മതം കാപട്യം നിറഞ്ഞതാകരുത്: ഫ്രാന്‍സിസ് പാപ്പ

മതം കാപട്യം നിറഞ്ഞതാകരുത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: നന്മക്കു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം ക്രിസ്ത്യാനികളെന്നും കേവലം കാപട്യം നിറഞ്ഞ വാക്കുകളിലല്ല, മറിച്ച് പ്രവൃത്തികളിലൂടെയാണ് നാം ക്രിസ്ത്യാനികളാകേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു സത്യമാണ്, എന്നാല്‍ അവിടുത്തെ അനുയായികളായ ക്രിസ്ത്യാനികള്‍ പലരും കാപട്യം നിറഞ്ഞവരുമാണ്. ഇവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. മതപരമായ ഉത്തരവാദിത്വങ്ങള്‍ ഇവര്‍ മറക്കുന്നു. പലപ്പോഴും തങ്ങളുടെ അയല്‍ക്കാരനെപ്പോലും ഗൗനിക്കാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചു പറയുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ട് വാക്കല്ല, പ്രവൃത്തിയാണ് പ്രധാനമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളാണ് നാമെങ്കില്‍ പറയുന്നത് പ്രവൃത്തിക്കുക തന്നെ ചെയ്യും.

നമ്മള്‍ കത്തോലിക്കരാണെന്നു പറയുന്നു. എന്നിട്ട് നാം പ്രവൃത്തിക്കുന്നതെന്താണ്..? കത്തോലിക്കരാണെന്നു പറയുന്ന മാതാപിതാക്കള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളുടെ കൂടെ അല്‍പസമയം ചെലവഴിക്കാന്‍ പോലും അവര്‍ക്കു സമയമില്ല. അവരെ ഒന്നു കേള്‍ക്കാന്‍ പോലും സമയമില്ല. മാതാപിതാക്കളെ നോക്കാന്‍ മക്കള്‍ക്കും സമയമില്ല. അവര്‍ ഏതെങ്കിലും വൃദ്ധസദനത്തിലായിരിക്കും. അവരെ ഒന്നു സന്ദര്‍ശിക്കാന്‍ പോലും സമയമില്ലാത്ത വിധം തിരക്കിലായിരിക്കും മക്കള്‍.

ക്രിസ്ത്യാനിയാണെന്നു നടിച്ചാല്‍ മാത്രം പോരാ, സ്വജീവിതത്തിലൂടെ അത് തെളിയിക്കുകയും വേണം. അന്ത്യവിധിദിനത്തില്‍ വിശന്നവനും ദാഹിച്ചവനും തടവറക്കുള്ളിലായിരുന്നവനും വേണ്ടിയെല്ലാം നിങ്ങള്‍ എന്തു ചെയ്തു എന്ന് ക്രിസ്തു ചോദിക്കും. ആ സമയത്ത് ഉത്തരം നല്‍കേണ്ടത് നാം തന്നെയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login