ ഉള്ളില്‍ നിന്ന് വിടര്‍ത്തുന്ന മൂന്നോ നാലോ ഖണ്ഡികകള്‍ ഓരോ ഗാനത്തിനും പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമത്തില്‍ ഉണ്ടായിരിക്കണമെന്നും അച്ചന് നിര്‍ബന്ധമുണ്ട്. സാഹചര്യം അനുസരിച്ച് എഴുതുന്നവയായിരിക്കണം ഗാനങ്ങള്‍ എന്ന വിശ്വാസക്കാരനുമാണ് അച്ചന്‍. എങ്കിലേ ആ ഗാനങ്ങള്‍ ദൈവജനത്തിന് ഉപകാരപ്പെടുകയുള്ളൂ.

പരസ്പരബന്ധിതമല്ലാത്ത ആശയങ്ങള്‍ തുന്നിച്ചേര്‍ത്താല്‍ അവയ്ക്ക് സംവേദനശേഷിയുണ്ടാവുകയില്ലെന്നാണ് അച്ചന്‍ പറയുന്നത്. കാഴ്ചവയ്പ്പ്, ദിവ്യകാരുണ്യസ്വീകരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അതിനോട് യോജിക്കുന്ന വിധത്തിലുള്ള ആശയങ്ങളും പദങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

കവിതയുടെ പരിപൂര്‍ണ്ണതയില്‍ ശ്രദ്ധിക്കാത്ത ഗാനരചയിതാക്കളാണ് അധികവുമെന്നാണ് അച്ചന്റെ സങ്കടം. കവിത്വം കൊണ്ട് ഇടയാലച്ചനെ അതിശയിപ്പിക്കുന്ന വ്യക്തിത്വങ്ങളിലൊരാളാണ് ഫാ. ആബേല്‍ സിഎംഐ. പാട്ടുകള്‍ അങ്ങനെ എഴുതണം. സുന്ദരവും ലളിതവും കാവ്യത്മകവുമായിട്ട്..ആബേലച്ചനെക്കുറിച്ചുള്ള ആദരവ് ഇടയാലച്ചന്റെ ശബ്ദത്തില്‍ നിറഞ്ഞു.

സംഗീതം ചെയ്തിട്ട് പാട്ടെഴുതുന്നത് ഗാനരചയിതാവിന്റെ സര്‍ഗ്ഗശക്തിയെ നശിപ്പിക്കുന്ന ഒന്നാണെന്നാണ് അച്ചന്‍ പറയുന്നത്. സംഗീതത്തിന് ഒപ്പിച്ച് കുറെ പദങ്ങള്‍ കണ്ടെത്തി എഴുതുമ്പോള്‍ കവിതയില്‍ ആത്മാവിഷ്‌ക്കാരം കുറയുന്നു. ഗാനങ്ങള്‍ക്ക് ഒന്നിലധികം ഈണങ്ങള്‍ നല്കി അതില്‍ നിന്ന് ഏറ്റവും ആകര്‍ഷകരമായ ഈണം തിരഞ്ഞെടുക്കുന്നതാണ് അച്ചന്റെ രീതി.

നല്ല കവിതയുടെ വികാരം മനസ്സിലാക്കി ഉള്ളിലെ വികാരത്തിന് അനുസരിച്ച് ആവിഷ്‌ക്കാരം നല്കാന്‍ കഴിയുമ്പോഴേ നല്ലഗാനങ്ങള്‍ പിറവിയെടുക്കൂ. ജോയി തോട്ടാന്‍, ജേക്കബ് ഫ്രാന്‍സിസ്, സാംജി ആറാട്ടുപുഴ, ജേക്കബ് കൊരട്ടി, ജോണ്‍ തോമസ്, ഫാ. ആന്റണി ഉരുളിയാനിക്കല്‍, സണ്ണി വെമ്പള്ളി തുടങ്ങിയവരാണ് അച്ചന്റെ ഗാനങ്ങള്‍ക്ക് ഈണം നല്കിയിട്ടുള്ളത്.

അതുപോലെ ഗാനരചനയില്‍ വ്യാകരണനിയമങ്ങള്‍ പാലിക്കണമെന്ന കാര്യത്തിലും ഫാ. തോമസ് ഇടയാലിന് നിഷ്‌ക്കര്‍ഷയുണ്ട്. എഴുതിയത് തന്നെക്കാള്‍ കഴിവുള്ള ഒരാളെ കാണിച്ച് തെറ്റുതിരുത്തുന്നത് നല്ലതാണെന്ന അഭിപ്രായവും അച്ചനുണ്ട്. പക്ഷേ ഇന്ന് അതല്ലല്ലോ അവസ്ഥ? വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലേ?

ആലാപനത്തിലെ ചില യുക്തിഭംഗങ്ങളും അച്ചന്‍ പ്രത്യേകം പരാമര്‍ശിച്ചു. പുല്ലിംഗ പ്രധാനമായ വരികള്‍ പാടാന്‍ സ്ത്രീകളെ തിരഞ്ഞെടുക്കുന്നതും തിരിച്ചും ഇതിലേക്കായി അച്ചന്‍ ഉദാഹരിച്ചു.

പാലാ രൂപതയിലെ വെള്ളിയാമറ്റം ഇടവകാംഗമാണ് ഫാ. തോമസ് ഇടയാല്‍. 1973 ല്‍ ആയിരുന്നു പൗരോഹിത്യസ്വീകരണം. ദിവ്യകാരുണ്യ ധ്യാനപ്രസ്ഥാനത്തിന്റെ പ്രാരംഭ അംഗമാണ് ഇദ്ദേഹം.

എംസിബിഎസ് ജനറല്‍ കൗണ്‍സിലര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, സെമിനാരി റെക്ടര്‍, ഹൈസ്‌കൂള്‍ അധ്യാപകന്‍, മാനേജര്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ നിന്ന് 1986 മുതല്‍ വചനാമൃതം അവതരിപ്പിക്കുന്ന അച്ചന്‍ ശാലോം ടിവി, ഗുഡ്‌നെസ് എന്നിവയിലും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അര്‍പ്പണഗീതങ്ങള്‍, ദിവ്യകാരുണ്യഭജന്‍സ്, ദിവ്യകാരുണ്യഗീതങ്ങള്‍, കുടുംബഗീതങ്ങള്‍ എന്നിങ്ങനെ പോകുന്നു അച്ചന്റെ ഗാനശേഖരങ്ങള്‍.

നേതൃത്വത്തിലേക്ക്, വിശുദ്ധ കുര്‍ബാന- ഒരു പഠനം, മേഘപാളികളിലെ വെളിച്ചം, നിശ്വാസം, പരിശുദ്ധ കന്യാമറിയത്തിന്റെ ജീവചരിത്രം തുടങ്ങിയ കൃതികളുടെ കര്‍ത്താവുമാണ്.

You must be logged in to post a comment Login