മദര്‍ തെരേസയ്ക്കു ലഭിച്ച ദര്‍ശനങ്ങള്‍

മദര്‍ തെരേസയ്ക്കു ലഭിച്ച ദര്‍ശനങ്ങള്‍

പാവങ്ങളില്‍ പാവങ്ങളിലാണ് മദര്‍ തെരേസ യേശുവിനെ ദര്‍ശിച്ചതെന്നത് സത്യം തന്നെ. എന്നാല്‍ മദര്‍ യേശുവിനെ കാണുകയും സംസാരിക്കുകയും ചെയ്ത ഒരു മിസ്റ്റിക് കൂടിയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം?

മദറിന് യേശു ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നുവെന്ന രഹസ്യം 30 വര്‍ഷത്തിലേറെ കാലം മദറുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന ഫാ. സെബാസ്റ്റിന്‍ വാഴക്കാലയ്ക്കു പോലും അറിയില്ലായിരുന്നു. ഒരു പക്ഷേ, അതായിരുന്നു മദറിന്റെ എളിമയുടെ ആഴം. ഒരു മിസ്റ്റിക് ആയി അറിയപ്പെടാനും ആളുകളാല്‍ ആദരിക്കപ്പെടാനും പാവങ്ങളുടെ അമ്മ ഇഷ്ടപ്പെട്ടില്ല.

മദര്‍ മരിച്ചതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് മദറും ആത്മീയ പിതാവും തമ്മിലുണ്ടായിരുന്ന ആശയവിനിമയങ്ങളടങ്ങിയ രേഖകള്‍ കൊല്‍ക്കോത്തയിലെ ഈശോ സഭാ ആര്‍ക്കൈവുകളില്‍ നിന്നും കണ്ടെടുത്തത്.

മദര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖകളില്‍ മദറിനുണ്ടായ ദര്‍ശനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 1946 സെപ്തംബര്‍ 1ജ മുതല്‍ 1947 ഡിസംബര്‍ 3 വരെയുള്ള കാലഘട്ടത്തില്‍ യേശു മദറിനോട് സംസാരിക്കുകയും ദര്‍ശനം നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് മദര്‍ ലൊറേറ്റോ കോണ്‍വെന്റില്‍ അംഗമായിരുന്നു.

ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനിടെ യേശു സംസാരിക്കുന്നത് മദര്‍ ശ്രവിച്ചു: ‘എനിക്ക് മറിയത്തെയും മര്‍ത്തായെയും പോലെയുള്ള ഇന്ത്യന്‍ കന്യാസ്ത്രീകളെ ആവശ്യമുണ്ട്. എന്റെ സ്‌നേഹത്തിനു വേണ്ടി സ്വയം ബലിയാകുന്നവര്‍. എന്റെ സ്‌നേഹം ആത്മാക്കളില്‍ പ്രകാശിപ്പിക്കാന്‍ അവര്‍ എന്നോട് ആഴമായി ഐക്യപ്പെട്ടിരിക്കണം’ ഈശോ പറഞ്ഞു.

മിഷണറീസ് ഓഫ് ചാരിറ്റി സഭ ആരംഭിക്കാന്‍ മദറിന് നിര്‍ദേശം ലഭിച്ചത് ദിവ്യകാരുണ്യസമയത്തുണ്ടായ ഇത്തരം ദര്‍ശനങ്ങളിലൂടെയാണ്.

‘ദാരിദ്ര്യാമകുന്ന കുരിശെടുക്കുന്ന കന്യാസ്ത്രീകളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അനുസരണയാകുന്ന കുരിശെടുക്കുന്നവരെ വേണം. പരസ്‌നേഹം എന്ന കുരിശെടുക്കുന്ന സ്‌നേഹത്താല്‍ നിറഞ്ഞവരെയും വേണം.’ ഒരിക്കല്‍ യേശു പറഞ്ഞു.

1947 ല്‍ യേശു മദറിനോട് ചോദിച്ചു; നീ എനിക്കായി ഇതു ചെയ്യാമോ? എനിക്ക് തനിയെ പാവങ്ങളുടെ പക്കല്‍ പോകാന്‍ കഴിയില്ലല്ലോ…നീ എന്നെ അവരുടെ പക്കലേക്ക് കൊണ്ടു പോകണം.

എന്നാല്‍, ആനന്ദത്തിന്റെ ഒരു കാലഘട്ടത്തിനു ശേഷം 1949 ല്‍ വലിയ ഇരുളിന്റെ ഒരു കാലം മദറിനെ മൂടി. അതെല്ലാം തന്റെ പാപവും അയോഗ്യതയും കൊണ്ടാണെന്നാണ് മദര്‍ ആദ്യം കരുതിയത്, ഫാ. വാഴക്കാല പറയുന്നു.

ഇരുണ്ടതും നിശബ്ദവുമായ ഈ കാലഘട്ടം ഏതാണ് 50 കൊല്ലം നീണ്ടു നിന്നു. അത് മദറിന്റെ ആത്മീയ സഹനങ്ങളുടെ കാലഘട്ടമായിരുന്നു. തന്റെ സഹനം കൊണ്ട് ആത്മാക്കള്‍ രക്ഷപ്പെടുമെങ്കില്‍ ലോകാവസാനം വരെ ഇങ്ങനെ സഹിക്കാന്‍ താന്‍ ഒരുക്കമാണെന്ന് മദര്‍ പറയുമായിരുന്നു എന്ന് ഫാ. വാഴക്കാല ഓര്‍മിക്കുന്നു.

‘ഞാന്‍ മരിക്കുമ്പോള്‍ കൂടുതല്‍ പേരെ ദൈവത്തിലേക്കു കൊണ്ടു വരും. സ്വര്‍ഗത്തില്‍ ഞാന്‍ വിശ്രമിക്കാന്‍ പോകുന്നില്ല. മറ്റൊരു രീതിയില്‍ ഞാന്‍ അധ്വാനിക്കാന്‍ പോവുകയാണ്’ എന്നും മദര്‍ പറഞ്ഞിരുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login