ഭ്രൂണഹത്യാകേന്ദ്രത്തെ ഏഴുവട്ടം വലം വച്ച് അമേരിക്കയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

ഭ്രൂണഹത്യാകേന്ദ്രത്തെ ഏഴുവട്ടം വലം വച്ച് അമേരിക്കയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

അമേരിക്കയിലെ കുപ്രസിദ്ധ ഭ്രൂണഹത്യാകേന്ദ്രമായ പ്ലാന്‍ഡ് പാരെന്റ്ഹുഡിന്റെ കൊളാഡോ കേന്ദ്രത്തിനു ചുറ്റും ദിവ്യകാരുണ്യം വഹിച്ച് വിശ്വാസികള്‍ ആവേശഭരിതരായി വലം വച്ചു. ഡെന്‍വര്‍ ആര്‍ച്ച്ബിഷപ്പ് സാമുവല്‍ ജെ അക്വിലയുടെ നേതൃത്വത്തില്‍ 1800 ഓളം കത്തോലിക്കരാണ് ഭ്രൂണഹത്യാ ക്ലിനിക്കിനെ വലം വച്ചത്.

‘തികച്ചും കൃപാനിര്‍ഭരമായ ഒരു മുഹൂര്‍ത്തമായിരുന്നു, അത്. ഹൃദയ പരിവര്‍ത്തനങ്ങള്‍ക്കായി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള പ്രദക്ഷിണം’ ആര്‍ച്ച്ബിഷപ്പ് അക്വില പറഞ്ഞു.

പ്രദക്ഷിണം തികച്ചും സമാധാനപരമായിരിക്കുമെന്ന് നേരത്തെ തന്നെ ഡെന്‍വര്‍ അതിരൂപത വെബ്‌സൈറ്റ് അറിയിച്ചിരുന്നു. ‘ബഹളവും വാദങ്ങളുമില്ലാതെ ദൈവസ്‌നേഹത്തിനും അവിടുത്തെ കാരുണ്യത്തിനും പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു സാക്ഷ്യം ആയിരിക്കുമത.്’ വെബ് സൈറ്റ് എഴുതി.

ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളും പ്രദക്ഷിണത്തില്‍ ധാരാളമുണ്ടായിരുന്നു. അവരോടൊപ്പം സന്ന്യാസിനികളും സെമിനാരിക്കാരും ചേര്‍ന്നു.

‘ഓരോ ദിവസവും ഭ്രൂണഹത്യക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളെ കുറിച്ച് സംസാരിക്കാനും തങ്ങളുടെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്ന അമ്മമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്.’ ഭാര്യയോടും ഭാര്യാമാതാപിതാക്കളോടുമൊപ്പം എത്തിയ ബ്രൈട്ടന്‍ സ്വദേശിയായ ജെയ്മി മാര്‍ട്ടിനെസ് പറഞ്ഞു.

‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മാതൃക നല്‍കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അവര്‍ ഞങ്ങള്‍ക്ക് എത്ര വിലപ്പെട്ടവരാണെന്ന് അവര്‍ അറിയണം.’ ഗര്‍ഭിണിയായ അംബര്‍ ബിറ്റ്‌നെര്‍ പറഞ്ഞു.


ഫ്രേസര്‍

You must be logged in to post a comment Login