മതിലുകളാണ് പണിയുന്നതെങ്കില്‍ ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: മതിലുകളാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ‘മതിലുകളല്ല, പാലങ്ങള്‍ പണിയുന്നവനാണ് യഥാര്‍ത്ഥ ക്രിസത്യാനി. അഭയാര്‍ത്ഥികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല’, മാര്‍പാപ്പ പറഞ്ഞു. അഞ്ചു ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്കു മടങ്ങിയ ഫ്രാന്‍സിസ് പാപ്പ വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് മയക്കുമരുന്നുകച്ചവടക്കാരും പീഡനവീരന്‍മാരും കടന്നുവരുന്നുണ്ടെന്നും പ്രസിഡന്റായാല്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുകള്‍ പണിയുമെന്നും മുസ്ലീങ്ങളെ യുഎസിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ അഭയാര്‍ത്ഥികളെ യുഎസില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫ്രാന്‍സിസ് പാപ്പ രണ്ടു പക്ഷത്തു നിന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു വശത്തു നിന്നുമുള്ള കാഴ്ചകള്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മെക്‌സിക്കന്‍-യുഎസ് അതിര്‍ത്തിയിലൂടെ നിരവധി കുറ്റവാളികളാണ് യുഎസിലേക്ക് പ്രവേശിക്കുന്നത്. ഇവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളമാണെന്ന് മാര്‍പാപ്പക്ക് അറിഞ്ഞുകൂടാ. വത്തിക്കാനു നേരെ ഐഎസ് ആക്രമണമുണ്ടായാല്‍ താന്‍ പ്രസിഡന്റായിരുന്നെങ്കിലെന്ന് മാര്‍പാപ്പ ആഗ്രഹിച്ചേനെ എന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിനെതിരെയുള്ള മാര്‍പാപ്പയുടെ പ്രസ്താവന വ്യക്തിപരമല്ലെന്നും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമല്ലെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login