ഭാര്യ എന്റെ പ്രാര്‍ത്ഥനയെ വളര്‍ത്തി- പി. സി എറികാട്

ഭാര്യ എന്റെ പ്രാര്‍ത്ഥനയെ വളര്‍ത്തി- പി. സി എറികാട്

പ്രാര്‍ത്ഥനയെക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊരു ശക്തിയുമില്ലെന്ന് ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. എനിക്ക് ലഭിച്ചതെല്ലാം പ്രാര്‍ത്ഥന വഴിയാണ്.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ പ്രാര്‍ത്ഥന ശക്തിയായി എന്നില്‍ രൂപപ്പെട്ടിരുന്നു. എന്റെ വല്യപ്പച്ചനാണ് എന്നെ പ്രാര്‍ത്ഥനയിലേക്ക് നയിച്ചത്. വെറും സാധാരണക്കാരനായ കൃഷിക്കാരനായിരുന്നു വല്യപ്പച്ചന്‍. എല്ലാ കടമുള്ള ദിവസങ്ങളിലും അദ്ദേഹം പളളിയില്‍ പോയിരുന്നു. ഭക്ഷണം കഴിക്കാതെ ഉപവാസമെടുത്തായിരുന്നു അദ്ദേഹം പള്ളിയില്‍ പോയിരുന്നത്.

അദ്ദേഹം എന്നെ മടിയിലിരുത്തി പാടാറുണ്ടായിരുന്ന പാട്ട് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. ദൈവത്തിന്റെ പൈതല്‍ ഞാന്‍, സ്വര്‍ഗ്ഗരാജ്യം എന്റേത് എന്നതായിരുന്നു ആ ഗാനം..

യാത്രയ്ക്കിടയിലോ നടന്നുപോകുമ്പോഴോ ഒരു കുരിശോ പള്ളിയോ കണ്ടാല്‍ നെറ്റിയില്‍ കുരിശുവരച്ചിട്ടേ ഞാന്‍ കടന്നുപോകാറുള്ളൂ. എഴുതാനിരിക്കുമ്പോഴും കുരിശുവരച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. രാവിലെയും വൈകിട്ടും പ്രാര്‍ത്ഥിക്കാറുണ്ട്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും യാമപ്രാര്‍ത്ഥനകളും മുടക്കിയിട്ടില. വിശുദ്ധ ഗ്രന്ഥവായന ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.

വിശ്വാസവും പ്രാര്‍ത്ഥനയും എല്ലാം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.. അല്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിന് അര്‍ത്ഥമുണ്ടാകാതെ പോകും. എന്റെ വിശ്വാസജീവിതവും പ്രാര്‍ത്ഥനാജീവിതവും കൊച്ചുമക്കളെയും മരുമക്കളെയും പോലും സ്വാധീനിച്ചിട്ടുണ്ട് എന്നത് എന്നെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.

ഇരുപത്തിയാറാം വയസിലായിരുന്നു എന്റെ വിവാഹം. ഭാര്യയായി കടന്നുവന്ന മറിയാമ്മ എന്റെ പ്രാര്‍ത്ഥനാജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.. പ്രാര്‍ത്ഥിക്കാന്‍ മാത്രമറിയാവുന്ന ഒരു കുടുംബമായിരുന്നു മറിയാമ്മയുടേത്..ഇന്നും എന്തെങ്കിലും പ്രശ്‌നമോര്‍ത്ത് മനസ്സ് വിഷമിച്ചിരിക്കുമ്പോഴെല്ലാം എന്നെ ധൈര്യപ്പെടുത്തുന്നത് മറിയാമ്മയാണ്..

നമ്മുക്ക് പ്രാര്‍ത്ഥിക്കാമെന്നേ..പ്രാര്‍ത്ഥിച്ച് ശരിയാക്കാമെന്നേ..ഇതാണ് മറിയാമ്മ നല്കുന്ന ധൈര്യവും പ്രതീക്ഷയും. എല്ലാ ദിവസവും ലോകം മുഴുവനുവേണ്ടിയും എല്ലാ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും  പ്രാര്‍ത്ഥിക്കാറുണ്ട്.

പ്രാര്‍ത്ഥനയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം പറയാനുള്ളത് പ്രാര്‍ത്ഥന കരുതിക്കൂട്ടി ചെയ്യുന്ന ഒന്നല്ല എന്നാണ്. അത് സ്വഭാവികമായി സംഭവിച്ചുപോകുന്നതാണ്. ഏതു സാഹചര്യത്തിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.. ദാവീദിന്റെ പുത്രനായ ഈശോയേ എന്നോട് കരുണയായിരിക്കണമേ എന്ന ജീസസ് പ്രയര്‍ ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്..ഏത് സാഹചര്യത്തെയും നേരിടാന്‍ ഈ പ്രെയര്‍വഴി കഴിഞ്ഞിട്ടുണ്ട് എന്നതാണ് എന്റെ വിശ്വാസം. പരുമല തിരുമേനിയുടെ മാധ്യസ്ഥവും ഞാന്‍ തേടാറുണ്ട്.

പരീക്ഷയ്ക്ക് ജയിക്കണേ എന്നുള്ളതായിരുന്നു ചെറുപ്രായത്തിലേയുള്ള എന്റെ പ്രാര്‍ത്ഥനകള്‍. ആ പ്രാര്‍ത്ഥന ഒരിക്കലും വിഫലമായിപ്പോയിട്ടില്ല. ഞാന്‍ പഠിക്കാന്‍ വലിയ സമര്‍ത്ഥനൊന്നുമായിരുന്നില്ല. എന്നിട്ടും ദൈവം എന്നെ ഒരിടത്തും തോല്പിക്കാതെ ഇവിടം വരെയെത്തിച്ചു. സര്‍വേ ആന്റ് ലാന്‍ഡ് റിക്കാര്‍ഡ്‌സില്‍ നിന്ന് ഡപ്യൂട്ടി ഡയറക്ടറായിട്ടാണ് ഞാന്‍ വിരമിച്ചത്.

സിവില്‍ എന്‍ജിനീയറിംങ് പാസായി ലാന്‍ഡ് സര്‍വ്വേയറായിട്ടാണ് ഔദ്യോഗികജോലി ആരംഭിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഓഫീസര്‍ ഗ്രേഡിലേക്കുള്ള ഒരു പരീക്ഷയെഴുതി. കേരള പബ്ലിക്ക സര്‍വ്വീസ് കമ്മീഷന്‍ നേരിട്ട് നടത്തിയ ആ പരീക്ഷയില്‍ പാസായ ആറുപേരില്‍ രണ്ടാം റാങ്കുകാരനായി ഞാനുമുണ്ടായിരുന്നു.ഏറ്റവും ചെറിയ പ്രായവും എന്റേതായിരുന്നു. ഇതൊന്നും എന്റെ കഴിവു കൊണ്ട് നേടിയതല്ല..ദൈവം പ്രത്യേകമായി കനിഞ്ഞ് അനുഗ്രഹിച്ചവയായിരുന്നു.

തിന്മകളുടെ ഈ ലോകത്ത് യാതൊരു കേടും വരാതെ കാത്തുപരിപാലിക്കപ്പെട്ടുപോരുന്നത് തന്നെ പ്രാര്‍ത്ഥനയുടെ പിന്‍ബലത്തിലാണ്. അല്ലെങ്കില്‍ പ്രാര്‍ത്ഥനയല്ലാതെ ഈ ദുഷ്ടതയുടെ കാലത്ത് മറ്റെന്താണ് നമുക്ക് ആശ്രയിക്കാനായുള്ളത്?

( കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് നോവലിസ്റ്റായ പി.സി എറികാട്. രണ്ട് പെണ്‍മക്കള്‍)

You must be logged in to post a comment Login