മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യ രോഗശാന്തി

മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യ രോഗശാന്തി

വെസ്റ്റ് ബംഗാളിലെ ദിനാജ്പൂര്‍ ജില്ലയുടെ തെക്കന്‍ താമസിക്കുന്ന മോനിക്ക ബിസ്‌റയാണ് മദര്‍ തെരേസയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ട്യൂമറില്‍ നിന്ന് സൗഖ്യം നേടിയ ആദ്യ വ്യക്തി. ഇപ്പോള്‍ 50 വയസ്സായ മോനിക്ക ബിസ്‌റ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പങ്കു വച്ചു.

മോനിക്ക ബിസ്‌റയുടെ ജീവിതത്തില്‍ കൊടിയ വേദനകള്‍ നല്‍കി അവരുടെ അടിവയറ്റില്‍ ട്യൂമര്‍ പെരുകിയത് ഏതാണ്ട് 15, 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വയറ്റില്‍ ട്യൂമര്‍ വളരുന്നതറിഞ്ഞ ഇവര്‍ ചികിത്സയ്ക്കായി ആശുപത്രികള്‍ കയറിയിറങ്ങി. ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറമായപ്പോള്‍ അവര്‍ വീട് പണയപ്പെടുത്തി.

എല്ലാ പ്രതീക്ഷയും കൈവെടിഞ്ഞതോടെ മോനിക്കയുടെ സഹോദരി അവരെ ഗ്രാമത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികള്‍ നടത്തുന്ന സെന്ററില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം മോനിക്കയുടെ ആരോഗ്യ സ്ഥിതി മോശമായി. മിഷനറി സന്യാസിനികള്‍ അവരെ സിലുഗിരിയിലുള്ള ഡോക്ടറുടെ അടുക്കല്‍ കൊണ്ടു പോയി. എന്നാല്‍ ട്യൂമര്‍ ഓപ്പറേഷണിലൂടെ നീക്കം ചെയ്താല്‍ മോനിക്കയുടെ ബോധം തിരിച്ചെടുക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ ആ ശ്രമവും ഉപേക്ഷിച്ച് അവര്‍ തിരിച്ച് സന്യാസിനികളുടെ ആശ്രമത്തിലെത്തി.

ഒടുവില്‍ സെപ്റ്റംബര്‍ 4ന്, മദര്‍ തെരേസയുടെ ഒന്നാം മരണവാര്‍ഷികത്തിന്റെ തലേദിവസം സന്യാസിനികള്‍ക്കൊപ്പം മോനിക്കയും പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തില്‍ പ്രവേശിച്ചു. ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന മദറിന്റെ ഫോട്ടോയില്‍ നിന്നുമൊരു പ്രകാശം മോനിക്കയെ വലയം ചെയ്തു.

എന്നാല്‍ ദേവാലയത്തില്‍ അധികം സമയം ചിലവഴിക്കാന്‍ കഴിയാതെ വന്നതിനാല്‍ മോനിക്കയെ തിരിച്ച് ആശ്രമത്തിലെത്തിച്ചു. അന്നു രാത്രി, മദര്‍ തെരേസയുടെ കാശുപൂപം അല്‍പ്പനേരത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം മോനിക്കയുടെ അരയില്‍ ഒരു സന്യാസിനി കെട്ടിക്കൊടുത്തു. മദറിനോട് പ്രാര്‍ത്ഥിച്ച് ആ രാത്രി അവര്‍ ചിലവഴിച്ചു. വേദനയാല്‍ പല രാത്രികളിലും ഉറങ്ങാന്‍ കഴിയാതിരുന്ന അവര്‍ ആ രാത്രി സുഖമായി ഉറങ്ങി.

രാത്രി 1 മണിയായപ്പോള്‍ വാഷ്‌റൂമില്‍ പോകുവാനായി ഇവര്‍ എഴുന്നേറ്റു. അപ്പോള്‍
അടിവയറ്റിലെ തന്റെ ട്യൂമര്‍ അപ്രത്യക്ഷ്യമായതായും വയര്‍ പൂര്‍വ്വ സ്ഥിതിയിലായതും കണ്ടെത്തി. രാവിലെ തനിക്കു ലഭിച്ച സൗഖ്യത്തെക്കുറിച്ച് സന്യാസിനികളോട് ഇവര്‍ പങ്കുവച്ചു. അവര്‍ അവരെ പരിശോദനയ്ക്കായി ഡോക്ടറുടെ പക്കല്‍ കൊണ്ടു പോയി. ട്യൂമര്‍ മാറിയതായി അവിടെ വച്ച്‌ ഡോക്ടര്‍ കണ്ടെത്തി. 1998ല്‍ പൂര്‍ണ്ണ സൗഖ്യം പ്രാപിച്ച ഇവരുടെ സാക്ഷ്യമാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച അത്ഭുതം.

You must be logged in to post a comment Login