മദര്‍ തെരേസയുടെ നാമകരണം വത്തിക്കാനില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

മദര്‍ തെരേസയുടെ നാമകരണം വത്തിക്കാനില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും മിഷനറീസ് ഓഫ് ചാരിറ്റിയും പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നിനു തുടങ്ങുന്ന വിവിധ പരിപാടികള്‍ എട്ടുവരെ നീണ്ടുനില്‍ക്കും.

മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു ശാഖകള്‍ ചേര്‍ന്നു നടത്തുന്ന ‘പാവങ്ങളുടെ തിരുനാള്‍’ റോമിലെ തിയറ്റര്‍ ഒളിമ്പിക്കോയില്‍ സെപ്റ്റംബര്‍ ഒന്നിനു പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ നടക്കും.

അസതോമാ സത്ഗമയ’ എന്നു തുടങ്ങുന്ന ബൃഹദാരണ്യക ഉപനിഷത്തിലെ വരികള്‍ എലിസബത്ത് ജോയ് വെള്ളാഞ്ചിയിലും സംഘവും ‘ആലപിക്കും. കര്‍ദിനാള്‍ ആഞ്ജലോ കോമാസ്റ്ററിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലുള്ള ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പിയേരിക്കും പ്രഭാഷണം നടത്തും. മദര്‍ തെരേസയുടെ ജീവചരിത്രം രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലെയായി അവതരിപ്പിക്കും.

തുടര്‍ന്ന് ആലംബഹീനരോടൊപ്പമുള്ള വിരുന്നില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാവരും പങ്കെടുക്കും. സാധുജനങ്ങള്‍ക്കായി വിരുന്നിന്റെ ഭാഗമായി രണ്ടായിരം ഭക്ഷണപ്പൊതികള്‍ തയാറാക്കുന്നുണ്ട്.

രണ്ടിനു റോമിലെ സെന്റ് അനസ്റ്റാസിയ ബസിലിക്കയില്‍ രാവിലെ ഒന്‍പതിനു റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ഇംഗ്ലീഷിലും പത്തരയ്ക്കു ബിഷപ് എമിലിയോ ബെര്‍ളിയെ സ്പാനിഷിലും പന്ത്രണ്ടിനു കര്‍ദിനാള്‍ ആഞ്ജലോ കോമാസ്റ്ററി ഇറ്റാലിയനിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാലയുടെ നേതൃത്വത്തിലുള്ള സമൂഹബലി മധ്യേ നടക്കും.

മൂന്നിനു കരുണയുടെ വര്‍ഷത്തിലെ തീര്‍ഥാടനത്തിന്റെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ പൊതുദര്‍ശനപരിപാടിയുടെ പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു സെന്റ് ആന്‍ഡ്രിയ ഡെല്ലാ വാലി ബസിലിക്കയില്‍ മദര്‍ തെരേസയെക്കുറിച്ചു വിവിധ കലാ- സാഹിത്യ പരിപാടികളും ഗാനമേളയും നടക്കും. വിവിധ ഭാഷകളിലുള്ള ഈ ഗാനമേളയില്‍ ഉഷാ ഉതുപ്പ് ഇംഗ്ലീഷിലും ബംഗാളിയിലും മദര്‍ തെരേസയെക്കുറിച്ച് ഗാനങ്ങള്‍ ആലപിക്കും. രാത്രി ഏഴിനു ദിവ്യബലിയും തുടര്‍ന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കവും നടക്കും.

നാലിന് രാവിലെ 10.30ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള സമൂഹബലിമധ്യേ വിശുദ്ധ പദവി പ്രഖ്യാപനം നടക്കും.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,  കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡിഅഡിക്ഷന്‍ സെന്റര്‍ നടത്തുന്ന ഫാ. ജോ പെരേര, പോസ്റ്റുലേറ്റര്‍ ജനറല്‍ റവ. ഡോ. ബ്രെയിന്‍ കോവോജയ്ചുക് എന്നിവരും നിരവധി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സഹ കാര്‍മികരായിരിക്കും.

മദര്‍ തെരേസയുടെ തിരുശേഷിപ്പ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പിയേരിയും മറ്റു സഹോദരങ്ങളും അള്‍ത്താരയിലേക്കു സംവഹിക്കും. വിശുദ്ധപദ നാമകരണത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലില്‍നിന്നുള്ള മാര്‍സിലിയോ ഹദാദ് അന്‍ഡ്രിനോയും കുടുംബവും സന്നിഹിതരായിരിക്കും.

വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ ആദ്യത്തെ തിരുനാള്‍ അഞ്ചിന് ആഘോഷിക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നന്ദി സൂചകമായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനിയാണു നേതൃത്വം നല്‍കുക. അന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും.

ആറിനും ഈ ദേവാലയത്തില്‍ മദറിന്റെ തിരുശേഷിപ്പ് വണങ്ങാനുള്ള അവസരം ലഭിക്കും. അന്നു രാവിലെ ഒന്‍പതരയ്ക്ക് കാസെറീനയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ മഠത്തിന്റെ അടുത്തുള്ള സെന്റ് ബര്‍ണബാസ് ദേവാലയത്തില്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാലയുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.

ഏഴിനും എട്ടിനും സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ദേവാലയത്തില്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനു വയ്ക്കും.

You must be logged in to post a comment Login