മതസൗഹാര്‍ദ്ദത്തിന്റെ വേദിക തീര്‍ത്ത് വഡോദരയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം

മതസൗഹാര്‍ദ്ദത്തിന്റെ വേദിക തീര്‍ത്ത് വഡോദരയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം

വഡോദര: ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം ഏകമനസ്സോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. ഇവിടെ ജാതിയുടെ അതിര്‍ വരമ്പുകളില്ല. മതത്തിന്റെ വേലിക്കെട്ടുകളുമില്ല. ഉള്ളത് സ്‌നേഹവും വിശ്വാസവും പ്രാര്‍ത്ഥനയും മാത്രം. ഗുജറാത്തിലെ വഡോദരയിലുള്ള ‘ഉപേക്ഷിക്കപ്പെട്ടവരുടെ മാതാവിന്റെ’ (Mother of the Forsaken) തീര്‍ത്ഥാടന കേന്ദ്രത്തിലെ പതിവു കാഴ്ചയാണിത്.

1930 കളില്‍ സ്പാനിഷ് മിഷനറിയായ വിന്‍സെന്റ് ടെനയാണ് വഡോദരയിലുള്ള ഈ തീര്‍ത്ഥാടന കേന്ദ്രം സ്ഥാപിച്ചത്. പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഒരു ദേവാലയം ഗുജറാത്തില്‍ ആവശ്യമാണെന്ന ശക്തമായ ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. സ്‌പെയിനിലെ വലന്‍സിയയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മദ്ധ്യസ്ഥയായി മാതാവിനു വേണ്ട നിര്‍മ്മിച്ച ശില്‍പമാണ് പിന്നീട് ഗുജറാത്തിലെത്തിയത്. സ്പാനിഷ് ശില്‍പിയായ സെനര്‍ കോസ്റ്റയാണ് പ്രതിമ നിര്‍മ്മിച്ചത്.

1936 ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് സെനര്‍ കോസ്റ്റ ജയിലിലാകുകയും അദ്ദേഹത്തിന്റെ ശില്‍പങ്ങളില്‍ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മാതാവിന്റെ ശില്‍പം നശിപ്പിക്കപ്പെട്ടിരുന്നില്ല. 1956 ലാണ് ഉപേക്ഷിക്കപ്പെട്ടവരുടെ മദ്ധ്യസ്ഥയായ മാതാവിന്റെ പ്രതിമ വഡോദരയിലെത്തിയത്. 1959 ല്‍ വഡോദരയില്‍ വിന്‍സെന്റ് ടെന പണികഴിപ്പിച്ച ദേവാലയത്തില്‍ ശില്‍പം സ്ഥാപിച്ചു.

ഇവിടെ വരുന്ന ആളുകള്‍ക്ക് ഈ ദേവാലയവുമായി വൈകാരികമായ ഒരടുപ്പം ഉണ്ടാകാറുണ്ടെന്നും തിരുനാള്‍ ദിനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര ലക്ഷത്തോളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ടെന്നും വഡോദരയിലെ ഉപേക്ഷിക്കപ്പെട്ടവരുടെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ലോറന്‍സ് ലൊബോ പറയുന്നു.

ജനുവരി 26 നാണ് വഡോദരയിലെ ഉപേക്ഷിക്കപ്പെട്ടവരുടെ മാതാവിന്റെ തിരുനാള്‍. 9 ദിവസങ്ങളിലായി നടക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ജാതിമതഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. പ്രായമായവരും യുവജനങ്ങളുമെല്ലാം ഇവരില്‍ ഉള്‍പ്പെടും. ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശുദ്ധ മാതാവിനോട് സഹായമഭ്യര്‍ത്ഥിച്ചാണ് വിശ്വാസികളെത്തുന്നത്.

You must be logged in to post a comment Login