മഞ്ഞില്‍ വിരിയുമോ, പൂക്കള്‍?

മഞ്ഞില്‍ വിരിയുമോ, പൂക്കള്‍?

നഗരങ്ങളുടെ കാപട്യങ്ങളറിയാതെ വളര്‍ന്ന സുഹൃത്തിന്റെ കുട്ടി നാട്ടിന്‍ പുറത്തുള്ള ഒരു സ്‌കൂളില്‍ നിന്ന് നഗരപശ്ചാത്തലത്തിലുള്ള ഒരു വിദ്യാലയത്തില്‍ ചേര്‍ന്നു. ഒരുനാള്‍ ലോവര്‍ പ്രൈമറി കാരനായ മകന്‍ സുഹൃത്തിനോട് ക്ലാസിലെ ചില വിചിത്രാനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഞെട്ടിയത് സുഹൃത്ത്. നമ്മള്‍ ഹൈസ്‌കൂള്‍ കാലങ്ങളില്‍ പോലും പരസ്പരം പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ ഈ കുട്ടിക്കുരുന്നുകള്‍ ഒരുളുപ്പും കൂടാതെ പറയുന്നു! പ്രേമം എന്ന വാക്കിന് എല്‍പി സ്‌കൂളുകാര്‍ ചാര്‍ത്തി കൊടുത്ത നിര്‍വചനത്തിന്റെ ഉറവിടം തിരഞ്ഞു പോയാല്‍ എത്തുന്നത്് ഇന്റര്‍നെറ്റിലെ ഉടല്‍ക്കാടുകളില്‍!

എന്താണ് സംഭവിക്കുന്നത്! നമ്മളറിയാത്ത വേഗത്തില്‍, നമുക്ക് ഊഹിക്കാനാവാത്ത വിധത്തില്‍ നഗരവിദ്യാലായങ്ങളുടെ രഹസ്യ അറകളില്‍ വനങ്ങള്‍ പടര്‍ന്നു പന്തലിക്കുകയാണ്. ചിലന്തിവലകള്‍ പടര്‍ന്നു കയറിയ കാടകങ്ങള്‍!

കുട്ടികള്‍ എന്നൊരു സങ്കല്‍പങ്ങള്‍ തന്നെ മാറ്റിക്കുറിക്കുന്ന കാലമാണിത്. പതിനെട്ടു തികയാന്‍ ഏതാനും മാസങ്ങള്‍ കൂടിയുള്ള കാരണം പറഞ്ഞ് രാജ്യത്തെ നടുക്കിയ ഒരു മാനഭംഗ കൊലപാതകക്കേസിലെ പ്രതിയെ കുട്ടിക്കുറ്റവാളിയാക്കി രക്ഷപ്പെടുത്താന്‍ തുനിഞ്ഞതിന്റെ യുക്തിയില്ലായ്മയ്ക്കു മുന്നില്‍ നാം അമ്പരപ്പോടെ ചിന്തിക്കുന്നു. പ്രായപൂര്‍ത്തിയായില്ല പോലും. എന്നിട്ടും ചെയ്തു കൂട്ടുന്നത് എത്രയധികം പ്രായപൂര്‍ത്തികള്‍ കടന്നവന്റെ പാതകങ്ങള്‍! പ്രായം ഇന്നൊരു വിഷയമല്ല. അതു പോലെയാണ് തിന്മയുടെ മൃഗീയവാസനകള്‍ നമ്മുടെ ഇളം തലമുറയിലേക്ക് പടര്‍ന്നു കയറുന്നത്…

നഖക്ഷതങ്ങള്‍ എന്ന എണ്‍പതുകളിലെ ചിത്രം കാണുമ്പോള്‍ ഇന്നും ഒരു വിഷാദം നെഞ്ചില്‍ പടരുന്നു. കൈവിട്ടു പോയ ഒരു കാലത്തിന്റെ നിര്‍മല നന്മകളോര്‍ത്ത്. പത്താം ക്ലാസുകാരന്റെയും പതിനഞ്ചു തികയാത്ത പെണ്‍കിടാവിന്റെയും പ്രണയ നിഷ്‌കളങ്കതയൊഴുകുന്ന തെളിനീരുറവകളുടെ സുഖകരമായ കുളിരോര്‍ത്ത്…

വിരല്‍ തൊടാതെ മൊയ്തീനും കാഞ്ചനമാലയും സൂക്ഷിക്കുന്ന സൗന്ദര്യാത്മകമായ ഒരകലം ആ ചിത്രത്തിലെ പ്രണയഭംഗികളില്‍ ശ്രദ്ധേയമായ ഒന്നാണ്. ഉള്ളിലെ സ്‌നേഹത്തിന്റെ ആഴം കൊണ്ട് സ്വയം സൂക്ഷിക്കുന്ന ചില അകലങ്ങള്‍. ഉള്ളിലെ ദൈവാംശത്തോടുള്ള ആദരവിനാല്‍ ഒരംഗുലമകലം സൂക്ഷിക്കുമ്പോള്‍ പ്രണയം തണുക്കുകയല്ല, തീവ്രതയേറുകയാണ്. സത്യത്തില്‍ സ്പര്‍ശം ഉള്ളിലെ തീയെ തണുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്കറിയാം.

ഈ അകലവും ഈ ആദരവും സൂക്ഷിക്കാനറിയാത്ത നമ്മുടെ ഇളം തലമുറയ്ക്ക് ഉള്ളിലെ പ്രണയത്തീ നഷ്ടമാകുന്നു. അതവര്‍ അറിയുന്നില്ല! കൈവെള്ളയിലെ ആന്‍ഡ്രോയിഡ് ഫോണിലൂടെ എല്ലാ നിഗൂഢമനോഹാരിതയും തൊട്ടടുത്തെത്തുമ്പോള്‍ ഉള്ളിന്റെയുള്ളിലെ നീര്‍പ്രവാഹങ്ങള്‍ വറ്റിപ്പോകുന്നു. പിന്നെ താണ്ടുന്ന ജീവിതം മരൂഭൂമിയാണ്…

നിങ്ങള്‍ ശിശുക്കളെ പോലെയാകുവിന്‍ എന്ന് ഉള്ളുരുകി അപേക്ഷിച്ച ക്രിസ്തു ഉണ്ണികളുടെ കണ്ണില്‍ കണ്ട തെളിനീരാഴികളില്‍ നമ്മുടെ കാലം കലക്കിയ കാളകൂടം ആരു കഴുകിക്കളയും?

സത്യം പറഞ്ഞാല്‍ മകന്റെയോ മകളുടെയോ കണ്ണില്‍ നോക്കി നിന്ന അവന്റെയോ അവളുടെയോ ഉള്ളറിഞ്ഞിരുന്ന അമ്മമാരുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. പ്രൈമറി ക്ലാസിലെ മാത്രമല്ല, ഇന്ന് കിന്‍ഡര്‍ ഗാര്‍ട്ടനിലെ കുട്ടിയുടെ പോലും മനസ്സ് എത്ര മാതാപിതാക്കള്‍ക്കറിയാം? ഓരോ ക്ലാസ് കയറും തോറും അമ്മയ്ക്കും മകനുമിടയില്‍ ഒരു മറ വന്നു വീഴുന്നു – വീണുവീണ് അവസാനം ഹൈസ്‌കൂളൊക്കെ എത്തുമ്പോള്‍ അവന്‍ പിടികിട്ടാത്ത ഒരു പ്രഹേളികയായി മാറുന്നു.

വീണ്ടും കിംകി ഡൂക്കിന്റെ സ്പ്രിംഗ് സമ്മര്‍ ഓട്ടം വിന്റര്‍.. ഓര്‍ക്കുന്നു. ബുദ്ധഗുരുവിന്റെ ഒഴുകുന്ന കുടിലിലെ ചെറുബാല്യം. പ്രശാന്ത സുന്ദരമായ ഹരിതപ്രപഞ്ചം. എന്നിട്ടും അവന്റെ മനസ്സില്‍ മുളയ്ക്കുന്നു, ഹിംസയുടെ വിത്തുകള്‍. നിസഹായരായ ജീവജാലങ്ങളോട് ക്രൂരവിനോദം. പിന്നെ കൗമാരം വിടര്‍ന്നു പ്രണയപരാഗങ്ങള്‍ പാറിവീഴുമ്പോള്‍ അവനില്‍ കാപട്യം വിടരുന്നു. ഇടറിയ വഴികളിലൂടെ നടന്ന് ജീവിതത്തിന്റെ കയ്പുകുടിച്ച് അലയുന്ന മറ്റൊരു കാലം… അവബോധത്തിന്റെ തെളിച്ചം ഉണരുന്നത് പിന്നെയും ഏറെ കഴിഞ്ഞ്… വസന്തവും വേനലും ശിശിരവും ഹേമന്തവും കഴിഞ്ഞ് വീണ്ടും വസന്തം…

കുട്ടികള്‍ പ്രായമെത്താതെ വളരുന്ന ഈ കാലത്ത് വൃദ്ധര്‍ ചെറുതാകുന്നുണ്ടോ? ഇനി അങ്ങനെയും ചിന്ത വേണം. നേരത്തെ പ്രായമെത്തുകയും കുട്ടികള്‍ മുതിര്‍ന്നവരെ പോലെ ചിന്തിക്കുകയും ചെയ്യുന്ന കാലത്ത് എന്തു കൊണ്ട് പ്രായമായവര്‍ക്ക് ശിശുക്കളെ പോലെയാകുതിനെ കുറിച്ച് ചിന്തിച്ചു കൂട?

ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു!

ശിശുക്കളെ പോലെയാകാന്‍ പ്രായം ഒരു ഘടകമല്ല എന്നതു തന്നെ കാര്യം. മരുഭൂമിയില്‍ ഒരാള്‍ കൂകി വിളിക്കുതു പോലെ, ഈ വളഞ്ഞ വഴികളൊക്കെ വിട്ട’് നേരായ വഴി. കാലവും തീവ്രാനുഭവങ്ങളും ശുദ്ധീകരിച്ച സ്‌നേഹം. അഹന്തയുടെ വഴികളില്‍ വീണുവീണ് ഇനി നീയില്ലാതെ നടക്കവയ്യെന്ന തിരിച്ചറിവ്. കണ്ടതും കാണിച്ചു കൂട്ടിയതും ഈ അപാരമായ ആകാശലാവണ്യത്തിനു മുന്നില്‍ വെറും നിഴല്‍ക്കാഴ്ചകളെന്ന അവബോധം. കരുതിയതു പോലെ കടലല്ല, പുല്‍നാമ്പിലെ മഞ്ഞുതുള്ളിയാണ് ഞാന്‍. ഒരു തരി സൂര്യപ്രകാശം മാത്രം തൂവിത്തരിക എന്ന ഉള്ളറിഞ്ഞ പ്രാര്‍ത്ഥന… അതു മതി ഇനി ശിശുവാകാന്‍.

അതേ, കുട്ടികള്‍ അകാല വളര്‍ച്ചയെത്തുന്ന കാലത്ത് നാം മുതിര്‍ന്നവര്‍ ചെറുതാകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു…

 

അഭിലാഷ് ഫ്രേസര്‍

 

You must be logged in to post a comment Login