മകനേ.. നിനക്കായ്..

മകനേ.. നിനക്കായ്..

mother‘നാച്ചിറ്റോ’- അതാണ് അമ്മ അവനെ സ്‌നേഹത്തോടെ വിളിക്കുന്ന പേര്. ഏതൊരമ്മയേയും പോലെ കോണ്‍സ്റ്റാന്‍സ സാവേദ്ര തന്റെ മകനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു, പക്ഷേ ഒരല്‍പം വ്യത്യാസമുണ്ടെന്നു മാത്രം. ഏഴു വയസ്സുകാരനായ നാച്ചിറ്റോ ജന്മനാ തന്നെ പേശികളുടെ പ്രവര്‍ത്തനത്തിലെ തകരാറു മൂലം ശ്വാസതടസ്സം നേരിടുകയാണ്. റസ്പിറേറ്ററിന്റെ സഹായത്തോടെയാണ് ഈ ബാലന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പേശികള്‍ ചലിപ്പിക്കാനോ ശരിയായ രീതിയില്‍ ആശയവിനിമയം നടത്താനോ അവനു സാധിക്കില്ല. പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ദിവസേന ഫിസിക്കല്‍ തെറാപ്പിയും നടത്തുന്നുണ്ട്. രാവും പകലും നാച്ചിറ്റോയെ ശുശ്രൂഷിക്കാന്‍ ജോലി തന്നെ വേണ്ടന്നു വെച്ചിരിക്കുകയാണ് ഡോക്ടറായിരുന്ന സാവേദ്ര. തങ്ങളുടെ സമ്പത്തു മുഴുവന്‍ മകന്റെ ചികിത്സക്കായി നീക്കിവെച്ചുരിക്കുകയാണ് സാവേദ്രയും ഭര്‍ത്താവ് ഗോണ്‍സാലോ ഒപ്പാസോയും. തങ്ങള്‍ക്കു ദൈവം തന്ന അപൂര്‍സമ്മാനമാണ് നാച്ചിറ്റോയെന്നും അവനെ പരിചരിക്കുക എന്ന ദൗത്യം ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും നിറഞ്ഞ സന്തോഷത്തോടെ സാവേദ്ര പറയുമ്പോള്‍ ആ വാക്കുകളില്‍ തെല്ലും നിരാശയോ പരിഭവമോ ഇല്ല.

2008ല്‍ ചിലിയിലെ സാന്റിയാഗോയിലുള്ള സ്വകാര്യ ആശുപത്രിയില്‍ നാച്ചിറ്റോ ജനിച്ചപ്പോള്‍ തന്നെ അവന് അല്‍പായുസ്സു മാത്രമേ ഉള്ളുവെന്നും വൈകാരികമായി യാതൊരടുപ്പവും കാണിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ ഉപദേശിച്ചിരുന്നു. എന്നാല്‍ ദൈവഹിതം മറിച്ചായിരുന്നു. ഏഴു വര്‍ഷത്തിനിപ്പുറവും നാച്ചിറ്റോ ജീവിക്കുന്നു, സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കു ലഭിച്ചതു പോലുള്ള ബാല്യം നിഷേധിക്കപ്പെട്ടെങ്കിലും. ‘കൂടുതല്‍ സമയവും അവന്‍ കട്ടിലില്‍ തന്നെയാണ്. എന്നാല്‍ വായിക്കാനും ടിവി കാണുവാനും കളിക്കാനും പാട്ടു പാടാനുമൊക്കെ അവന്‍ ഏറെ തത്പരനാണ്. നാച്ചിറ്റോ സന്തോഷവാനാണ്. അത് അവനെ കാണുന്ന ആര്‍ക്കും മനസ്സിലാകും’, സാവേദ്ര പറയുന്നു.

ഇതു പോലെയോ ഇതിലധികമോ ദു:ഖങ്ങളനുഭവിക്കുന്ന മറ്റനേകം കുടുംബങ്ങളുണ്ടാകും. ഒരു കുഞ്ഞിന്റെ ജീവന് വിലമതിക്കാനാവാത്ത മഹത്വമുണ്ട്. ഇത്തരം കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാരുകളും അധികാരികളും മുന്‍കൈയെടുക്കണം. ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ തന്നെ ഏറെ മാറിയെന്നും സാവേദ്ര സാക്ഷ്യപ്പെടുത്തുന്നു. ‘ജീവിതസാക്ഷ്യങ്ങള്‍’ എന്ന പേരില്‍ പ്രചോദനാത്മകമായ ഒരു ഫേസ്ബുക്ക് പേജും സാവേദ്രയുടേതായിട്ടുണ്ട്.

 

അനൂപ.

You must be logged in to post a comment Login