മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന് കേരളസഭ ഒരുങ്ങുന്നു

മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന് കേരളസഭ ഒരുങ്ങുന്നു

കൊച്ചി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന സെപ്റ്റംബര്‍ 4 ന് റോമില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കും. ആഗസ്റ്റ് 4 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് കെസിബിസി പ്രൊലൈഫ് സമിതി വിഭാവനം ചെയ്തിരിക്കുന്നത.്

മദര്‍തെരേസ ആരംഭിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍വന്റുകളില്‍ പ്രാര്‍ത്ഥന, കത്തോലിക്ക ജീവ കാരുണ്യ സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ആഹാരം, വസ്ത്രം വിതരണം, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്രകള്‍ സെമിനാറുകള്‍, റാലികള്‍, കാരുണ്യ മേഖലയിലെ വ്യക്തികളെ ആദരിക്കല്‍, മദര്‍തെരേസയെക്കുറിച്ചുളള എക്‌സിബിഷന്‍ എന്നിവ നടത്തുന്നതാണ്.

ഒക്‌ടോബര്‍ 2ന് കല്‍ക്കട്ടയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതു സമ്മേളനത്തിലും കെസിബിസി പ്രൊലൈഫ് പ്രവവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് അറിയിച്ചു.

പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കെസിബിസി പ്രൊ-ലൈഫ് സമിതി വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ശ്രീ ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സെലസ്റ്റ്യന്‍ ജോണ്‍, റോണ റിബെയ്‌റോ, സാലു അബ്രാഹം എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login