മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനചടങ്ങില്‍ കേജരിവാളും

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനചടങ്ങില്‍ കേജരിവാളും

ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പങ്കെടുക്കും. സെപ്റ്റംബര്‍ നാലിനു വത്തിക്കാനില്‍ മദറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ക്ഷണം അരവിന്ദ് കേജരിവാള്‍ സ്വീകരിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും പങ്കെടുക്കും. ഇക്കാര്യം മമത ബാനര്‍ജി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കേജരിവാളും മമതയും പശ്ചിമ ബംഗാളില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് വത്തിക്കാനിലേക്കു പോകുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷും ചടങ്ങില്‍ പങ്കെടുക്കും.

റവന്യൂ സര്‍വീസില്‍ ചേരുന്നതിനു മുമ്പു 1992ല്‍ കേജരിവാള്‍ മിഷണറീസ് ഓഫ് ചാരിറ്റീസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തിയെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ വിവാദ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് കേജ്രിവാള്‍ ഉന്നയിച്ചത്. മദറിനൊപ്പം കൊല്‍ക്കത്തയിലെ നിര്‍മല ഹൃദയം ആശ്രമത്തിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login