ഭാരതസഭ വെല്ലുവിളികള്‍ നേരിടുന്നു: മാര്‍ ക്ലിമീസ് ബാവ

ഭാരതസഭ വെല്ലുവിളികള്‍ നേരിടുന്നു: മാര്‍ ക്ലിമീസ് ബാവ

ബംഗലൂരു: ഭാരതസഭ നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ടെന്ന് സിബിസിഐ അദ്ധ്യക്ഷനും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. സഭക്കകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ട്. ബംഗലൂരുവില്‍ ഇന്നാരംഭിക്കുന്ന സിബിസിഐ പ്ലീനറി അസംബ്ലിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുവിശേഷവത്കരണം എന്ന സഭയുടെ ദൗത്യം ഭാരതസഭ വിജയകരമായി നിറവേറ്റുന്നുണ്ട്. അപ്പോഴും വിശ്വാസം പഠിപ്പിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വെല്ലുവിളികളുമുണ്ട്. ഏതു മതത്തിലും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുമ്പോഴും അത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. മതേതരത്വഭാരതമെന്ന ആശയത്തില്‍ സഭക്ക് വിശ്വാസമുണ്ട്. അതിനെതിരെ ഉയരുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ലീനറി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ജാതിമതഭേദമന്യേ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് സഭ സേവനം ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സഭയുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇത് രാഷ്ട്രത്തിന്റെ പുരോഗതിക്കാണ് കാരണമാകുന്നത്.

ഭാരതത്തിലെ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂട്ടായ ചര്‍ച്ച ആവശ്യമാണ്. ഒരു മതാന്തരസംവാദമാണ് സഭ ലക്ഷ്യം വെയ്ക്കുന്നത്. അതുകൊണ്ടു തന്നെ സിബിസിഐ പ്ലീനറി സമ്മേളനത്തില്‍ വിവിധ മതനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ആക്രമിക്കുക എന്നതല്ല സഭയുടെ രീതി. സമാധാനത്തിലൂന്നിയ ചര്‍ച്ചകള്‍ നടത്താനാണ് സഭ ആഗ്രഹിക്കുന്നതെന്നും മാര്‍ ക്ലിമീസ് ബാവ പറഞ്ഞു.

You must be logged in to post a comment Login