മദര്‍ തെരേസയുടെ വിശുദ്ധ പദ പ്രഖ്യാപനം; ഔദ്യോഗികസംഘം രണ്ടിന് പുറപ്പെടും

മദര്‍ തെരേസയുടെ വിശുദ്ധ പദ പ്രഖ്യാപനം; ഔദ്യോഗികസംഘം രണ്ടിന് പുറപ്പെടും

ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബര്‍ രണ്ടിനു പുറപ്പെടും.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംഘത്തെ നയിക്കും. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് സംഘത്തിലുള്ളത്. വത്തിക്കാനിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉള്‍പ്പെടുത്തിയതെന്നും ഇതു സഭയ്ക്കുള്ള സര്‍ക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോര്‍ മസ്‌കരിനാസ് പറഞ്ഞു.

വത്തിക്കാനിലെ ചടങ്ങിലേക്ക് ഇത്തവണ 11 അംഗ ഔദ്യോഗിക സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രര്‍ക്കു വേണ്ടിയും തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ക്രൈസ്തവ മിഷണറിമാരുടെ അനുകമ്പയും ദയയും രാജ്യം അംഗീകരിച്ചതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login