മണ്ണിന്‍റെ സുവിശേഷം

മണ്ണിന്‍റെ സുവിശേഷം

ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. എന്നാല്‍ ഭൂമിയില്‍ നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്ന് ഭൂതലമെല്ലാം നനച്ചു. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളതായിത്തീര്‍ന്നു. അവിടുന്ന് കിഴക്ക് ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി. താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.( ഉല്പ 2: 58)

വിശുദ്ധ ഗ്രന്ഥത്തില്‍ ഏദെന്‍ തോട്ടത്തെക്കുറിച്ചുള്ള വിവരണത്തിലെയാണ് ഈ തിരുവചനഭാഗങ്ങള്‍. മഴയെങ്ങനെയുണ്ടായി, പുല്ലും പുല്‍ച്ചെടികളും എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ഭാഗം.

മനുഷ്യന് വേണ്ടിയാണ് ദൈവം എല്ലാം സൃഷ്ടിച്ചത്. എന്നാല്‍ ദൈവം തങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതെല്ലാം മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് ഇ്ന്ന് എവിടെയും കാണുന്നത്. മണ്ണില്‍ നിന്ന് രൂപം നല്കിയ, മണ്ണിലേക്ക് മടങ്ങേണ്ട മനുഷ്യന്‍ മണ്ണില്‍ നിന്നും അകന്നുജീവിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ രൂപമാണ് വീടുകളുടെയും സഭാസ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും മുറ്റം കോണ്‍ക്രീറ്റിടുന്നതും ടാര്‍ ചെയ്യുന്നതും ടൈലുകള്‍ പാകുന്നതും.

മഴയുടെ കുറവിന് വരെ കാരണമായേക്കാവുന്ന ഒരു കാരണത്തിലേക്കാണ് ഈ ടൈല്‍ ഭ്രമം വിരല്‍ചൂണ്ടുന്നത്.കേരളം കടുത്ത വരള്‍ച്ചയെയാണ് നേരിടാന്‍ പോകുന്നത് എന്നതാണ് പുതിയ വാര്‍ത്തകള്‍.

ഇത്തരമൊരു സാഹചര്യത്തിലാണ് കെസിബിസി കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ശ്രദ്ധേയമാകുന്നത്. ദേവാലയങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിലും ടൈല്‍ പാകുന്നതിലും ആത്മശോധന നടത്തണമെന്നാണ് സര്‍ക്കുലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ഈ ഓര്‍മ്മപ്പെടുത്തല്‍ നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്. പരിഷ്‌ക്കാരം വന്ന വന്ന് നമ്മെ നശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ അധികാരവൃന്ദങ്ങളില്‍ നി്ന്നുളള ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകളും തിരുത്തലുകളും നമുക്കാവശ്യമാണ്. കുറഞ്ഞ പക്ഷം ക്രൈസ്തവര്‍ക്കിടയിലെങ്കിലും ഒരു മാറ്റത്തിന് ഇ്ത് കാരണമാകും.

മണ്ണിനോടും മഴയോടും അകറ്റിനിര്‍ത്തിയാണ് നാം മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത്. പ്രകൃതിവിരുദ്ധ മനോഭാവമാണ് നാം അവരില്‍ ചെറുപ്പത്തിലേ സൃഷ്ടിച്ചെടുക്കുന്നതും. മണ്ണും മഴയുമെല്ലാം അതുകൊണ്ടാണ് അവര്‍ക്ക് നിഷിദ്ധമായി തോന്നുന്നത്.

വീട്ടുമുറ്റങ്ങളില്‍ പോലും ടൈലുകള്‍ പാകിയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മണ്ണിനെ എളുപ്പത്തില്‍ അനുഭവിക്കാന്‍ കഴിയുന്ന സാധ്യതകൂടി നശിപ്പിക്കുകയല്ലേ നാം ചെയ്യുന്നത്?നമ്മുടെ കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിക്കട്ടെ..അവരുടെ കാലുകളില്‍ ചെളി പുരളട്ടെ.. അവര്‍ മഞ്ഞും മഴയും അനുഭവിക്കട്ടെ. രാവിലെയും വൈകിട്ടും വീട്ടുപടിക്കല്‍ നിന്ന് സ്‌കൂള്‍ ബസിലേക്കുള്ള യാത്രകള്‍ക്കും മടക്കയാത്രകള്‍ക്കും ഇടയില്‍ അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാതെ പോകുന്നത് മണ്ണിന്റെ ഈ സ്പര്‍ശമാണ്. അതുമായി പരിചയത്തിലാകാത്തതുകൊണ്ടാണ് അപ്രതീക്ഷിതമായ അത്തരം ചില സ്പര്‍ശങ്ങള്‍ക്കിടയില്‍ അവര്‍ രോഗാതുരരാകുന്നത്.

നമ്മുടെയൊക്കെ സ്‌കൂള്‍ യാത്രകള്‍ ഓര്‍മ്മയില്ലേ.. മഴ നനഞ്ഞും ചെളി ചവിട്ടിയും.. നമ്മുടെ പഴയ വീട്ടുമുറ്റങ്ങള്‍ ഓര്‍മ്മയില്ലേ. ചെത്തിയും ചെമ്പരന്തിയും മുല്ലയും ഗന്ധരാജനും ഉണ്ടായിരുന്ന വീട്ടുമുറ്റങ്ങള്‍.. ഇന്നോ..ഇന്ന് അവയൊക്കെ എവിടെപോയി?

പ്രകൃതിയോട് നാം തിരിഞ്ഞുനടക്കുമ്പോള്‍ പ്രകൃതിയും നമ്മോട് അടുക്കാതെ പോകും. പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതകള്‍ക്കും നന്ദികേടിനുമുള്ള പ്രകൃതിയുടെ തിരിച്ചടികളാണ് മഴയുടെ കുറവും ഇദൃശ്യമായ മറ്റ് പ്രശ്‌നങ്ങളും.

എത്ര നിസ്സാരമായാണ് നാം പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയെ ഇത്തരത്തില്‍ മലിനപ്പെടുത്തുന്ന നമ്മളെ പോലെ മറ്റൊരു ജനതതിയും ലോകത്തിലുണ്ടെന്ന് തോന്നുന്നില്ല. ജലസ്രോതസുകളിലേക്ക് മാലിന്യങ്ങള്‍ തള്ളിയതു മൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തിരുവനന്തപുരത്തെക്കുറിച്ച് വാര്‍ത്ത വായിച്ചത് ഓര്‍മ്മിക്കുന്നു.

കാലവര്‍ഷം ഇത്തവണ ശക്തമായിരുന്നില്ല. തുലാവര്‍ഷം ഇതുവരെയും വന്നെത്തിയിട്ടുമില്ല. ഇങ്ങനെ പോയാല്‍ സസ്യശ്യാമളമെന്നും ഹരിതഭംഗിയുള്ളതെന്നും കവികളും ടൂറിസ്റ്റുകളും വാഴ്ത്തിയ നമ്മുടെ കേരളത്തിന് അതിന്റെ പച്ചപ്പ് നഷ്ടമാകും.

ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള നിറമാണ് പച്ച. അതില്‍ ജീവനുണ്ട്, സ്വപ്‌നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട്. അത് നാം നഷ്ടപ്പെടുത്തിക്കൂട. പച്ചപ്പ് നഷ്ടപ്പെടുമ്പോള്‍ നാം ജീവിതത്തിന് വെളിയിലേക്കാണ് പോകുന്നത്. അത് സ്വന്തമാക്കുമ്പോഴാകട്ടെ നാം ജീവിതത്തിലാണ് താനും.

തികഞ്ഞ പാരിസ്ഥിതിക ദര്‍ശനം വ്യക്തമാക്കുന്ന ഒരു കൃതികൂടിയാണ് ബൈബിള്‍ എന്നതും മറക്കരുത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പടെയുള്ള മാര്‍പാപ്പമാര്‍ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ പലതവണ ഓര്‍മ്മപ്പെടുത്തിയിട്ടുള്ളതുമാണ്. ക്രൈസ്തവര്‍ പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരായിരിക്കണം.

മരം വെട്ടാന്‍ മരത്തോട് അനുവാദം ചോദിച്ചിരുന്ന ഒരു സംസ്‌കാരം ഭാരതീയ പാരമ്പര്യത്തിലുമുണ്ട്. വെട്ടിയ മരത്തിന് പകരം ഒരു മരം വരും തലമുറയ്ക്കു വേണ്ടി വച്ചുപിടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. മരങ്ങളില്ലെങ്കില്‍ മഴയുമുണ്ടാവില്ല. ആകാശം മുട്ടുന്ന ഫല്‍റ്റുകളല്ല നിലം തൊടുന്ന പാദങ്ങളാണ് നമുക്കിന്നാവശ്യം.

മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാം ഇനിയും വൈകരുത്..മടിക്കരുത്.. കൊടുംവരള്‍ച്ചയിലായിരുന്ന വിദര്‍ഭരാജ്യത്തെ രക്ഷിക്കാന്‍ പാപമാലിന്യമേശാത്ത ഒരു മുനികുമാരനെ കൊണ്ടുവരുന്ന കഥ കേട്ടിട്ടുണ്ട്. അതുപോലെ നമുക്കും വേണ്ടി വരുമോ ഒരു ഋഷിശംൃഗന്‍? അങ്ങനെയൊരു ഋഷിശൃംഗന്‍ നമുക്കുണ്ടോ?

ഭൗമികമായ മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ആത്മാവിലും ഒരു മഴ പെയ്യാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ആത്മീയമായി നാം ഒരുപാട് വരള്‍ച്ച അനുഭവിക്കുന്നുണ്ട്. ആത്മാവില്‍ ഒരു മഴ പെയ്യുമ്പോള്‍ കെട്ടിക്കിടക്കുന്ന ഒരുപാട് മാലിന്യങ്ങള്‍ ഒലിച്ചുപോകും. അതിനാല്‍ അത്തരത്തിലുള്ള ഒരു മഴയ്ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.

ആശംസകളോടെ

ശാന്തിമോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍

You must be logged in to post a comment Login