മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് നൊവേന ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദേവാലയം

മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് നൊവേന ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദേവാലയം

കോട്ടയം: മദര്‍തെരേസ ഇന്ന് അള്‍ത്താരവണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയ ആഹ്ലാദതിമിര്‍പ്പില്‍. കാരണം മദര്‍തെരേസയുടെ പാദസ്പര്‍ശത്താല്‍ ധന്യമാണ് ഈ ദേവാലയം. മദര്‍തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് നൊവേന പ്രാര്‍ഥന ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദേവാലയം കൂടിയാണിത്.

1974 ജനുവരി 20നാണ് മദര്‍ തെരേസ ഇവിടെയെത്തിയത്. മദറിന്റെ സന്യാസ സമൂഹത്തില്‍പെട്ട ഇടവകാംഗങ്ങളായ സിസ്‌റ്റേഴ്‌സിന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ദേവാലയത്തിലുമെത്തിയത്.

2003 ഒക്‌ടോബര്‍ 19ന് മദറിനെ വാഴ്ത്തപ്പെട്ടവളായി പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച ഉടന്‍ ഈ ദേവാലയത്തില്‍ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് നൊവേന ആരംഭിച്ചു. മദറിന്റെ ശരീരഭാഗങ്ങള്‍, മുടി, വസ്ത്രം, മരണ അവസരത്തില്‍ തുടച്ച പഞ്ഞി തുടങ്ങിയ അമൂല്യങ്ങളായ തിരുശേഷിപ്പുകളാണ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ദേവാലയത്തിന്റെ മുമ്പില്‍ റോഡിനോടു ചേര്‍ന്നുള്ള മദറിന്റെ കൂറ്റന്‍ ശില്പം ഇതു വഴി യാത്ര ചെയ്യുന്ന ഏവരെയും ആകര്‍ഷിക്കുന്നതാണ്. 24 അടി ഉയരമുള്ള ഈ ശില്പം മദര്‍തെരേസയുടെ ശില്പങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലുതും അര്‍ഥപൂര്‍ണവുമാണ്.

വിരിപ്പു നേര്‍ച്ചയും പൂമൊട്ടു സമര്‍പ്പണവുമാണ് ഇവിടത്തെ പ്രധാന നേര്‍ച്ചകള്‍. വിശ്വാസികള്‍ അവരുടെ നിയോഗത്തിനായി വിരിപ്പുകള്‍ (ബെഡ്ഷീറ്റ്, പുതപ്പ്) അമ്മയുടെ രൂപത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നു. ഇവ ശേഖരിച്ച് അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നല്‍കിവരുന്നു. മദര്‍തെരേസയുടെ ഓമനപ്പേര് പൂമൊട്ട് എന്ന് അര്‍ഥം വരുന്ന ഹോങ്ക്‌സാ എന്നാണ്. ഇത് അനുസ്മരിച്ച് മദറിന്റെ മരണദിനമായ സെപ്റ്റംബര്‍ അഞ്ചിന് ഇവിടെയെത്തുന്ന വിശ്വാസികള്‍ പൂമൊട്ടുകള്‍ മദറിന്റെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു.

മദറിന്റെ തിരുശേഷിപ്പ്, അപൂര്‍വ ചിത്രങ്ങള്‍ എന്നിവ സൂക്ഷിക്കുന്ന മദര്‍തെരേസാ മ്യൂസിയവും തീര്‍ഥാടകര്‍ക്ക് വഴികാട്ടിയാണ്. മദേഴ്‌സ് മെഡിക്കല്‍ ഫണ്ട് രൂപീകരിച്ച് ഒരു മാസം 50,000 രൂപയുടെ മരുന്നുകള്‍ സാധുക്കളായ രോഗികള്‍ക്ക് നല്‍കിവരുന്നു. കൂടാതെ മദര്‍ തെരേസയുടെ തിരുനാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഭവനരഹിതര്‍ക്ക് ഒരു ഭവനം നിര്‍മിച്ചു നല്‍കുന്നു. മദറിന്റെ കരുണയുടെയും വാത്സല്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി തെരേസ്യന്‍ പ്ലേ സ്‌കൂളും ദേവാലയത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

അനുസ്മരണ തിരുനാളിനോടനുബന്ധിച്ച് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും നടന്നുവരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് മദറിന്റെ ചിത്രം ആലേഖനം ചെയ്ത 1001 ബലൂണുകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് സമൂഹബലിയും തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടക്കും.

You must be logged in to post a comment Login