മതാധ്യാപകര്‍ ക്രിസ്തുവിന്റെ അനന്യത പകര്‍ന്നു നല്‍കേണ്ടവര്‍: മാര്‍ ആലഞ്ചേരി

മതാധ്യാപകര്‍ ക്രിസ്തുവിന്റെ അനന്യത പകര്‍ന്നു നല്‍കേണ്ടവര്‍: മാര്‍ ആലഞ്ചേരി

1കൊച്ചി: ലോകരക്ഷകനായ ക്രിസ്തുവിന്റെ അനന്യത തലമുറകളിലേക്കു പകര്‍ന്നു നല്‍കാനുള്ള ഗൗരവപൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവരാണു മതാധ്യാപകരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത മതാധ്യാപക കണ്‍വന്‍ഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രക്ഷാകരപദ്ധതിയില്‍ ക്രിസ്തുവിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ്. രക്ഷാകര അനുഭവം ഉള്‍ക്കൊള്ളാനും തിരിച്ചറിയാനും കുട്ടികള്‍ക്ക് അവസരമുണ്ടാകണം. ക്രിസ്തു ഏകരക്ഷകനാണെന്ന അവബോധമാണു വിശ്വാസപരിശീലനത്തിലൂടെ കുട്ടികളെ നാം ഓര്‍മപ്പെടുത്തുന്നത്. വിശുദ്ധ ഗ്രന്ഥവും സഭാത്മകജീവിതത്തിലൂടെ നാം ആര്‍ജിച്ച ആത്മീയാനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ വ്യക്തിത്വം, അതിന്റെ സമഗ്രതയില്‍ കുട്ടികള്‍ക്കു അനുഭവവേദ്യമാകണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

ചിറ്റൂര്‍ സ്‌നേഹശുശ്രൂഷാലയം ധ്യാനകേന്ദ്രത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി നയിച്ച ആരാധനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അമ്മ മാസിക ചീഫ് എഡിറ്റര്‍ സിസ്റ്റര്‍ ശോഭ, വിന്‍സന്‍ഷ്യന്‍ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. എക്‌സലന്‍സ് സ്‌കൂളുകള്‍ക്കു മാര്‍ പുത്തന്‍വീട്ടില്‍ അവാര്‍ഡുകള്‍ നല്‍കി.

വിശ്വാസ പരിശീലന ശുശ്രൂഷയില്‍ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന 91 അധ്യാപകരെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആദരിച്ചു. സമൂഹബലിയില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫൊറോന മതബോധന ഡയറക്ടര്‍മാര്‍ സഹകാര്‍മികരായി.

അതിരൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് തൊട്ടിയില്‍, ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി, തേവര യൂണിറ്റിലെ പ്രധാനധ്യാപിക മരിയ ജെറോം, ലക്‌സി ബിജോയ്, ഡോ.എ.ജെ. അഗസ്റ്റിന്‍, ഫാ. ജോയി പെരുമായന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. പുസ്തകപ്രകാശനവും മരട് സെന്റ് ജാന്ന പള്ളി, പറവൂര്‍ ഫൊറോന പള്ളി യൂണിറ്റുകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. അതിരൂപതയില്‍ വിശ്വാസപരിശീലനരംഗത്തു ശുശ്രൂഷ ചെയ്യുന്ന അയ്യായിരത്തോളം മതാധ്യാപകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

You must be logged in to post a comment Login