മണ്ണിന്റെ മക്കളുടെ നിലവിളിയായി കമ്മട്ടിപ്പാടം

മണ്ണിന്റെ മക്കളുടെ നിലവിളിയായി കമ്മട്ടിപ്പാടം

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് കൗമാരം ചെലവിട്ടത്. ഒരു റെയില്‍പാത മുറിച്ചു പോയാല്‍ അതിനപ്പുറമെങ്ങോ ആയിരുന്നു, അന്ന് കമ്മട്ടിപ്പാടം. രാജീവ് രവിയുടെ കമ്മട്ടിപ്പാടം ഏതൊക്കെയോ ഓര്‍മകളെ ഉലയില്‍ ചെന്ന് ഊതിയുണര്‍ത്തി. ഹൈസ്‌കൂള്‍ കാലത്ത്,ചതുപ്പുനിലങ്ങള്‍ക്കിടയിലെ ഏകാന്തമായ പച്ചപ്പില്‍ കളിക്കു കൂടിയിരുന്നവരിലാരിലൊക്കെയോ ഉണ്ടായിരുന്നു, കമ്മട്ടിപ്പാടത്തിന്റെ ഗന്ധം. ഓര്‍മയിലുണ്ട് ഒരു മുരുകന്‍, ഒരു രാജന്‍. പിന്നെ മുരുകേശനും കിഷോറും.

അവരിലാരെങ്കിലും ചോര ചിന്തുന്നത് നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവരില്‍ ആരുടെയൊക്കെയോ ഭാഷയിലും ശരീരഭാഷയിലുമുണ്ടായിരുന്നു, കമ്മട്ടിപ്പാടത്തിന്റെ ചേറ്റുമണം. കളി കഴിഞ്ഞിരുന്ന് പച്ചമാങ്ങാ പൂളിത്തിന്നുമ്പോള്‍ മുരുകന്‍ പറഞ്ഞിരുന്ന കഥകളിലെവിടെയോ ഉണ്ടായിരുന്നു,വെട്ടിമുറിച്ചും വെട്ടിമരിച്ചും ഒടുങ്ങിയ വേരറ്റ കാറ്റുപോലുള്ള ജീവിതങ്ങളുടെ ഇരമ്പം.

കാലം ഇരുണ്ട കോളണികളെ ഓര്‍മകളാക്കി. എന്തിനോ വേണ്ടി പുകഞ്ഞൊടുങ്ങിയ അനാഥജന്മങ്ങളുടെ കഥ വീണ്ടും അഭ്രപാളിയില്‍ തിരിനീട്ടുമ്പോള്‍ അത് ആ ജന്മങ്ങളുടെ പട്ടടയുടെ മേല്‍ പണിത നഗരസൗധങ്ങളുടെ കഥ കൂടിയാകുന്നു. ഒരു മനുഷ്യജീവിക്കു കൊടുക്കേണ്ട പരിഗണന പോലും ഞാനവന് നല്‍കിയില്ല എന്ന് അനിത ഗംഗയെ കുറിച്ച് പറയുമ്പോളാണ് നമ്മുടെ ഉള്ള് പൊള്ളുന്നത്. ചതുരംഗം കളിച്ച് എല്ലാം ജയിക്കുന്ന തമ്പുരാക്കന്മാരെക്കാള്‍ നെറിയുണ്ടായിരുന്നു, ആര്‍ക്കോ വേണ്ടി പൊരുതി മരിച്ച ആ കറുത്ത പോരുകോഴികള്‍ക്ക്. എല്ലാ നഗരങ്ങളും ആരുടെയൊക്കെയോ ജീവിതങ്ങള്‍ ചവിട്ടിമെതിച്ചതിനു മേല്‍ പണിയപ്പെട്ടതാണ്. ആനുപാതികമല്ലാത്ത എല്ലാ സൗഭാഗ്യങ്ങളും ഏതെങ്കിലും വിധത്തില്‍ ആരില്‍ നിന്നോ തട്ടിപ്പറിച്ചതാണ്. ഇത് കേവലം ഒരു തെരുവിന്റെയോ കോളനിയുടെയോ കഥയല്ല, ഉലകത്തിലുടനീളം നടമാടുന്ന ചൂഷണങ്ങളുടെ കഥ കൂടിയാണ്. ശിഖണ്ഡികളെ മുന്‍നിര്‍ത്തി നിസഹായരായ സൂതപുത്രന്മാരെ കൊന്ന് കൊട്ടാരങ്ങള്‍ പണിയുന്ന കോര്‍പറേറ്റ് ശക്തികളുടെ കഥയാണ്. ആ നിലയ്ക്ക് കമ്മട്ടിപ്പാടത്തിന് സാര്‍വത്രിക മാനം കൈവരുന്നു.

“അക്കാണും മാമലയൊന്നും നമ്മുടെയല്ലെന്‍ പൊന്‍മകനേ…ഇക്കാണും കായല്‍കയവും കരയും എല്ലാരുടേം എന്‍മകനേ…” എന്ന ഗാനം ചിത്രത്തിന്റെ ആത്മാവാണ്. എല്ലാം വെട്ടിപ്പിടിച്ച് സ്വന്തമാക്കി വയ്ക്കാന്‍ വെമ്പുന്ന ആധുനിക മനുഷ്യന്റെ ആര്‍ത്തിയുടെ നേര്‍ക്ക് ഈ പ്രപഞ്ചവും മണ്ണും പ്രകൃതിവിഭവങ്ങളുമൊന്നും നമ്മുടെ സ്വന്തമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വിളിച്ചു പറയുന്ന മണ്ണിന്റെ മക്കളുടെ പാട്ടാണിത്. കാടിനെയും ഭൂപ്രകൃതിയെയും കൊള്ളയടിക്കാനെത്തിയ പാശ്ചാത്യശക്തികളോട് അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെ തലവനായ സിയാറ്റില്‍ മൂപ്പന്‍ പണ്ട് പറഞ്ഞ വാക്കുകള്‍ ഇവിടെ മുഴങ്ങുന്നു: ഈ ആകാശത്തെ വിലയ്‌ക്കെടുക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല…
“അക്കാണും മാമലയൊന്നും നമ്മുടെയല്ലെന്‍ പൊന്‍മകനേ…”

ഒറ്റ രാത്രി കൊണ്ട് കുടിയൊഴിപ്പിക്കപ്പെട്ട മൂലംപിള്ളിയിലെ നിവാസികളെ ഓര്‍മിപ്പിക്കുന്ന ചില രംഗങ്ങളുമുണ്ട്, കമ്മട്ടിപ്പാടത്തില്‍. വികസനം ഇതുവഴി കടന്നുപോകും. എന്നാല്‍ ഇന്നലെ വരെ സ്‌നേഹിച്ചും കലഹിച്ചും ഒരു കുടുംബമായി കഴിഞ്ഞു കൂടിയ ജീവിതങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഒരു ബുള്‍ഡോസറിന്റെ അഹങ്കാരത്തിന് കീഴെ ചവിട്ടി മെതിക്കപ്പെടുമ്പോള്‍ അത് കാലത്തോട് ചെയ്യുന്ന അനീതിയാണ്. വേരറ്റു പോയി അനാഥമാകുന്നു, ആരോരും തുണയില്ലാത്ത ജന്മങ്ങള്‍…

കമ്മട്ടിപ്പാടത്തിലെ പ്രധാനകഥാപാത്രങ്ങളായ ബാലനും കൃഷ്ണനും ഗംഗയുമെല്ലാം തന്ത്രജ്ഞരായ മേലാളന്മാരാല്‍ ഉപയോഗിക്കപ്പെടുകയാണ്. ഒരു കവിള്‍ ചാരായത്തിനു വേണ്ടി, ഒരു ബീഡിക്കുറ്റിക്കു വേണ്ടി വെട്ടിയും കൊന്നും ജീവിക്കുന്നവര്‍. അതിനപ്പുറത്തേക്ക് കാണാന്‍ അവര്‍ക്കാവുന്നില്ല. ഈ അറിവല്ലായ്മയെ ശരിക്കു ചൂഷണം ചെയ്യുന്നു, മേലാളന്മാര്‍. അവര്‍ക്കു വേണ്ടി സ്വന്തക്കാരെ പോലും കുടിയൊഴിപ്പിക്കുന്നുണ്ട്, കമ്മട്ടിപ്പാടത്തെ പിള്ളേര്‍. എന്നാല്‍ പിന്നീട് ചെയ്തു കൂട്ടിയ അപരാധങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കുമ്പോള്‍ ഉന്നതങ്ങളിലെത്തിയ മേലാളന്മാര്‍ അവരെ നൈസ് ആയിട്ട് ഒഴിവാക്കുകയാണ്. പണ്ട് തങ്ങള്‍ക്കു വേണ്ടി വെട്ടാനും കൊല്ലാനും നടന്ന് തങ്ങളുടെ വളര്‍ച്ചയില്‍ സഹായിച്ചവര്‍ ഇന്ന് കീടങ്ങളായി മാറിയിരിക്കുന്നു. തങ്ങളുടെ മഹാസൗധങ്ങളുടെ ആഢംബരസ്വച്ഛതയ്ക്ക് അവരുടെ പഴംപാട്ട് ശല്യമാണിന്ന്! കമ്മട്ടിപ്പാടത്തിന്റെ ചോരയില്‍ പണിതുയര്‍ത്തിയ മഹാനഗരത്തിന്റെ ആര്‍ഭാടത്തില്‍ നിന്ന് ഗംഗയും ബാലനുമെല്ലാം നൈസ് ആയിട്ട് ഒഴിവാക്കപ്പെടുകയാണ്.

എല്ലാം കവര്‍ന്നെടുക്കപ്പെട്ട ചൂഷിതവര്‍ഗത്തിന്റെ വിഷാദസാന്ദ്രമായ പ്രതിഷേധാഗ്നി പോലെയുള്ള അവസാനഫ്രയമുകളില്‍ കടമ്മനിട്ടയുടെ കുറത്തി എന്ന പ്രസിദ്ധമായ കവിതയിലെ വരികള്‍ കാതില്‍ മുഴങ്ങുന്നതായി നിങ്ങള്‍ക്കു തോന്നും: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

പതിഞ്ഞ താളമാണെങ്കിലും വികാരതീവ്രമാണ് കമ്മട്ടിപ്പാടത്തിന്റെ ഫ്രയിമുകള്‍. ചിലപ്പോള്‍ നിശബ്ദമായും മറ്റു ചിലപ്പോള്‍ ശബ്ദായമാനമായും അഗ്നിസ്ഫുലിംഗങ്ങള്‍ പാറുന്നുണ്ട്, ഉടനീളം. ദുല്‍ഖര്‍-വിനായകന്‍-മണികണ്ഠന്‍ ത്രയങ്ങള്‍ അഭിനയമികവിന്റെ അമ്ലതീക്ഷണത കൊണ്ട് വിഭ്രമിപ്പിക്കുന്നു. ദുല്‍ഖറിന്റെ കണ്ണിലെ തീയും കനലെരിയുന്ന സങ്കടവും വേട്ടയാടുന്നു. വിനായകന്‍ ഉയരുന്നത് വേറൊരു തലത്തിലേക്കാണ്. ബാലനെ അവതരിപ്പിച്ച മണികണ്ഠന്‍ പച്ചജീവിതമായി നിന്ന് കത്തിജ്വലിക്കുന്നു.

അത്ഭുതപ്പെടുത്തിയ മറ്റൊന്ന് കാസ്റ്റിംഗാണ്. മുതിര്‍ന്നവരുടെ ബാല്യങ്ങള്‍ അവതരിപ്പിക്കുന്നവരെ കണ്ടെത്തിയ കണ്ണുകള്‍ അപാരം. സംവിധാനവും തിരക്കഥയും നടനവും സാങ്കേതികത്തികവുമെല്ലാം ഒരുമിച്ച് ചിത്രത്തിന്റെ നട്ടെല്ലാകുമ്പോള്‍ ഒരേയൊരു ആശങ്ക മാത്രം. കമ്മട്ടിപ്പാടത്തിന്റെ രൗദ്രം ഭൂതകാലമാണ്. അത് ഭൂതകാലമായും ചരിത്രമായും തന്നെ നിലനില്ക്കട്ടെ. പ്രേമം പോലെ യുവാക്കളെ ആവേശത്തിലാഴ്ത്താനും സിരകളില്‍ അഗ്നിയും വന്യതയുടെ ആവേശവും പകര്‍ത്താന്‍ പോന്ന ലഹരി ജീവിതത്തിലേക്കു പകരാതെ പോകട്ടെ…

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login