മദര്‍ തെരേസയ്ക്കും ഭൂതോച്ചാടനം!

മദര്‍ തെരേസയ്ക്കും ഭൂതോച്ചാടനം!

പ്രായമായിക്കൊണ്ടിരിക്കുന്ന തന്റെ ശരീരത്തിന്റെ അവശതകളെ മറന്ന് മറ്റുള്ളവരുടെ അവശതകളില്‍ ആശ്വാസം പകരുന്നതിന് പരിശ്രമിച്ച മദറിനെ പോലും സാത്താന്‍ വെറുതെ വിട്ടിരുന്നില്ല. ഒരു ആശുപത്രി വാസത്തിനിടെയാണ് മദര്‍ സാത്താന്റെ പരീക്ഷണങ്ങള്‍ക്കിരയാകേണ്ടി വന്നത്.

രണ്ട് ഹൃദയാഘാതങ്ങളെ അതിജീവിച്ച വ്യക്തിയാണ് സെപ്റ്റംബര്‍ 4ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന  മദര്‍ തെരേസ. 1996ല്‍ ഹൃദയകോശങ്ങളുടെ സ്തംഭനം പിടിപെട്ട മദറിന് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനായി ശസ്ത്രക്രിയക്ക് വിധേയയാകേണ്ടതായും വന്നു.

പകല്‍ മുഴുവന്‍ സ്വസ്ഥതയോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മദര്‍ തെരേസയില്‍ രാത്രിയാകുമ്പോഴേക്കും അസ്വസ്ഥതകള്‍ കണ്ടു തുടങ്ങും. ഇരുട്ടിന് കനം വര്‍ദ്ധിക്കുന്തോറും മദര്‍ പരാക്രമങ്ങള്‍ നടത്തും. ഉറക്കം അവരില്‍ നിന്ന് വിട്ടുമാറി നിന്നു. തീരെ തളര്‍ന്ന് കിടക്കുമ്പോള്‍ പോലും എവിടെനിന്നോ ലഭിച്ച ശക്തി ഉപയോഗിച്ച് തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങള്‍ ഇവര്‍ വലിച്ചൂരും.

ആയിടെയാണ് കോല്‍ക്കത്ത ആര്‍ച്ച്ബിഷപ്പായ ഹെന്റി ഡിസൂസയെ അസുഖം ബാധിച്ച് അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദര്‍ തെരേസയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ തന്നെയാണ് അദ്ദേഹത്തെയും ശുശ്രൂഷിച്ചത്. അദ്ദേഹം ആര്‍ച്ച്ബിഷപ്പിനോട് മദര്‍ തെരേസയുടെ വിചിത്രമായ പ്രവര്‍ത്തികളെക്കുറിച്ച് പങ്കുവച്ചു.

മദറിന്റെ ഉറക്കമില്ലാമയ്ക്ക് പിന്നിലുള്ള ‘മെഡിക്കല്‍ റീസണ്‍സ്’ എന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല എന്ന് അദ്ദേഹം ആര്‍ച്ച്ബിഷപ്പിനോട് പറഞ്ഞു. ഇത് കേട്ട ആര്‍ച്ച്ബിഷപ്പ് മദറിനെ രാത്രിയില്‍ പിശാച് ബാധിക്കുന്നതാകാമെന്നും വൈദികന്റെ ആശീര്‍വാദത്താല്‍ ഇതിന് ശമനം ലഭിക്കുമെന്നും ഡോക്ടറോട് പറഞ്ഞു.

മദറിന്റെ സമ്മതത്തോടെ സിസിലി വൈദികനായ ഫാദര്‍ റൊസാരിയോ സ്‌ട്രോസ്‌കിയോ മദര്‍ തെരേസയില്‍ ഭൂതോച്ചാടനം നടത്തി. ഭൂതോച്ചാടനത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നതിനു മുന്‍പ് സമാധാന നോമ്പേല്‍ സമ്മാന ജേതാവായ മദര്‍ തെരേസ വിചിത്രമായി പെരുമാറിയെന്ന് കത്തോലിക്ക വൈദികനും ഭൂതോച്ചാടകനുമായ ഫാ. സ്‌ട്രോസ്‌കിയോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ക്കു ശേഷം മദര്‍ ശാന്തമായി. പിന്നീട് ശല്യങ്ങള്‍ ഇല്ലാതെ ഉറങ്ങാനും മദര്‍ തെരേസയ്ക്ക് കഴിഞ്ഞു.

 

നീതു മെറിന്‍

You must be logged in to post a comment Login