മണിയം കുന്നിലെ അല്‍ഫോന്‍സാമ്മ അഥവ നിസ്സാരകാര്യങ്ങളുടെ മധ്യസ്ഥമണിയം കുന്നിലെ അല്‍ഫോന്‍സാമ്മ അഥവ നിസ്സാരകാര്യങ്ങളുടെ മധ്യസ്ഥ

സിസ്റ്റര്‍ കൊളീററ് എന്ന കൊളോത്താമ്മയ്ക്ക് ഈ വിശേഷണം എങ്ങനെ അന്വര്‍ത്ഥമാകും? സംശയമുണ്ടോ..എങ്കില്‍ കൊളോത്താമ്മയുടെ ജീവിതം നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. കാരണം ആ ജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവര്‍ക്ക് ഇതിനെക്കാള്‍ നല്ലവിശേഷണം ആ ജീവിതത്തിന് കൊടുക്കാനുമില്ല.

സഹനത്തിന്റെയും വിശുദ്ധിയുടെയും ദൈവസ്‌നേഹത്തിന്റെയും പൊന്‍ചിറകുകള ല്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്ന പുണ്യപ്പക്ഷികളായിരുന്നു കൊളോത്താമ്മയും അല്‍ഫോന്‍സാമ്മയും.

കൊളോത്താമ്മ ആരായിരുന്നു, എന്തായിരുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് അസുലഭസൗരഭ്യം പുറപ്പെടുവിക്കുന്ന ഒരു സഹനപുഷ്പത്തിന്റെ മുമ്പിലേക്കാണ്. ഒരേ കാലഘട്ടത്തില്‍ ഒരേ ദേശത്തിന്റെ അതിരുകള്‍ക്കിപ്പുറം ജീവിച്ചിരുന്നവരായിരുന്നു അല്‍ഫോന്‍സാമ്മയും കൊളോത്താമ്മയും. ഒരേ സന്ന്യാസസഭയിലെ അംഗങ്ങളും..

അല്‍ഫോന്‍സാമ്മയുടെ ജനനം 1910 ഓഗസ്റ്റ് 19 ന്. കൊളോത്താമ്മ ജനിച്ചത് 1904 മാര്‍ച്ച് 13 ന്. പ്രായത്തിന്റെ ക ാര്യത്തില്‍ അങ്ങനെ കൊളോത്താമ്മ അല്‍ഫോന്‍സാമ്മയുടെ ചേച്ചിയായി. ഒരേ കാലഘട്ടത്തില്‍ ഒരേ തരംഗദൈര്‍ഘ്യത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ടാവും അന്നും ഇന്നും ഇതുപോലെ..ഒരു പക്ഷേ അവര്‍ പരസ്പരം അറിയുന്നുപോലുമുണ്ടാവില്ല.

അല്‍ഫോന്‍സാമ്മ ഭരണങ്ങാനത്തിന്റെ അതിരുകളില്‍ ജീവിച്ചപ്പോള്‍ കൊളോത്താമ്മ അത്രയധികം പ്രശസ്തമല്ലാത്ത പൂഞ്ഞാര്‍ പാതാമ്പുഴ മണിയംകുന്നില്‍ ജീവിച്ചു. ജീവിച്ചിരുന്നപ്പോള്‍ രണ്ടുപേരും പ്രകടമായ അത്യത്ഭുതങ്ങള്‍ നിറവേറ്റിയിട്ടില്ല. ജീവിതചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് അവര്‍ സുവിശേഷവുമായി കടന്നുചെന്നിട്ടുമില്ല. അവര്‍ തമ്മില്‍ പരസ്പരം കണ്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും ആധികാരികമായി രേഖകളില്ല. ഒരു പക്ഷേ കണ്ടിട്ടുണ്ടാവാം..ചിലപ്പോള്‍ ഇല്ലായിരിക്കാം..

പക്ഷേ ഒരേ തൂവല്‍പ്പക്ഷികളായിരുന്നു അവര്‍. അല്‍ഫോന്‍സാമ്മയും കൊളോത്താമ്മയും. ജീവിതം കൊണ്ടും ആത്മീയത കൊണ്ടും..

അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മയ്ക്ക് നന്നേ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടുവെങ്കില്‍ ഒമ്പതാം വയസില്‍ മറിയാമ്മ എന്ന കൊളോത്താമ്മയുടെയും അമ്മവിളക്ക് തിരി താഴ്ത്തി. അന്നക്കുട്ടിയെപോലെ തന്നെ ചെറുംപ്രായം മുതല്‌ക്കേ കന്യാസ്ത്രീയാകണമെന്ന ആഗ്രഹമല്ലാതെ മറ്റൊന്നും ജീവിതാഭിലാഷമായി കൂടെ കൊണ്ടുനടന്നിരുന്നില്ല, മറിയാമ്മയും. പക്ഷേ അന്നക്കുട്ടിയെ പോലെ ലാളിക്കപ്പെട്ടിട്ടില്ല മറിയാമ്മ.

ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഒമ്പതുവയസു മുതല്‍ക്കേ അവളുടെ ചുമലിലേക്ക് വന്നു. തന്മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചു. പഠിക്കാന്‍ കഴിയാത്തതോര്‍ത്തല്ല സാമാന്യവിദ്യാഭ്യാസം ഇല്ലെങ്കില്‍ മഠത്തില്‍ പ്രവേശനം കിട്ടില്ലല്ലോ എന്നോര്‍ത്തായിരുന്നു അവളുടെ സങ്കടം. കൂടപ്പിറപ്പുകള്‍ക്ക് അവള്‍ അമ്മയായിരുന്നു. ആയിയമ്മ എന്നായിരുന്നു അവള്‍ വിളിക്കപ്പെട്ടിരുന്നതും.

വിവാഹാലോചന പതിനാലാം വയസില്‍ തുടങ്ങി മറിയാമ്മയ്ക്ക്. നല്ലവനായ ഒരുവന്റെ കയ്യില്‍ മകളെ ഏല്പിച്ചുകൊടുക്കണമെന്നായിരുന്നു സമ്പന്നനായ പിതാവിന്റെ ആഗ്രഹം. എന്നാല്‍ വിനയാന്വിതയായി അവള്‍ അപ്പനോട് ഒന്നേ അപേക്ഷിച്ചുള്ളൂ.

അപ്പച്ചന്‍ എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കരുതേ..കന്യാസ്ത്രീയാകാനാണ് എനിക്കാഗ്രഹം. അതിന് വേണ്ടി ഏഴാം ക്ലാസ് പഠിച്ച പാസാകാന്‍ അപ്പച്ചന്‍ എന്നെ അുവദിക്കണം.

മകളുടെ ആ ആഗ്രഹത്തെ തള്ളിക്കളയാന്‍ പിതാവിന് സാധിച്ചില്ല. അങ്ങനെ ഏറെ നാളത്തെ അവധിക്ക് ശേഷം മറിയാമ്മ വീണ്ടും വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. ചേര്‍പ്പുങ്കല്‍ മലയാളം ഗേള്‍സ് സ്‌കൂളില്‍. നന്നേ ചെറിയ കുട്ടികള്‍ക്കൊപ്പമാണ് മറിയാമ്മ മറിയാമ്മ വിദ്യഅഭ്യസിച്ചത് . ഇരുപത്തിയൊന്നാമത്തെ വയസില്‍ അന്നത്തെ ഏഴാം ക്ലാസ് പാസായി പുറത്തുവന്ന മറിയാമ്മയെ തേടി സ്‌കൂള്‍ അധ്യാപികയുടെ ജോലിയെത്തി.

കര്‍മ്മലീത്താ മഠത്തില്‍ ചേരാന്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കവെയാണ് മണിയംകുന്ന് സെന്റ് ജോസഫ് മലയാളം സ്‌കൂളില്‍ അധ്യാപികയാകാനുള്ള ക്ഷണം ലഭിച്ചത്. ചേര്‍പ്പുങ്കലില്‍ നിന്ന് മണിയം കുന്ന് വരെ എല്ലാ ദിവസവും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം മണിയംകുന്ന് മഠത്തില്‍ മറിയാമ്മ ടീച്ചര്‍ താമസമാക്കി.

തെണ്ടികളുടെ മഠം എന്നായിരുന്നു അന്ന് ക്ലാരസഭക്കാര്‍ അറിയപ്പെട്ടിരുന്നത്, 1930 കളിലേതാണ് ഈ സംഭവം. താന്‍ അറിയാതെ തന്നെ തന്റെ ജീവിതത്തില്‍ ദൈവം ഇടപെടുകയാണെന്നും തീരുമാനം നടപ്പില്‍വരുത്തുകയാണെന്നും മറിയാമ്മയ്ക്ക് തോന്നി. ക്ലാരമഠത്തിലെ സിസ്‌റ്റേഴ്‌സ് അവളുടെ മനസ്സില്‍ വലിയൊരു സ്വാധീനമായി വളരുകയായിരുന്നു. എന്നാല്‍ ചേര്‍പ്പുങ്കലുള്ള കര്‍മ്മലീത്താമഠത്തില്‍ നിന്ന് നിരവധി ക്ഷണം അവള്‍ക്ക് ലഭിക്കുന്നുമുണ്ടായിരുന്നു. ഏത് സഭ തിരഞ്ഞെടുക്കണം എന്നറിയാതെ മറിയാമ്മ പ്രാര്‍ത്ഥനയില്‍ അഭയം തേടി.

നിന്റെ ഭാവി ഇവിടെതന്നെ എന്ന് അത്തരമൊരു ദിവസം ഒരു മൃദുസ്വരം മറിയാമ്മ കേട്ടതോടെ ക്ലാരമഠത്തിലേക്കുള്ള മറിയാമ്മയുടെ വഴി തുറക്കപ്പെട്ടു. 1933 സെപ്തംബര്‍ 11 ന് ആരംപുളിക്കല്‍ മറിയാമ്മ ക്ലാരമഠത്തില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിളുദ്ധ കൊളേറ്റിന്റെ പേരാണ് മറിയാമ്മ സ്വീകരിച്ചത്. സഹനപുത്രിയായിരുന്നു വിശുദ്ധ കൊളോറ്റും. കോളേറ്റ് കാലക്രമേണ കൊളേത്താ എന്നായിത്തീരുകയായിരുന്നു.

1938 ല്‍ ആയിരുന്നു നിത്യവ്രതം. കാലം കടന്നുപോയി. ഇതിനിടയില്‍ ശ്വാസംമുട്ടല്‍, വലിവ്, പനി, ചുമ തുടങ്ങിയവ നിരന്തരമായി സിസ്റ്റര്‍ കൊളേറ്റിനെ ആക്രമിച്ചുകൊണ്ടിരുന്നു. സാധാരണ അസുഖങ്ങളെ വകവയ്ക്കാത്ത പ്രകൃതമായിരുന്നു സിസ്റ്ററിനെങ്കിലും ക്ഷീണം അധികരിച്ചുവന്നതോടെ ചികിത്സയ്ക്ക് വിധേയയാകേണ്ടിവന്നു. ക്ഷയരോഗമാണെന്നായിരുന്നു ഡോക്ടറുടെ നിഗമനം.

അന്നത്തെകാലത്ത് ക്ഷയരോഗം ഭീകരരോഗമാണ്. ടിബി പകര്‍ച്ച വ്യാധി ആയതോണ്ട് കൊളേറ്റിനെ മാറ്റിത്താമസിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. മഠത്തിന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ വീടായിരുന്നു ഒടുവില്‍ കണ്ടെത്തിയത്. താന്‍ നിത്യവും പ്രാര്‍ത്ഥിച്ചിരുന്ന ചാപ്പലും ദിവ്യകാരുണ്യസാന്നിധ്യവും എല്ലാം ഉപേക്ഷിച്ച് ഏകാന്തതയിലേക്കുള്ള ആ മാറ്റം കൊളേറ്റിനെയും ഏറെ വേദനിപ്പിച്ചു. ഒന്നരകിലോമീറ്ററാണെങ്കിലും അനേകംകാതം ദൂരേയ്ക്ക് പോകുന്നതുപോലെയുള്ള അനുഭവം.

പകര്‍ച്ച വ്യാധി ആയതിനാല്‍ ആരും അടുത്തേക്ക് വരില്ല. മകളെ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞ് സ്‌നേഹധനനായ പിതാവ് മകളെ വീട്ടില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കാന്‍ മെത്രാന്റെ അനുവാദവും വാങ്ങി എത്തിയിരുന്നുവെങ്കിലും വീട്ടിലേ്ക്ക് പോകാന്‍ സിസ്റ്റര്‍ കൊളീറ്റ് തയ്യാറായിരുന്നില്ല.

ഞാന്‍ മഠത്തില്‍ ചേര്‍ന്നവള്‍.. ഞാന്‍ ഇവിടെ തന്നെ കിടന്ന് മരിച്ചുകൊള്ളാം. ഞാന്‍ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കണമെന്നുള്ളത് ദൈവേഷ്ടമാണ്. ഞാന്‍ വീട്ടില്‍ വന്നാലും രോഗം മാറുകയില്ല..

അതായിരുന്നു കൊളീറ്റിന്റെ വാക്കുകള്‍.

ദിവ്യകാരുണ്യത്തോടുള്ള അദമ്യമായ സ്‌നേഹമായിരുന്നു കൊളോത്താമ്മയ്ക്ക്..ഒര ു ദിവസം പോലും ദിവ്യകാരുണ്യം സ്വീകരിക്കാതിരിക്കുന്നത് അമ്മയ്ക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
മഹായുദ്ധത്തിന്റെ എല്ലാ ഭീകരതയിലൂടെയും കടന്നുപോയ കാലമായിരുന്നു അത്.

ദാരിദ്ര്യം മഠങ്ങളെയും കീഴടക്കിയിരുന്നു. രോഗിയായിരുന്ന സിസ്റ്ററിന് പ്രത്യേകമായ പരിരക്ഷ നല്കാന്‍ മഠാധികാരികള്‍ക്കും സാധിച്ചിരുന്നില്ല. മാത്രവുമല്ല രാത്രികാലങ്ങളില്‍ കൂട്ടിനായെത്തുന്ന കന്യാസ്ത്രീകള്‍ അകന്നുനിന്നതും സ്‌നേഹശൂന്യമായി പെരുമാറിയതും വേദനയായിരുന്നുവെങ്കിലും കൊളോത്തമ്മയ്ക്ക് പരാതികളുണ്ടായിരുന്നില്ല.

എത്ര തിക്തമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെങ്കിലും മുഖത്ത്  വെളിച്ചം മങ്ങിയിരുന്നുമില്ല.

ഇതൊന്നും ആരുടെയും കുറ്റമല്ല എന്നെ സംബന്ധിച്ചുള്ള ദൈവഹിതമാണ്..ഇതായിരുന്നു സഹനങ്ങളോടുള്ള പ്രതികരണ.

ഒരിക്കല്‍ രാത്രിയില്‍ ആ ഭവനത്തില്‍ ഒരു ദുഷ്ടന്‍ അതിക്രമിച്ചു കയറി സിസ്റ്ററിന്റെ മുറിയിലെത്തി.

കടക്കെടാ പുറത്ത് നിനക്കിവിടെ എന്താ കാര്യം. എന്റെ ഈശോ എന്റെ കൂടെയുണ്ടെന്നോര്‍ത്തോണം..

കൊളോത്തമ്മയുടെ അലര്‍ച്ച കേട്ടാണ് മറ്റ് സിസ്‌റ്റേഴ്‌സ് ഓടിവന്നത്. അപ്പോഴേയേ്ക്കും ആ ദുഷ്ടന്‍ ഓടിപ്പോയിക്കഴിഞ്ഞിരുന്നു.

ഇത്തരം ചില സാഹചര്യം കണക്കിലെടുത്ത് കൊളോത്തമ്മയെ അധികാരികള്‍ മഠത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി പിന്നീട് മാര്‍ ജയിംസ് കാളാശ്ശേരിയുടെ പ്രത്യേക താല്പര്യപ്രകാരം പാണംകുളത്ത് സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണിത് കൊളോത്തമ്മയുടെ താമസം അവിടേയ്ക്ക് മാറ്റി.

ഇവിടത്തെ ജീവിതം അമ്മയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു. ആത്മീയഭക്ഷണം മുറയ്ക്ക് കിട്ടും. ആത്മീയപിതാവിന്റെ നിര്‍ദ്ദേശങ്ങളുണ്ടാകും.

1952 മുതല്‍ 1984 വരെ അമ്മ പാണംകുളത്താണ് താമസിച്ചത്. അമ്മയുടെ രോഗം ക്ഷയരോഗമായിരുന്നില്ല എന്ന് അവസാനകാലമായപ്പോഴേയ്ക്കുമാണ് മനസ്സിലായത്. അപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.

42 വര്‍ഷക്കാലം കഠിനമായ രോഗദുരിതങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് അമ്മ കടന്നുപോയത്. നിസ്സാരകാര്യങ്ങളുടെ മധ്യസ്ഥ എന്നാണ് സിസ്റ്റര്‍ കൊളീറ്റ് സ്വയം വിശേഷിപ്പിച്ചിരുന്നത്. രോഗശമനമുള്ള ദിവസങ്ങളില്‍ മുററത്തെ പൂച്ചെടികള്‍ക്കിടയിലെ പുല്ലുപറിച്ചും മറ്റും നടക്കുന്ന ശീലമായിരുന്നു ആ അമ്മയ്ക്ക്. എപ്പോഴും കൈയില്‍ വിട്ടുപിരിയാത്ത ജപമാലയുമുണ്ടാവും. മിഷനും ശുദ്ധീകരണാത്മാക്കളുമായിരുന്നു കൊളോത്താമ്മയുടെ രണ്ട് പ്രിയ വിഷയങ്ങള്‍.

മഠംവകപറമ്പില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന സാധനങ്ങള്‍ പെറുക്കി സൂക്ഷിച്ചുവച്ച് അത് വിറ്റുകിട്ടുന്ന നിസ്സാരമായ തുക അധികാരികളുടെ അനുവാദത്തോടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുകൊടുക്കുന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കുന്ന ശീലവും അമ്മയ്ക്കുണ്ടായിരുന്നു.

മരിക്കുന്നതിന്റ തലേന്ന് കഠിനമായ ശാരീരികവേദന അമ്മയ്ക്കുണ്ടായി. ശ്വാസംമുട്ടലും കൂടുതലായി. എന്നിട്ടും മുറിയിലൂടെ വടിയൂന്നി അമ്മ നടക്കുന്നതുകണ്ടപ്പോള്‍ മറ്റ് സഹോദരിമാര്‍ ചോദിച്ചു.

തീരെ വയ്യാത്തപ്പോള്‍ എന്തിനാ ഇങ്ങനെ നടക്കുന്നതെന്ന്..

അപ്പോള്‍ അമ്മയുടെ മറുപടി ഇതായിരുന്നുവത്രെ.

ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി ഈ വേദന ഞാന്‍ സമര്‍പ്പിക്കുകയാണ്.

ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയാതിരിക്കുന്ന അവസരമായിരുന്നു ആ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ദിനങ്ങള്‍.

നിത്യരോഗിണിയായിരുന്നുവെങ്കിലും കൊളോത്താമ്മയുടെ മരണം വളരെ പെട്ടെന്നായിരുന്നു. 1984 ഡിസംബര്‍ 18 ന്. കൂദാശകള്‍ സ്വീകരിച്ച് വളരെ സന്തോഷത്തോടെയാണ് കൊളോത്തമ്മ കണ്ണടച്ചത്. പത്തൊന്‍പതിനായിരുന്നു ശവസംസ്‌കാരം.

മഠത്തിന്റെ വക കല്ലറ പള്ളിസെമിത്തേരിയില്‍ ഉണ്ടായിരുന്നുവെങ്കിലും വികാരി ഫാ. ജോസഫ് കാപ്പിലിപ്പറമ്പിലിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പള്ളിക്ക് വിലകൊടുത്ത് വാങ്ങിയ പുതിയ കല്ലറയിലാണ് കൊളോത്താമ്മയെ സംസ്‌കരിച്ചത്.

ജീവിച്ചിരുന്നപ്പോള്‍ കൊളോത്താമ്മയുടെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞവര്‍ വളരെ കുറവായിരുന്നു. പക്ഷേ മരണശേഷം അമ്മയോട് മാധ്യസ്ഥം യാചിച്ചവര്‍ക്കെല്ലാം അ നുഗ്രഹങ്ങളുടെ പെരുമഴയായിരുന്നു ലഭിച്ചത്.

വരും കാലങ്ങളില്‍ മണിയം കുന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രമാകും.. നിലവിളിയും പ്രാര്‍ത്ഥനകളും സങ്കടങ്ങളുമായി വരുന്നവര്‍ക്ക് മണിയംകുന്നിലെ കൊളോത്താമ്മയുടെ കബറിടം സ്വര്‍ഗ്ഗത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ വാങ്ങിത്തരുന്ന മാധ്യസ്ഥകേന്ദ്രമാകും.. തീര്‍ച്ച..സഹനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതല്ല യഥാര്‍ത്ഥ ക്രിസ്തീയ ആത്മീയതയെങ്കില്‍, എല്ലാ സഹനങ്ങള്‍ക്കും ദൈവതിരുമുമ്പില്‍ വിലയുണ്ടാവുമെങ്കില്‍ കൊളോത്താമ്മയെന്ന സഹനപുത്രിയുടെ ജീവിതവും നാളെ അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന കാലമുണ്ടാകുകതന്നെ ചെയ്യും.

You must be logged in to post a comment Login