മദര്‍ ഏഞ്ചലിക്കക്കായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് സഹപ്രവര്‍ത്തകര്‍

മദര്‍ ഏഞ്ചലിക്കക്കായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് സഹപ്രവര്‍ത്തകര്‍

ഇറൊന്‍ഡേല്‍: ഈ പുഞ്ചിരി മായരുതേ എന്നാണ് സഹപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന. 92 കാരിയായ മദര്‍ ഏഞ്ചലിക്കയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമൊന്നുമില്ലെന്നും മദറിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും മറിനെ ശുശ്രൂഷിക്കുന്ന സന്യാസിനികള്‍ അഭ്യര്‍ത്ഥിച്ചു. മദറിനെ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കുന്നവര്‍ക്കു നന്ദി പറയാനും ഇവര്‍ മറന്നില്ല.

‘മിക്കവാറും സമയം മദര്‍ ഉറക്കത്തിലായിരിക്കും. ഇടക്കൊക്കെ ആ മുഖത്ത് പുഞ്ചിരി വിരിയുന്നത് കാണാം. മദര്‍ സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാവാം’,അലാസ്‌കയിലെ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് സഹപ്രവര്‍ത്തകര്‍ പറയുന്നു.

2001 ല്‍ തളര്‍വാതം പിടിപെട്ടതിനെത്തുടര്‍ന്നാണ് EWTN ടെലിവിഷന്‍ സ്ഥാപകയായ മദര്‍ ഏഞ്ചലിക്ക കിടപ്പിലായത്. ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ ട്യൂബിലൂടെയാണ് മദറിന് ഭക്ഷണം നല്‍കിവരുന്നത്. മദറിന് കൂദാശകള്‍ സ്വീകരിക്കാനുള്ള സംവിധാനം സഭാധികാരികള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മദറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി മഠത്തില്‍വെച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടിരുന്നു.

1981 ലാണ് മദര്‍ ഏഞ്ചലിക്കയുടെ നേതൃത്വത്തില്‍ EWTV ടെലിവിഷന്‍ ആരംഭിച്ചത്. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കാ മാധ്യമസ്ഥാപനമായി EWTV മാറി. 2000 വരെ കര്‍മ്മനിരതയായി ചാനലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മദര്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു.

You must be logged in to post a comment Login