ഭൂകമ്പബാധിതര്‍ക്ക് സഹായവുമായി കത്തോലിക്കാ സംഘടനകള്‍

ഭൂകമ്പബാധിതര്‍ക്ക് സഹായവുമായി കത്തോലിക്കാ സംഘടനകള്‍

ഇക്വഡോര്‍: ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള സന്നദ്ധസംഘടനകള്‍ രംഗത്തെത്തി. ഇതു കൂടാതെ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിക്കാനും ഇവര്‍ രംഗത്തുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 7 പതിറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു ഇത്. 3.5 ലക്ഷം ആളുകളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എഴുന്നൂറോളം ആളുകള്‍ മരിച്ചു. 26,000 ത്തോളം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.

ഭൂകമ്പത്തെ തുടര്‍ന്ന് ഗതാഗത- ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല മാനസിക പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുമുണ്ട്. ഇതിനും പുറമേയാണ് കോളറ പോലെയുള്ള സാംക്രമിക രോഗങ്ങള്‍ പരത്തുന്ന ഭീതി. ഭൂചലനമുണ്ടാകുമെന്ന് പേടിച്ച് ഇപ്പോഴും പലരും വീടുകള്‍ക്ക് വെളിയിലാണ് അന്തിയുറങ്ങുന്നത്.

ജനങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ഇതിനായി കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് രാജ്യത്തെ സഭാസ്ഥാപനങ്ങള്‍ക്കും 10 ലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്.

You must be logged in to post a comment Login