മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം സെപ്റ്റംബര്‍ 4 ന്

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം സെപ്റ്റംബര്‍ 4 ന്

വത്തിക്കാന്‍: കാത്തിരിപ്പിന് വിരാമം. ഏറെ നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന ദിവസം വത്തിക്കാന്‍ പ്രഖ്യാപിച്ചു. 2016 സെപ്റ്റംബര്‍ 4 നായിരിക്കും മദര്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുക. സെപ്റ്റംബര്‍ 5 നാണ് മദര്‍ തെരേസയുടെ 19-ാം ചരമവാര്‍ഷികം.

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തീയതിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിന് ഫ്രാന്‍സിസ് പാപ്പ ഇന്ത്യയിലേക്കെത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലും വത്തിക്കാന്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ഡിസംബര്‍ 17 നാണ് മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനു കാരണമായ രണ്ടാമത്തെ അത്ഭുതം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചത്. തലച്ചോറിനേറ്റ ആഘാതത്തെത്തുടര്‍ന്ന് കോമയിലായിരുന്ന 42 കാരനായ എഞ്ചിനീയര്‍ സുഖപ്പെട്ടതായിരുന്നു അത്.

എല്ലാ ഭാരതീയര്‍ക്കുമൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളും കാത്തിരിക്കുകയാണ്, പാവങ്ങളുടെ അമ്മ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ആ ധന്യമുഹൂര്‍ത്തത്തിനായി…

You must be logged in to post a comment Login