ഭക്ഷ്യപ്രതിസന്ധിക്കെതിരെ പ്രതികരിച്ച് വെനസ്വേലയിലെ വീട്ടമ്മമാര്‍

ഭക്ഷ്യപ്രതിസന്ധിക്കെതിരെ പ്രതികരിച്ച് വെനസ്വേലയിലെ വീട്ടമ്മമാര്‍

വെനസ്വേല: സ്വന്തം കുടുംബത്തിന് ആവശ്യമായ ഭക്ഷണം നല്‍കാന്‍ നിര്‍വ്വാഹമില്ലാത്ത വെനസ്വേലയിലെ നൂറുകണക്കിന് വീട്ടമ്മമാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. ഇവരുടെ പ്രവര്‍ത്തി അപ്രധാനമായി തോന്നുമെങ്കിലും വെനസ്വേലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യപ്രതിസന്ധിയുമാണ് ഇവരെ റോഡിലേക്കിറക്കിയത്.

വെള്ള വസ്ത്രം ധരിച്ച് നിരത്തിലിറങ്ങിയ വീട്ടമ്മമാര്‍ വെനസ്വേലയുടെ അതിര്‍ത്തി വരെ മാര്‍ച്ച് നടത്തി. കേള്‍ക്കുന്നവര്‍ക്ക് ദൂരം അധികമായി തോന്നുമെങ്കിലും വീട്ടിലെ ഒഴിഞ്ഞ ഫ്രിഡ്ജും വിശക്കുന്ന കുടുംബാംഗങ്ങളുടെ മുഖവും ഓര്‍ക്കുമ്പോള്‍ ദൂരം ഇവര്‍ക്കു മുമ്പില്‍ വെറും അക്കങ്ങള്‍ മാത്രം. രാജ്യത്തിന്റെ അതിര്‍ത്തിയില്‍, അയല്‍ രാജ്യമായ കൊളംബിയയുമായി ബന്ധിക്കുന്ന പാലം വരെയാണ് ഇവരുടെ മാര്‍ച്ച് നീണ്ടത്. സഹായധനം ലഭിക്കുന്ന വെനസ്വേലയിലെ ചരക്കുകള്‍ കൊളംബിയയിലേക്ക് കടത്തുന്നത് തടയുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷകാലമായി അതിര്‍ത്തി അടച്ചിട്ടിരിക്കുകയായിരുന്നു.

രാജ്യത്തു തന്നെ വളര്‍ത്തുകയും ഉദ്പാദിപ്പിക്കുകയും ചെയ്യുന്നതിനു പകരം ധാരാളം ഭക്ഷണസാധനങ്ങളും ചരക്കുകളും ഇറക്കുമതി ചെയ്യുകയാണ് ഇവരുടെ പതിവ്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ പെട്രോളിയം വില കുത്തനെ ഇടിഞ്ഞതാണ് രാജ്യത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

You must be logged in to post a comment Login