മകന്‍റെ രോഗം ക്രിസ്തുവിലേക്ക് അടുപ്പിച്ചു- ഹോളിവുഡ് താരത്തിന്‍റെ സാക്ഷ്യം

മകന്‍റെ രോഗം ക്രിസ്തുവിലേക്ക് അടുപ്പിച്ചു- ഹോളിവുഡ് താരത്തിന്‍റെ സാക്ഷ്യം

“ഞാന്‍ എന്റെ ആത്മാവിനെ ദൈവത്തിന് കൊടുത്തു.’ പറയുന്നത് മറ്റാരുമല്ല ഹോളിവുഡ് സിനിമയിലെ പ്രശസ്ത നടന്മാരിലൊരാളായ ക്രിസ് പ്രാറ്റ് ആണ്. ജൂറാസിക് വേള്‍ഡ് മുതലായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ലോകത്തിലെ ജീവിച്ചിരിക്കുന്ന പുരുഷന്മാരില്‍ ഏറ്റവും സെക്‌സിയായ രണ്ടാമത്തെ പുരുഷന്‍ എന്ന് പീപ്പിള്‍സ് മാഗസിന്‍ തിരഞ്ഞെടുത്തതുമായ വ്യക്തിയാണ് ക്രിസ് പ്രാറ്റ്.

ക്രിസ്റ്റഫര്‍ മൈക്കള്‍ പ്രാറ്റ് ആണ് ക്രിസ് പ്രാറ്റായി അറിയപ്പെടുന്നത്. പത്തൊന്‍പതാമത്തെ വയസില്‍ ഒരു മദ്യഷോപ്പിന്റെ പുറത്തുവച്ച് തനിക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്ന ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു ക്രിസ്റ്റഫര്‍, ഞാന്‍ ഇന്നത്തോടെ മദ്യപാനം നിര്‍ത്തി. ഈശോ നിന്നോട് പറയാനായി എന്നോട് പറയുന്നു നിന്നെ വലിയ കാര്യങ്ങള്‍ക്കായി ദൈവം നിയോഗിച്ചിരിക്കുന്നുവെന്ന്. ഒരു മാസത്തിന് ശേഷം ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പ്രാറ്റിന് ലഭിച്ചു. ഹോളിവുഡില്‍ പ്രാറ്റിന്റെ കരിയര്‍ അങ്ങനെ ആരംഭിക്കുകയായിരുന്നു.

ലൂഥറന്‍ സഭാംഗമായിട്ടാണ് വളര്‍ന്നുവന്നതെങ്കിലും  പ്രാറ്റ് പറയുന്നു, താന്‍ ദൈവത്തിന്റെ സ്വതന്ത്രനായ ഒരു ഏജന്റ് മാത്രമാണെന്ന്.. ജീവിതത്തില്‍ പല ഘട്ടങ്ങളിലും ദൈവവിശ്വാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും ആയ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇന്ന് ക്രിസ് പാറ്റ് നലം തികഞ്ഞ ഒരു ക്രിസ്തുവിശ്വാസിയാണ്.

ടേക്ക് മീ ഹോം ടുനൈറ്റ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അന്ന ഫാരീസുമായി കണ്ടമുട്ടുന്നത്. അത് രണ്ടുവര്‍ഷത്തിന് ശേഷം വിവാഹത്തില്‍ എത്തിച്ചേര്‍ന്നു. അവരുടെ സ്‌നേഹത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിച്ചേര്‍ന്നു. ജാക്ക്.

എന്നാല്‍ മാസം തികയാതെയായിരുന്നു അവന്റെ ജനനം. നിരവധി സങ്കീര്‍ണ്ണതകളും പ്രശ്‌നങ്ങളും അവനുണ്ടായിരുന്നു. മകന്റെ രോഗം പ്രാറ്റിനെ വിശ്വാസത്തിലേക്ക് നയിക്കുകയായിരുന്നു. മരുന്നുകള്‍ക്ക് അവനെ മടക്കിത്തരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദൈവതിരുമുമ്പില്‍ മുട്ടുകുത്തുക മാത്രമേ പ്രാറ്റിന് ചെയ്യാനുണ്ടായിരുന്നുള്ളൂ.

ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ദൈവം മകനെ മടക്കിക്കൊടുത്തപ്പോള്‍ പ്രാറ്റിന്റെ വിശ്വാസജീവിതത്തിന്റെ വീണ്ടെടുപ്പായി അത് മാറുകയായിരുന്നു. അതോടൊപ്പംതന്നെ പ്രാറ്റ് മറ്റൊരു തീരുമാനവുമെടുത്തു. ദൈവത്തിന് ഇഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യുകയില്ല. അശ്ലീലരംഗങ്ങളില്‍ താന്‍ മേലില്‍ അഭിനയിക്കുകയില്ലെന്നും പ്രാറ്റ് ഹോളിവുഡിനെ അറിയിക്കുകയുണ്ടായി.

അംഗവൈകല്യത്തോടെ ജനിക്കുമായിരുന്ന തന്റെ കുഞ്ഞിനെ യാതൊരു കുറവുകളുമില്ലാതെ നല്കിയ ദൈവത്തിന് നന്ദി പറഞ്ഞു ജീവിക്കുകയാണ് പ്രാറ്റ്. അതുപോലെ നല്ലൊരു ഭാര്യയെ നല്കിയതിനും.

തന്റെ ക്രിസ്തീയ വിശ്വാസം പറയ്ക്ക് താഴെ മറച്ചുവയ്ക്കാതെ പീഠത്തിന്മേല്‍ കൊളുത്തിയ വിളക്കുപോലെ പ്രതിഷ്ഠിക്കാനും ഇദ്ദേഹത്തിന് മടിയില്ല. ഫേസ്ബുക്ക് പേജില്‍ തിരുവചനങ്ങള്‍ എഴുതിയിട്ടും ഷെയര്‍ ചെയ്തും പ്രാറ്റ് തന്റെ വിശ്വാസജീവിതം ആഘോഷമാക്കുന്നു.

 

ബിജു

You must be logged in to post a comment Login