ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിവര്‍ഷം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍…

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥകളാകുകയാണ് ലോകമെമ്പാടും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പലതിലും ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കിയതോടെ ക്രൈസ്തവ ന്യൂനപക്ഷ ഗ്രാമങ്ങള്‍ പലതും ശൂന്യമാകുകയാണ്. മതേതരത്വ രാജ്യമെന്ന പേര് അലങ്കാരമായി കൊണ്ടു നടക്കുന്ന ഭാരതത്തിലും സ്ഥിതി വിഭിന്നമല്ല. സമീപകാല സംഭവങ്ങള്‍ പലതും വിരല്‍ ചൂണ്ടുന്നതും  ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭീഷണി നേരിടുകയാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്.

ഇന്ത്യയില്‍ ദിവസേന ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ പേരില്‍ 365 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഴു കൊലപാതകങ്ങളും ഉള്‍പ്പെടും. മാനഭംഗം, പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരികയാണെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളെക്കാള്‍ ഭയാനകമാണ് യഥാര്‍ത്ഥ ചിത്രമെന്ന് സംഘടനയുടെ ഡയറക്ടറായ ഫാദര്‍ ജോസഫ് ഡയസ് പറയുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിവര്‍ഷം 25% ത്തോളം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അറിയപ്പെടാത്ത കഥകളാണ് അധികവും. ചിലര്‍ ഭയം മൂലം പരാതി നല്‍കുന്നില്ല. മറ്റു ചിലര്‍ ഭീഷണിക്കു മുന്നില്‍ നിശബ്ദരാകുന്നു.

2014 ല്‍ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ 2015 ല്‍ അത് 23 സംസ്ഥാനങ്ങളിലേക്കു വളര്‍ന്നു. ചില സ്ഥാപിത താത്പര്യക്കാര്‍ വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും ഫാദര്‍ ഡയസ് കുറ്റപ്പെടുത്തി.

You must be logged in to post a comment Login