മണ്ണിന്‍ മകള്‍

മണ്ണിന്‍ മകള്‍

Dorthy-Stangമഴയെ സ്‌നേഹിച്ചവള്‍.. മഴക്കാടുകളെ സ്‌നേഹിച്ചവള്‍.. കാടിനെ കാത്തുരക്ഷിക്കാന്‍ ശ്രമിച്ചവള്‍.. വനവിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പട പൊരുതിയവള്‍. ദരിദ്രകര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവള്‍.. പാവങ്ങളെ സംരക്ഷിക്കുന്നതും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതും കുറ്റമായി കണ്ട രക്തദാഹികളായ ശത്രുക്കള്‍ ഒടുവില്‍ അവളുടെ ജീവനെടുത്തു. സിസ്റ്റര്‍ ഡൊരോത്തി മാ സ്റ്റാങ്ങിന്റെ ജീവിതത്തെ നമുക്ക് ഇങ്ങനെ ചുരുക്കിയെഴുതാം.

സിസ്റ്റേഴ്‌സ് ഓഫ് നോട്ട്ര ഡാം ദ നാമൂര്‍ സഭാംഗമായ സിസ്റ്റര്‍ ഡൊരോത്തി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ് എന്നും നിലകൊണ്ടത്. വനങ്ങളുടെ മരണം ജീവിതത്തിന്റെ അന്ത്യമാണ് എന്നതായിരുന്നു സിസ്റ്ററുടെ മുദ്രാവാക്യം. ഇതാവട്ടെ തന്റെ ടീഷര്‍ട്ടില്‍ രേഖപ്പെടുത്തിയായിരുന്നു നടന്നിരുന്നതും. വനവിഭവങ്ങള്‍ അന്യായമായി വന്‍കിടക്കാര്‍ ചൂഷണം ചെയ്യുന്നതും കര്‍ഷകര്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നതും സിസ്റ്റര്‍ കണ്ടു. മണ്ണിന്റെ അവകാശികളും പ്രകൃതിയുടെ സംരക്ഷകരുമായി കര്‍ഷകര്‍ ജീവിക്കണമെന്നതായിരുന്നു ഡൊരേത്തിയുടെ ആദര്‍ശം. അതിനായി പ്രബോധനങ്ങളും പ്രക്ഷോഭങ്ങളും നടത്തി. അതോടെ അധികാരികളുടെ ഉറക്കം നഷ്ടമായിത്തുടങ്ങി. ഡൊരേത്തി ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്ക് അപകടമാണെന്ന് അവര്‍ മനസ്സിലാക്കി.

2005 ഫെബ്രുവരി 12 അതിരാവിലെ എണീറ്റ് ആമസോണിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സിസ്റ്റര്‍ ഡൊരേത്തി. മരണം വഴിയരികില്‍ അവരെ കാത്തുനിന്നിരുന്നു, കാര്‍ലോസിന്റെയും സാലസിന്റെയും രൂപത്തില്‍.. അവരുടെ കൈകളിലെ തോക്കിന്റെ രൂപത്തില്‍… വഴിയില്‍ അവര്‍ സിസ്റ്ററെ തടഞ്ഞുനിര്‍ത്തി. അവര്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം.. സിസ്റ്ററുടെ കൈയില്‍ എന്തെങ്കിലും ആയുധമുണ്ടോ? ഉണ്ട് എന്നായിരുന്നു മറുപടി. കൈയിലിരുന്ന വിശുദ്ധ ഗ്രന്ഥമായിരുന്നു ആ ആയുധമെന്ന് മാത്രം. തുടര്‍ന്ന് അവരെ സുവിശേഷഭാഗ്യങ്ങളിലെ ഒരു ഭാഗം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍…” സിസ്റ്റര്‍ മുന്നോട്ടു നടന്നുപോകവെ അടുത്ത നിമിഷം സിസ്റ്ററുടെ ഉദരത്തിലൂടെ ഒരു വെടിയുണ്ട കടന്നുപോയി.. പിന്നെ പിന്‍ഭാഗത്തുകൂടി..തലയിലൂടെ..
1999 മുതല്‍ നേരിട്ടുകൊണ്ടിരുന്ന വധഭീഷണികളുടെയും താക്കീതുകളുടെയും അന്ത്യമായിരുന്നു അത്.
ഇന്ന് വിശുദ്ധരുടെ നാമകരണനടപടികളുടെ സംഘത്തിന്റെ മുമ്പിലാണ് സിസ്റ്റര്‍ ഡൊരോത്തിയുടെ ജീവചരിത്രം പഠനത്തിനായി ഉളളത്. രക്തസാക്ഷിത്വമായിട്ടാണ് സിസ്റ്ററിന്റെ മരണത്തെ വിലയിരുത്തുന്നതും. 1931 ജൂലൈ ഏഴിന് അമേരിക്കയിലായിരുന്നു സിസ്റ്ററുടെ ജനനം. ബ്രസീലിലായിരുന്നു കര്‍മ്മകാണ്ഡം.

You must be logged in to post a comment Login