ഭിക്ഷാപാത്രം

ഭിക്ഷാപാത്രം

bowlആത്മാവിലെ ദാരിദ്ര്യം വസ്തുനിഷ്ഠമായ ഒരു അവസ്ഥയല്ല. വ്യക്തിനിഷ്ഠമായ ഒരവബോധമാണ്. ജിവനെ ചൂഴ്ന്നു നില്‍ക്കേണ്ട ഒരനുഭവമാണ്. ജന്മമെന്ന ഭിക്ഷാപാത്രമൊഴികെ മറ്റൊന്നും സ്വന്തമായില്ലെന്ന ഭിക്ഷുവിന്റെ അവബോധം.

‘ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍’ എന്ന തിരുവൊഴി ‘ഒന്നു മാത്രമേ ആവശ്യമായുള്ളു, മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു’ (ലൂക്ക 10:42) എന്ന വചനത്തോട് ആഴമായ സമാനത പ്രകടിപ്പിക്കുന്നു. ആത്മാവില്‍ ദരിദ്രര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കും. നി്ത്യജീവന്‍ നേടുവാന്‍ ഒന്നു മാത്രമേ ആവശ്യമായിട്ടുള്ളു…!
ജന്മം അതിന്റെ സര്‍വസമ്പന്നതകളോടും കൂടെപ്പോലും ദരിദ്രമായ ഒരു ഭിക്ഷാപാത്രമാണെന്ന അവബോധം സ്വര്‍ഗരാജ്യത്തിലേക്കുള്ള ചുവടുവയ്പിലെ അതിപ്രധാനമായ ഒരുപാധിയായി ക്രിസ്തു അവതരിപ്പിക്കുന്നു. ദൈവമെ, നീ തന്നല്ലാതെ ഞങ്ങള്‍ക്ക് എന്തുണ്ട്? ഞങ്ങള്‍ അസ്തിത്വത്തില്‍ നിലനില്‍ക്കുന്നതുപോലും അസ്തിത്വത്തിനാധാരമായ നീയുള്ളതുകൊണ്ടാണെന്ന് സെന്റ് അഗസ്റ്റിന്‍ കണ്‍ഫെഷന്‍സ് എന്ന ആത്മകഥയില്‍ ഉദ്‌ഘോഷിക്കുന്നുണ്ട്.
മാര്‍ത്തായും മറിയവും രണ്ടു മനോഭാവങ്ങളാണ്. ദൈവ-മനുഷ്യബന്ധത്തില്‍ മനുഷ്യന്‍ ദൈവത്തിന്റെ നേര്‍ക്കു പുലര്‍ത്തുന്ന രണ്ടു വ്യത്യസ്ത മനോഭാവങ്ങള്‍
ഭവനത്തിലെത്തിയ ഗുരുവിനെ എങ്ങനെ സല്‍ക്കരിക്കണം എന്ന് മനമുഴറുന്നവളാണ് മര്‍ത്ത. ഈ മനോഭാവത്തിലെ ന്യൂനത മര്‍ത്തായുടെ മനസ് ദിവ്യാതിഥിയുടെ സമ്പന്നതയിലല്ല, സ്വന്തം സമ്പന്നതയിലാണ് കേന്ദ്രീകൃതമായിരിക്കുന്നതെന്നതാണ്. ദൈവത്തെ സല്‍ക്കരിക്കാന്‍ മാത്രം എനിക്ക് എന്തൊക്കെയോ ഉണ്ട് എന്ന നിഗൂഢമായ അഹങ്കാരം. സമൃദ്ധിയുടെ തമ്പുരാന്റെ മുഖം ഈ അഹങ്കാരത്തില്‍ മുങ്ങിപ്പോകുന്നു. മര്‍ത്തായുടെ സമ്പന്നതയുടെ ഉറവിടമായവന്‍ വിസ്മൃതിയിലാണ്ടു പോകുന്നു. എന്റെ സമ്പത്ത്, എന്റെ ആരോഗ്യം, എന്റെ ജോലി, എന്റെ സമയം, എന്റെ ദശാംശം… ഒക്കെ ഞാന്‍ ദൈവത്തിനു വേണ്ടിക്കൊടുത്തു എന്ന നിഗൂഢമായ അഹങ്കാരങ്ങള്‍ കേട്ടിട്ടുണ്ട്. എന്റെ ആരോഗ്യം, എന്റെ സമയം, എന്റെ സമ്പത്ത്… പാവം. ദരിദ്രനായ നമ്മുടെ ദൈവം.
മറിയത്തിന് സ്വന്തം ദാരിദ്ര്യം അറിയാം. അവളുടെ മനസില്‍ അവളില്ല. സമൃദ്ധിയുടെ തമ്പൂരാന്‍ മാത്രം. എല്ലാം സ്വന്തമായുള്ളവന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ തനിക്കുള്ളത് സ്വന്തം അസ്തിത്വം മാത്രമാണെന്ന് അവള്‍ക്കറിയാം. ആ അസ്തിത്വം പോലും അവിടുത്തെ ദാനമാണെന്ന അവബോധം അവള്‍ക്കുണ്ട്. ഭിക്ഷാപാത്രം പോലെയൊഴിഞ്ഞ തന്റെ ആത്മാവ് ഗുരുവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചിട്ട് ഒരു യാചകിയെപ്പോലെ നിത്യവചനത്തിന്റെ പാദങ്ങളില്‍ അവളിരിക്കുന്നു. സനാതനവചസുകള്‍ അവളെ സമ്പന്നയാക്കുന്നു. അവളുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു.!

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login