മതസൗഹാര്‍ദ്ദതയും ഫ്രാന്‍സിസ് മാര്‍പാപ്പയും

മതസൗഹാര്‍ദ്ദതയും ഫ്രാന്‍സിസ് മാര്‍പാപ്പയും

ആമുഖം

മതസൗഹാര്‍ദ്ദതയ്ക്ക് ലോകത്തെവിടെയും വെല്ലുവിളികള്‍ ഉയരുന്നു. മതങ്ങളുടെ പേരില്‍ അരങ്ങേറുന്ന മൗലികവാദവും തീവ്രവാദവും ഭീകരവാദവുംകൊണ്ട് രാജ്യങ്ങളുടെ സുരക്ഷയും ലോകസമാധാനവും ഇന്ന് അപകടത്തിലാണ്. പേടിപ്പെടുത്തുന്ന ഈ പ്രശ്‌നത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എങ്ങിനെ സമീപിക്കുന്നു? അദ്ദേഹത്തിന്റെ സൗഹൃദപൂര്‍ണ്ണമായ മതാന്തര ഇടപെടലുകളും, പ്രശ്‌നത്തിന്റെ വിലയിരുത്തലും പരിഹാരനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസക്തമായ പ്രബോധനരേഖകളും പരിശോധിക്കാം.

1. സൗഹാര്‍ദ്ദത്തിന്റെ സംഭാഷണം: ജാതിമത പരിഗണനകള്‍ക്കതീതമായി എല്ലാവരോടുമുള്ള ഒരു സ്‌നേഹവായ്പ് പാപ്പായുടെ വ്യക്തിത്വത്തില്‍ ശക്തമാണ്. എല്ലാ മനുഷ്യരും നല്ലവരും സ്‌നേഹിക്കപ്പെടേണ്ടവരുമാണ് എന്ന ബോധ്യം അദ്ദേഹത്തിന്റെ ജീവിതത്തെ ഭരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉള്‍ക്കാഴ്ചകള്‍ പാപ്പായെ പ്രത്യേകമാംവിധം നയിക്കുന്നുണ്ട്. മാനവ ഐക്യമാണ് മതാന്തര സംഭാഷണത്തിന് നമ്മെ പ്രേരിപ്പിക്കുന്ന പ്രഥമഘടകമെന്നാണ് കൗണ്‍സിലിന്റെ കണ്ടെത്തല്‍ (N.A. 1,5).

സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഇടപെടലുകള്‍ നിറഞ്ഞതാണ് ഫ്രാന്‍സീസ് പാപ്പായുടെ മതാന്തരബന്ധങ്ങള്‍. ഫാ. മിഗുവേല്‍ അയൂസോ (Pope Francis and Interreligious Dialogue in The World Mission Special, 2015) പാപ്പയുടെ മതാന്തരബന്ധങ്ങളെ ”സൗഹൃദാധിഷ്ഠിത സംഭാഷണം” (Friendship based Dialogue) എന്ന് വിശേഷിപ്പിക്കുന്നു. അര്‍ജന്റീനയില്‍വച്ച് ഉണ്ടായിരുന്ന മതാന്തരബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ അവിടുത്തെ മുസ്ലീം സമൂഹത്തിന്റെ സെക്രട്ടറി ഡോ. സൂമര്‍ നൗഫൂറി ഫ്രാന്‍സിസ് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു: ”ഇസ്ലാം സമൂഹത്തിന് ഇത് വലിയ സന്തോഷവാര്‍ത്തയാണ്. മതങ്ങള്‍ തമ്മിലുള്ള സൗഹൃദസംഭാഷണത്തിന് ഇത് ആക്കം കൂട്ടും.”

പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടശേഷം വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള 180 രാജ്യങ്ങളിലെ അംബാസഡര്‍മാരെ അഭിസംബോധന ചെയ്തപ്പോള്‍ പാപ്പാ പറഞ്ഞു: ‘മതാന്തര സംഭാഷണം, പ്രത്യേകിച്ച് മുസ്ലീം മതവുമായുള്ള സംവാദങ്ങള്‍ കൂടുതലായി ഉണ്ടാകണം. ഈ ആഹ്വാനം സമയോചിതവും വിലപ്പെട്ടതുമാണെന്ന് മുസ്ലീം ലോകം വിലയിരുത്തി. സൗദിയിലെ ”സൗദി ഗസറ്റ്” പത്രത്തിന്റെ മുഖപ്രസംഗം ഇങ്ങിനെയായിരുന്നു: ”പാശ്ചാത്യലോകത്ത് പലയിടത്തും അപകടകരമായി ‘ഇസ്ലാം ഭയം’ (Islamophobia) വളരുന്ന സമയത്ത് മുസ്ലീങ്ങളുമായി വര്‍ദ്ധിച്ച സംഭാഷണത്തിനുള്ള പാപ്പായുടെ ആഹ്വാനം ശുദ്ധവായുവിന്റെ ഇളംതെന്നല്‍പോലെയാണ് കടന്നുവരുന്നത്.”

2. കര്‍മ്മബദ്ധമായ മതസൗഹാര്‍ദ്ദം: റോമിന്റെ മെത്രാനായശേഷം പാപ്പാ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് തന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് റോമിലെ സിനഗോഗിന്റെ പ്രധാന റബ്ബിയ്ക്ക് കത്തയച്ച് ക്ഷണിച്ചതായിരുന്നു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടാഴ്ചയ്ക്കകം നടന്ന പെസഹാവ്യാഴ കാല്‍കഴുകല്‍ കര്‍മ്മത്തില്‍ 12 പേരില്‍ പെടുത്തി പാപ്പാ ഒരു മുസ്ലീം പെണ്‍കുട്ടിയുടെയും കാല്‍കഴുകുകയുണ്ടായി. 2014 ല്‍ വിശുദ്ധനാട് സന്ദര്‍ശിച്ചപ്പോള്‍ ബ്യൂണസ് അയേഴ്‌സിലെ സുഹൃത്തുക്കളായ റബ്ബി സ്‌കോര്‍ക്കയേയും ഇമാം ഷെയ്ക്ക് ഓമര്‍ അബ്ബൗദിനെയും കൂടെകൂട്ടിയിരുന്നു. മൂവരും ചേര്‍ന്ന് ജറുസലേമിലെ വിലാപമതിലിനരികെ (Wailing Wall) പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് ജറൂസലേമിലെ മുഖ്യ മുസ്ലീം പുരോഹിതനെ സന്ദര്‍ശിച്ചു.

2015 ജനുവരിയിലെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ ഔദ്യോഗിക പരിപാടിയില്‍ ഇല്ലാതിരുന്നിട്ടും സുപ്രസിദ്ധ ബുദ്ധമത ആരാധനാലയമായ ”മഹാബോധിവിഹാരായ” സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ സന്യാസിമാര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനം പാപ്പാ ആദരവോടെനിന്ന് ശ്രവിച്ചുകൊണ്ടിരുന്നു. ബുദ്ധമതക്കാരുമായുള്ള സംഭാഷണത്തിന്റെ സുവര്‍ണ്ണാവസരമായി അതു മാറി.

2016 ഏപ്രില്‍ 16ന് ഗ്രീസ് സന്ദര്‍ശിച്ച പാപ്പാ മടങ്ങിയത് വെറുംകൈയോടെ ആയിരുന്നില്ല. താന്‍ യാത്രചെയ്തിരുന്ന വിമാനത്തില്‍ 12 പ്രവാസികളെ കൂടെക്കൂട്ടി. മാതൃരാജ്യമായ സിറിയായില്‍ നിന്ന് വംശഹത്യ പേടിച്ച് ഒളിച്ചോടിയ അഭയാര്‍ത്ഥികളായ മൂന്ന് മുസ്ലീം കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു അവര്‍. അവര്‍ക്ക് വത്തിക്കാനില്‍ താമസസൗകര്യമുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്കി. ഇത് പ്രവാസികള്‍ക്കുവേണ്ടി നിരന്തരം സംസാരിക്കുക മാത്രമല്ല സാധ്യമായത് പ്രവര്‍ത്തിക്കുകകൂടി ചെയ്യുമെന്നുള്ള പ്രഘോഷണമായിരുന്നു. അതോടൊപ്പം മതാന്തരബന്ധത്തിന്റെ ഉദാത്ത പ്രകാശനവും കൂടിയായി.

3. രാജ്യസുരക്ഷയ്ക്കും ലോകസമാധാനത്തിനും: സമീപകാലത്തെ സാഹചര്യങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ മതാന്തര സംഭാഷത്തെ കാണുന്നത്: ”ലോകസമാധാനത്തിനുള്ള അത്യാവശ്യ വ്യവസ്ഥയാണ് മതാന്തര സംഭാഷണം. അതുകൊണ്ട് ക്രിസ്ത്യാനികളെ സംബന്ധിച്ചും മറ്റ് മതസമൂഹങ്ങളെ സംബന്ധിച്ചും അതൊരു കടമയാണ്” (സുവിശേഷത്തിന്റെ സന്തോഷം No.250).

മതങ്ങളുടെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ ലോകത്തിന്റെ ഉറക്കം കെടുത്തുന്ന മുഖ്യപ്രശ്‌നം. പോളണ്ടിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: ”ലോകം യുദ്ധത്തിലാണെന്നതിന് തെളിവാണ് അടുത്തകാലത്ത് നടന്ന ഭീകരപ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സില്‍ വയോവൃദ്ധനായ വൈദികനെ കഴുത്തറുത്ത് കൊന്ന സംഭവം.” ഫ്രാന്‍സിലെ ഈ കൊലപാതകത്തെ തുടര്‍ന്ന് പ്രസിഡണ്ട് ഫ്രാന്‍സ്വാ ഒളാങ് വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത വന്നിരുന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

പരിസ്ഥിതിയെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തില്‍ പാപ്പാ പ്രസ്താവിക്കുന്നു: ”ഈ ഗ്രഹത്തില്‍ അധിവസിക്കുന്ന ഭൂരിഭാഗം പേരും മതവിശ്വാസികളാണെന്ന വസ്തുത പ്രകൃതിയെ സംരക്ഷിക്കുന്നതിനും ദരിദ്രരെ പ്രതിരോധിക്കുന്നതിനും ആദരവിന്റെയും സാഹോദര്യത്തിന്റെയുമായ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി മതങ്ങള്‍ തമ്മില്‍ സംഭാഷണം നടത്തുന്നതിന് പ്രേരകമാകണം” (അങ്ങേയ്ക്ക് സ്തുതി, 2015, No 201).

പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനം എന്നത് മതാന്തര സംഭാഷണത്തിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാണ്. ഊഷ്മളമായ മതാന്തരബന്ധം നിരന്തരമായി നിലനില്ക്കണം; പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം തട്ടിക്കൂട്ടേണ്ട പരിപാടിയല്ല മതാന്തരസംഭാഷണം.

4. ഇരുഭാഗത്തും മൗലികവാദം: ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വീക്ഷണത്തില്‍ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന് ഏറ്റവും വലിയ തടസ്സവും പ്രയാസവും ”ഇരുഭാഗത്തുമുള്ള മൗലികവാദങ്ങളാണ്” (Forms of fundamentalism in both sides, സു.സ.250). ക്രിസ്തുമതത്തെ ഒരുഭാഗത്തും മറ്റു മതങ്ങളെ മറുഭാഗത്തും കണ്ടുകൊണ്ടാണ് ”ഇരുഭാഗത്തും” എന്ന പ്രയോഗം.

ഇതരമതങ്ങളില്‍ മാത്രമല്ല ക്രിസ്തുമതത്തിലും മൗലികവാദമുണ്ടെന്നുള്ള കുറ്റസമ്മതം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു പലതിനേക്കാള്‍ മൗലികവാദത്തിന് മതസൗഹാര്‍ദ്ദത്തെ നശിപ്പിക്കാനാകുമെന്നതും പരിഗണിക്കേണ്ടതായ നിരീക്ഷണമാണ്. മൗലികവാദം പലപ്പോഴും തീവ്രവാദത്തില്‍ പ്രകടിപ്പിക്കപ്പെടുന്നു; ചിലരില്‍ അത് ഇതരമതവിദ്വേഷവും ഭീകരവാദവുമായി മാറുന്നു.

മനുഷ്യരുടെ ആത്മീയത വളര്‍ത്താനുള്ള മതങ്ങള്‍ വിശ്വാസ സംഹിത, നിയമങ്ങള്‍, ആരാധന, സമൂഹാത്മകത (creed, code, cult and communion) എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്നു. വാചികമോ ലിഖിതമോ ആയ പാരമ്പര്യങ്ങളും വേദഗ്രന്ഥങ്ങളും ക്രമേണ ഉണ്ടാകും. ഇവയൊക്കെ നിയതരൂപം പ്രാപിക്കുമ്പോള്‍ പിന്‍തലമുറക്കാര്‍ എങ്ങിനെ സ്വീകരിക്കണം?

അക്ഷരാര്‍ത്ഥത്തിലോ ഉചിതമായ വ്യാഖ്യാനഫലമായുണ്ടാകുന്ന വ്യംഗ്യാര്‍ത്ഥത്തിലോ? എല്ലാം അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയും അങ്ങിനെ സ്വീകരിക്കുന്നത് മതവിശ്വാസത്തിന് അനുപേക്ഷണീയമാണെന്ന് കരുതുകയും ചെയ്യുമ്പോള്‍ മൗലികവാദമാകും. ഇത് ഏറിയും കുറഞ്ഞും എല്ലാ മതങ്ങളിലും കാണാം. മൗലികവാദപരമെന്ന് തോന്നാവുന്ന ചില കാര്യങ്ങള്‍ സ്വന്തം മതത്തിനകത്തുമാത്രം പ്രയോഗിക്കുമ്പോള്‍ അപാകത കുറവാണ്. എന്നാല്‍ ഒരു മതവും ഒറ്റപ്പെട്ട ദ്വീപല്ല. ബഹുസ്വരതയുടെ പശ്ചാത്തലത്തില്‍, ഇതരമതങ്ങളുമായി ബന്ധപ്പെടുമ്പോള്‍ പ്രയാസങ്ങളുണ്ടാകാം. ഓരോ മതവും ശരിയല്ലാത്ത സ്വന്തം അവകാശവാദങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതുവഴി സഹിഷ്ണുതയും സൗഹാര്‍ദ്ദതയും എളുപ്പമാകും.

മൗലികവാദത്തിന്റെ ന്യൂനത മനസ്സിലാക്കാന്‍ ഭാഷയെ വിശകലനം ചെയ്യണം. ഭാഷയ്ക്ക് സ്ഥലകാല പരിമിതി കൂടപ്പിറപ്പാണ്. കൂടാതെ ഓരോ വിഷയത്തിന്റെയും ഭാഷയ്ക്ക് വ്യത്യാസമുണ്ട്. വിശ്വാസഭാഷ (language of faith) അങ്കഗണിത ഭാഷയല്ല. വിശ്വാസപ്രമാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും കൈമാറപ്പെടുന്ന മാധ്യമം വിശ്വാസ ഭാഷയാണ്. കൂടാതെ അറിവിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും മാറ്റവും അനുസരിച്ച് ദൈവശാസ്ത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തി ഉചിതമായ വ്യാഖ്യാനം നല്കിയാലേ വിശുദ്ധ ഗ്രന്ഥങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും സത്യസന്ധമായ അര്‍ത്ഥം അനാവരണം ചെയ്യപ്പെടൂ.

ഇക്കാര്യത്തോട് ആധുനിക ഭാഷാ ശാസ്ത്രങ്ങളും (Linguistics, Semantics etc) വ്യാഖ്യാന ശാസ്ത്രവും (Hermeneutics) യോജിക്കുന്നു. മതസൗഹാര്‍ദ്ദത നശിപ്പിക്കുന്ന മൗലികവാദത്തെ നേരിടാന്‍ സത്യാധിഷ്ഠിത വ്യാഖ്യാനത്തിന് ഏറെ കഴിയും. അതിനുള്ള തുറവ് മതങ്ങള്‍ക്കുണ്ടാകണം.

5. ക്രൈസ്തവര്‍ക്ക് വേണ്ട മനോഭാവം: ഇതര മതങ്ങളോടുള്ള ക്രൈസ്തവബന്ധത്തിന്റെ തനിമ ”സത്യത്തോടും സ്‌നേഹത്തോടുമുള്ള തുറവിന്റെ മനോഭാവം” ആയിരിക്കണമെന്ന് പാപ്പാ പഠിപ്പിക്കുന്നു (സു.സ.250). മൗലികവാദത്തെ മറികടക്കാനും മതാന്തരബന്ധത്തെ സ്‌നേഹസാന്ദ്രമാക്കാനും പര്യാപ്തമായ മനോഭാവത്തിന് അടിസ്ഥാനം തുറവാണ്. സത്യത്തിലേക്കും സ്‌നേഹത്തിലേക്കുമുള്ള തുറവ്. സത്യത്തോടുള്ള പ്രതിജ്ഞാബദ്ധത മൗലികവാദപരമായ ശാഠ്യങ്ങളില്‍നിന്ന് നമ്മെ മോചിപ്പിക്കും. യാഥാസ്ഥിതികതയോ പുരോഗമനവാദമോ എന്നതിനെക്കാള്‍ സത്യവാദമാണ് സൗഹാര്‍ദ്ധത ജനിപ്പിക്കുക. ശാസ്ത്രീയവും പക്ഷപാതരഹിതവുമായ ഗവേഷണം നടന്നാല്‍ പല മേഖലകളിലെയും വസ്തുനിഷ്ഠമായ സത്യം പുറത്തുകൊണ്ടുവരാനാകും. മനുഷ്യരക്ഷ സഭാകേന്ദ്രീകൃതമായി കരുതപ്പെട്ടിരുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ക്രിസ്തുകേന്ദ്രീകൃതമായി മനസ്സിലാക്കിത്തുടങ്ങി; ഒപ്പം മനസ്സാക്ഷി കേന്ദ്രീകൃതവും (L.G. 16). ദൈവകേന്ദ്രീകൃതവും ദൈവരാജ്യ കേന്ദ്രീകൃതവുമായി മനസ്സിലാക്കാനുള്ള ദൈവശാസ്ത്രപ്രവണതകള്‍ ഇന്ന് ദൃശ്യമാണ്.

”സ്‌നേഹത്തിലേക്കുള്ള തുറവ്” മതാന്തരബന്ധങ്ങളില്‍ സര്‍വ്വപ്രധാനമാണ്. ”തിരുസ്സഭയ്ക്ക് ഇതരമതങ്ങളോടുള്ള ബന്ധം” എന്ന കൗണ്‍സില്‍ രേഖയില്‍ ബന്ധത്തിന് പ്രേരിപ്പിക്കുന്ന പ്രമുഖ ഘടകം മാനവ ഐക്യദാര്‍ഢ്യമാണെന്ന് സൂചിപ്പിച്ചല്ലോ. ”ഒരൊറ്റ സമൂഹത്തില്‍പ്പെട്ടവരാണ് എല്ലാ ജനങ്ങളും… ദൈവത്തിന്റെ പരിപാലനയും നന്മയുടെ ആവിഷ്‌ക്കാരങ്ങളും രക്ഷാകരപദ്ധതികളും എല്ലാവരേയും സമാശ്ലേഷിക്കുന്നു.” (NA 1) ഇതര മതസ്ഥരെ സഹോദരതുല്യം സ്‌നേഹിക്കാന്‍ നമ്മിലെല്ലാമുള്ള ദൈവഛായയും മനുഷ്യര്‍ക്കെല്ലാമുള്ള ദൈവമക്കളെന്ന സ്ഥാനവും നിര്‍ബന്ധിക്കുന്നു (N A 5). മതങ്ങളുടെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ക്രൈസ്തവര്‍ സ്‌നേഹത്തിലുള്ള തുറവി നിലനിര്‍ത്തണം. പ്രായോഗികമായി പാപ്പാതന്നെ ഇതിന് മാതൃക നല്കുന്നു.

കാരുണ്യത്തിന്റെ അസാധാരണ ജൂബിലിവര്‍ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ തിരുവെഴുത്തില്‍ (2015) ഇതരമതങ്ങളിലും കാരുണ്യത്തെക്കുറിച്ചുള്ള ഉന്നതമായ ഉള്‍ക്കാഴ്ചകളുണ്ടെന്നും അവ ക്രൈസ്തവരും കണ്ടെത്തി ഉള്‍ക്കൊള്ളണമെന്നും ഫ്രാന്‍സീസ് പാപ്പാ പ്രസ്താവിച്ചു. ഇപ്രകാരം കാരുണ്യാരൂപി മതാന്തരമായി പങ്കുവയ്ക്കുവാനും ഉള്‍ക്കൊള്ളുവാനും ഊര്‍ജ്ജസ്വലമായ തുറവിയും സംഭാഷണവും ആവശ്യമാണ്. അവ സങ്കുചിതത്വത്തെയും അക്രമത്തെയും വിവേചനത്തെയും തുരത്തുമെന്ന് പാപ്പാ പ്രത്യാശിക്കുന്നു (കാരുണ്യത്തിന്റെ മുഖം, 2015 No.23).

സന്യസ്തവര്‍ഷാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അപ്പസ്‌തോലിക ലേഖനത്തില്‍ (ആനന്ദത്തിന്റെ സാക്ഷികള്‍, 2014) കത്തോലിക്കാസഭയും ഇതര മതപാരമ്പര്യങ്ങളും തമ്മില്‍ ”ആശ്രമാന്തരസംഭാഷണം” നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ പ്രസ്താവിച്ചു. അതിന് പാപ്പാ കണ്ടെത്തുന്ന കാരണമിതാണ്: ”ഒരുമിച്ചു യാത്ര ചെയ്യുക എന്നത് എപ്പോഴും ധന്യത കൈവരുത്തുന്നു” (ആ. സാ. No.4)

6. വിവാഹത്തില്‍ മതാന്തരമാനം: 2016 മാര്‍ച്ചില്‍ പാപ്പാ പ്രസിദ്ധീകരിച്ച അപ്പസ്‌തോലിക ആഹ്വാനമായ ”സ്‌നേഹത്തിന്റെ ആനന്ദം” വിവാഹത്തെയും കുടുംബത്തെയും മതാന്തരസംഭാഷണാത്മകമായി വിലയിരുത്തുന്നു. ദൈവവചനത്തിന്റെ സാന്നിധ്യം ഇതരമതങ്ങളിലും ഉണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പൊതുതത്വം (A.G.17) വിവാഹകുടുംബ യാഥാര്‍ത്ഥ്യത്തിലും പ്രസക്തമാണ്. അതേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ പ്രസ്താവിക്കുന്നു, ”ഇതര മതപാരമ്പര്യങ്ങളിലെ വിവാഹ കര്‍മ്മങ്ങളില്‍ ഭാവാത്മകമായ ഘടകങ്ങള്‍ സ്ഥിതിചെയ്യുന്നു” (സ്‌നേ. ആ. 77). വിവാഹത്തെ ക്രിസ്തുവിനോടും സഭയോടും ബന്ധപ്പെടുത്തി കാണുന്നത് ക്രൈസ്തവര്‍ക്ക് ഗുണകരമാണ്. ബൈബിള്‍ അധിഷ്ഠിതവുമാണ്.

എന്നാല്‍ വിവാഹത്തെ ദൈവത്തോട് ബന്ധപ്പെടുത്തിയാണ് ക്രിസ്തു അവതരിപ്പിച്ചത്. വിവാഹം ”ദൈവം യോജിപ്പിക്കുന്ന” സംഭവമാണ് (മര്‍ക്കോ. 10:9). പാപ്പാ വിവാഹബന്ധത്തെ പ.ത്രിത്വത്തോടും ബന്ധപ്പെടുത്തുന്നു (സ്‌നേ.ആ. 7177). പാപ്പായുടെ സമീപനം ഇതരമത വിവാഹത്തിന്റെയും ദൈവികതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അവ കൂദാശയെന്ന് വിളിക്കപ്പെടുന്നില്ലെങ്കിലും വിശുദ്ധമാണ്; (കൂദാശാ സങ്കല്പം സഭയുടേതാണല്ലോ). കൂദാശയുടെ കാതലായ ദൈവിക ഇടപെടല്‍ ഇതരമത വിവാഹത്തിലുമുണ്ടാകും.

കുടുംബത്തെക്കുറിച്ചും പാപ്പായുടെ സമീപനം മതാന്തര തുറവിന്റേതാണ്. നല്ല കുടുംബങ്ങള്‍ ഇതരമതങ്ങളിലുമുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായംകൊണ്ടാണ് ഇത് സാധ്യമാകുന്നത്. തിന്മ പരാജയപ്പെടുത്താനും നന്മ വളര്‍ത്താനും കുട്ടികളെ ഉത്തേജിപ്പിക്കുന്ന കുടുംബങ്ങള്‍ ഏതു മതത്തില്‍പ്പെട്ടവയാണെങ്കിലും അഭിനന്ദനവും നന്ദിയും അര്‍ഹിക്കുന്നു എന്ന് പാപ്പാ ഫിലാഡെല്‍ഫിയായില്‍വച്ച് പ്രസ്താവിച്ചു (L’Osservatore Romano, Sept. 2015; സ്‌നേ. ആ. No.77).

ഉപസംഹാരം: ക്രൈസ്തവരുടെ മതസൗഹാര്‍ദ്ദതയേയും മതാന്തര സംഭാഷണത്തെയും നിയന്ത്രിക്കുന്ന പഠനമേഖല സഭയ്ക്ക് ഇതര മതങ്ങളോടുള്ള ബന്ധം സംബന്ധിച്ച ദൈവശാസ്ത്രമാണ് (Theology of Religions). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടിയാണ് ഈ ഇതരമത ദൈവശാസ്ത്രം ശക്തിയാര്‍ജ്ജിച്ചത്. കൗണ്‍സിലനന്തര കാലഘട്ടത്തില്‍ ഏറെ ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. പ്രായോഗിക സംരംഭങ്ങളും വിപുലമായിക്കൊണ്ടിരിക്കുന്നു. പാപ്പാമാരുടെ സംഭാവനയും സഭാപ്രബോധനവും ഈ മേഖലയെ വളര്‍ത്തുന്നുണ്ട്. മതാന്തരബന്ധത്തിന്റെ രംഗത്ത് സഭയും ഫ്രാന്‍സീസ് പാപ്പായും ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. എങ്കിലും പാപ്പായുടെ ഇടപെടലുകളും ഉള്‍ക്കാഴ്ചകളും സഹിഷ്ണുതയും സൗഹാര്‍ദ്ദതയുംകൊണ്ട് ധന്യമാണ്.

 

റവ. ഡോ. സക്കറിയാസ് പറനിലം

You must be logged in to post a comment Login