മകളെ കൊന്നുതള്ളിയവരോട് കുരിശിനെ നോക്കി ക്ഷമിച്ച ഒരു പിതാവ്

ക്ലൗഡെ സെരേസിന്റെ ഹൃദയഭിത്തിയില്‍ എക്കാലവും ആ ചിത്രമുണ്ടാവും. ഇരുപതാം വയസില്‍ ജിഹാദികള്‍ കൊന്നു തള്ളിയ തന്റെ പൊന്നോമനമകളുടെ ചിത്രം.

പക്ഷേ ഏറെ നാള്‍ ദൈവവുമായുള്ള മല്‍പ്പിടുത്തത്തിനൊടുവില്‍ മകളുടെ ഘാതകരോട് ക്ഷമിക്കാന്‍ ഈ പിതാവിന് കഴിഞ്ഞു.

“കുരിശിലേക്ക് ഞാന്‍ നോക്കി.പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ലല്ലോ ഇവരോട് ക്ഷമിക്കണമേ എന്ന ക്രിസ്തുവചനം എന്റെ കാതില്‍ മുഴങ്ങി. ക്ഷമിക്കാനുള്ള ശ്രമം അവിടെ നിന്ന് തുടങ്ങുകയായിരുന്നു.”

ക്ലൗഡെ സെരേസ് പറയുന്നു.
ഈ പിതാവിന്റെയും മകളുടെയും ജീവിതകഥ കടന്നുചെല്ലുന്നത് സിറിയയിലെ ഏറ്റവും ദു:ഖപൂരിതമായ ഒരു കാലത്തിലേക്കാണ്.

2012 ഒക്ടോബര്‍ ഒമ്പതിന് ഹോംസില്‍ നിന്ന് അലെപ്പോയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ജിഹാദികള്‍ ക്ലൗഡെയുടെ മകളെ തട്ടിക്കൊണ്ടുപോയത്. ജീവനില്ലാത്ത മകളുടെ മൃതദേഹമാണ് പിന്നെ കണ്ടുകിട്ടിയത്. അപ്പോള്‍ വെറും ഇരുപതു വയസ് മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ.

അന്നാണ് ഫ്രാന്‍സിന് തുറന്ന ഒരു കത്തെഴുതി ഈ പിതാവ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. ഫ്രാന്‍സ് സിറിയയിലെ വിമതഗ്രൂപ്പുകള്‍ക്ക് നല്കുന്ന രാഷ്ട്രീയ പിന്തുണയ്‌ക്കെതിരെയായിരുന്നു അത്.

“പുരാതന നഗരമായ അലെപ്പോ ഒരു പ്രേതനഗരമായി തീര്‍ന്നിരിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടോ?ബുള്ളറ്റുകളില്‍ നിന്നും ബോംബുകളില്‍ നിന്നും മതഭ്രാന്തുകളില്‍ നിന്നും ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ടോടുന്ന പതിനായിരക്കണക്കിന് ഫ്രഞ്ചുകുടുംബങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ? “

ക്ലൗഡെയുടെ ആ വാക്കുകളില്‍ ഒരു പ്രവചനസ്വരം ഉണ്ടായിരുന്നതായി പിന്നീട് നാം മനസ്സിലാക്കി. പാരീസിന് നേര്‍ക്കുണ്ടായ ഭീകരാക്രമണം അതായിരുന്നു വെളിപ്പെടുത്തിയത്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു വിശകലനം നടത്തുകയൊന്നുമായിരുന്നില്ല ക്ലൗഡെ ചെയ്തത് എങ്കിലും മുറിവേറ്റ ഒരു ജീവിതത്തില്‍ നിന്നുള്ള തിങ്ങും വേദനയായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്.

ഇപ്പോള്‍ അദ്ദേഹം ഫ്രാന്‍സില്‍ അഭയാര്‍ത്ഥിയായി ജീവിക്കുകയാണ്. “എനിക്കെല്ലാം നഷ്ടമായി. ഏറ്റവും ഭയാനകമായി തോന്നുന്നത് ഏറ്റവും അധികം സ്‌നേഹിച്ചത് എന്നേയ്ക്കുമായി നഷ്ടപ്പെട്ടതാണ്. ആദ്യ ആറുമാസം ഞാന്‍ ദൈവത്തോട് നിരന്തരം കലഹിച്ചു. എന്റെ മകളുടെ മരണത്തിന് കാരണക്കാരായവരോട് ദേഷ്യം തോന്നി. എന്നാല്‍ സാവധാനം ആത്മീയചൈതന്യം എന്നില്‍ നിറഞ്ഞു. അലെപ്പോയില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടപ്പോള്‍ എല്ലാവരും പ റഞ്ഞു ഞങ്ങള്‍ക്ക് ഭ്രാന്താണെന്ന്..ഇത് വളരെ അപകടം ചെയ്യുമെന്ന്.. അനേകം ചെക്കുപോസ്റ്റുകള്‍ കടന്നാണ് ഞങ്ങള്‍ പോയത്. ഓരോ തവണയും അത് അവസാനത്തേതായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ പരിശുദ്ധ മാതാവ് ഞങ്ങളെ രക്ഷിച്ചു. അമ്മയുടെ നീലക്കാപ്പയ്ക്കുള്ളില്‍ ഞങ്ങളെ കാത്തുരക്ഷിച്ചു. “

കൊന്തയില്‍ വിരലോടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു
” മകളെ കൊന്നവരോട് എനിക്ക് ക്ഷമിക്കാന്‍ കഴിയും. പക്ഷേ അത് മറക്കാന്‍ കഴിയില്ല. ഈശോയാണ് എനിക്ക് ക്ഷമിക്കാന്‍ കരുത്ത് നല്കിയത്. കുരിശില്‍ കിടന്ന് അവിടുന്ന് പറഞ്ഞില്ലേ, പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന്.. ഞാനിത് ഒരിക്കല്‍ പറഞ്ഞതുകേട്ട് ഒരു മുസല്‍മാന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ക്രൈസ്തവരെ കൂടുതല്‍ സനേഹിക്കാന്‍ നിങ്ങളെനിക്ക് പ്രേരണയായിരിക്കുന്നു.”

ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം പല സാഹചര്യങ്ങളിലും നല്ല രീതിയിലാണെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. എന്റെ മകള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ മുസ്ലീം സഹോദരങ്ങള്‍ അവള്‍ക്കായി മോസ്‌ക്കില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അദ്ദേഹം അനുസ്മരിച്ചു. നാല്പതാം ചരമദിനത്തില്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയിലും അവര്‍ പങ്കെടുത്തു.

മുസ്ലീങ്ങളും ക്രൈസ്തവരും ഒരുപോലെ ഭീകരവാദത്തിന് ഇരകളാണ്. 2011 വരെ അലെപ്പോയില്‍ മൂന്നു ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്നു. ഇപ്പോഴത് 22,000 ആയി കുറഞ്ഞിരിക്കുന്നു. എന്തുകൊണ്ട് ക്രൈസ്തവര്‍ ഇങ്ങനെ പലായനം ചെയ്യുന്നു? അവിടെ കറന്റില്ല..വെള്ളമില്ല, ഭക്ഷണമില്ല. ഒരു ലിറ്റര്‍ ഡീസലിന് ഒരു യൂറോ ആയിരുന്നത് ഇന്ന് നാലു യൂറോയായിരിക്കുന്നു. സിറിയയെ എങ്ങനെ രക്ഷിക്കാം എന്ന ചോദ്യത്തിനും ഇദ്ദേഹത്തിന് ഉത്തരമുണ്ട്. വൈജാത്യങ്ങള്‍ അവസാനിപ്പിക്കുക.

You must be logged in to post a comment Login