മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം: സന്തോഷം പ്രകടിപ്പിച്ച് കേരളത്തിലെ സഭാനേതാക്കള്‍

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം: സന്തോഷം പ്രകടിപ്പിച്ച്  കേരളത്തിലെ സഭാനേതാക്കള്‍

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന തീയതി പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് കേരളസഭാനേതാക്കളും. ഭാരതം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്റെ വിശുദ്ധസന്ദേശവും സാക്ഷ്യവുമാണ് മദര്‍ തെരേസയെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു. ഭാരതസഭയൊന്നാകെ മദറിന്റെ വിശുപദപ്രഖ്യാപനത്തെ ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് കാണുന്നത്. മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്റെ ജീവഭാവമാണ് ഭാരതം ലോകത്തിനു പകര്‍ന്നു നല്‍കിയത്.

മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത് ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ മാത്രം സന്തോഷമല്ല. കാലത്തെ പോലും അതിജീവിച്ച്, ജാതിയുടേയോ മതത്തിന്റെയോ അതിര്‍ വരമ്പുകളില്ലാതെ ജനമനസ്സുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വമാണ് മദര്‍ തെരേസയുടേതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

കാരുണ്യത്തിന്റെ ശുശ്രൂഷകള്‍ക്കും ശുശ്രൂഷകര്‍ക്കും ലഭിക്കുന്ന വലിയൊരംഗീകാരമായിരിക്കും മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യപനമെന്ന് സീറോ മലങ്കര സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാബാവ പറഞ്ഞു. ഭാരതത്തിലെ നാനാജാതിമതസ്ഥരായ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ പ്രഖ്യാപനം സന്തോഷവും പ്രത്യാശയും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കേട്ടതില്‍ ഭാരത കത്തോലിക്കാ സഭ അത്യധികം ആഹ്ലാദിക്കുന്നുവെന്ന് കെസിബിസി ഡപ്യട്ടി ജനറല്‍ സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറഞ്ഞു. മദറിന്റെ ജീവിതം ആയിരക്കണക്കിനു യുവതീയുവാക്കന്‍മാര്‍ക്ക് പ്രചോദമനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login