മദര്‍ തെരേസയുമായി 47 വര്‍ഷത്തെ സ്നേഹബന്ധം; പോപ്പ് ഗായിക ഉഷാ ഉതുപ്പ്

മദര്‍ തെരേസയുമായി 47 വര്‍ഷത്തെ സ്നേഹബന്ധം; പോപ്പ് ഗായിക ഉഷാ ഉതുപ്പ്

മുബൈ: കയ്യില്‍ നിറയെ വളകള്‍ അണിഞ്ഞ്, തിളങ്ങുന്ന പട്ടുസാരി ചുറ്റി, നെറ്റി നിറഞ്ഞുള്ള വലിയ പൊട്ടു കുത്തി, തന്റെ വേറിട്ട ശബ്ദത്തില്‍ സ്റ്റേജില്‍ നിന്ന് പാട്ടു പാടുന്ന ഉഷാ ഉതുപ്പ് എന്ന “ദീദി”യെ മാത്രമേ എല്ലാവര്‍ക്കും അറിയൂ. എന്നാല്‍ കൊല്‍ക്കോത്തയിലെ അവരുടെ ജന്മ ഗ്രഹത്തിനടുത്തുള്ളവര്‍ക്ക് ഗായികയെന്നതിനേക്കാളുപരി ഉഷാ ഉതുപ്പ് എന്ന വ്യക്തിയെ നന്നായി അറിയാം.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെയും മദറിന്റെ സന്യാസസമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെയും വലിയ പിന്തുണക്കാരിയാണിവര്‍. മദര്‍ തെരേസയുമായി നാല്പത്തിയേഴു വര്‍ഷത്തെ അടുപ്പമുണ്ട് ഉഷ ഉതുപ്പിന്.

“സി. ആമിയെന്ന ഹോമിയോ ചികിത്സകയെ സന്ദര്‍ശിക്കാന്‍ പോയിടത്തുനിന്നുമാണ് ആദ്യമായി ഞാന്‍ മദര്‍ തെരേസയെ കാണുന്നത്. അവരുടെ സ്വഭാവത്തില്‍ ഞാന്‍ ആകൃഷ്ടയായി. പ്രത്യക്ഷത്തില്‍ വളരെ ക്ഷീണിതയായാണ് കാണുന്നതെങ്കിലും അവരുടെ ഉളള് ശക്തിയും ബലവും അഭിനിവേശവും കൊണ്ട് ജ്വലിക്കുകയായിരുന്നു.” ആദ്യമായി മദറിനെ കണ്ടു മുട്ടിയ അനുഭവം ഉഷാ ഉതുപ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

മഹാത്മാഗാന്ധിയും മദര്‍ തെരേസയും തമ്മില്‍ ഒരു സാമ്യം അവര്‍ കണ്ടെത്തി. വളരെ വേഗത്തില്‍ നടന്നിരുന്ന മദറിന് ഒപ്പമെത്താന്‍ താന്‍ കഷ്ടപ്പെട്ടിരുന്നു. ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

പലപ്പോഴായുള്ള കൂടിക്കാഴ്ചകള്‍ക്കു ശേഷം ഉതുപ്പ് തന്റെ റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയിലേക്കുള്ള യാത്രകളില്‍ മദറിന്റെ ഭവനത്തില്‍ കയറി അവരോടൊപ്പം അല്‍പ്പ സമയം ചിലവഴിക്കും. മദര്‍ നടത്തുന്ന പ്രേം ഡാന്‍, ശിശു മന്ദിര്‍, മദര്‍ ഹൗസ് എന്നീ മൂന്ന് ആശ്രമങ്ങളില്‍ പാടാന്‍ മദര്‍ അവരെ പലപ്പോഴും ക്ഷണിക്കും. കൊല്‍ക്കോത്തയിലെ മിഷനറി സന്യാസിനിമാരുടെ ചാരിറ്റി സെന്ററുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 4ന് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വത്തിക്കാന്റെ പ്രത്യേക ക്ഷണം ഇവര്‍ക്കുണ്ട്. വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്നതിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 3ന് വത്തിക്കാനില്‍ പാട്ടു പാടുന്നതിനുള്ള അവസരവും ഇവര്‍ക്കു ലഭിച്ചു.

മദര്‍ തെരേസയെ 2003ല്‍ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്ത ചടങ്ങില്‍ ഇവര്‍ പങ്കെടുക്കുകയും, അന്നത്തെ പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കാണുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login