മദര്‍ തെരേസ പാവപ്പെട്ടവരുടെ മിശിഹായും ദുര്‍ബലരുടെ നെടുംതൂണും; രാഷ്ട്രപതി

മദര്‍ തെരേസ പാവപ്പെട്ടവരുടെ മിശിഹായും ദുര്‍ബലരുടെ നെടുംതൂണും; രാഷ്ട്രപതി

ന്യൂഡല്‍ഹി: അനുകമ്പയുടെ സാക്ഷാത്കാരമായിരുന്നു മദര്‍ തെരേസയെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മദര്‍ തെരേസ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ അതിയായ സന്തോഷമുണെ്ടന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മദറിന്റേത്. തന്നെ ദൈവത്തിന്റെ കൈയിലെ ഒരു ചെറിയ പെന്‍സിലായിട്ടു കണ്ട മദര്‍ തന്റെ സേവനങ്ങള്‍ പുഞ്ചിരിയോടെയും മാനുഷത്വത്തോടെയും ശാന്തമായി ചെയ്തു.

ജീവിതത്തില്‍ പരാജിതരായവരെ അന്തസും ബഹുമാനവും നല്‍കി മദര്‍ വീണെ്ടടുത്തു. പാവപ്പെട്ടവരുടെ മിശിഹായും ദുര്‍ബലരുടെയും പീഡിതരുടെയും നെടുതൂണുമായിരുന്നു മദര്‍. മദറിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റരീതികള്‍ എല്ലാ വിശ്വാസത്തിലും പെട്ട കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.

മദറിന്റെ സ്‌നേഹ സന്ദേശം ലോകത്തെ കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. മനുഷ്യത്വത്തോടും ദൈവത്തോടുമുള്ള സേവനങ്ങളുടെ പേരില്‍ മദര്‍ വിശുദ്ധയാകുമ്പോള്‍ എല്ലാ ഇന്ത്യക്കാരനും അഭിമാനമാണ്. മദറിന്റെ മാതൃക മനുഷ്യസമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും മാതൃകയാകട്ടെ .രാഷ്ട്രപതി ആശംസിച്ചു.

You must be logged in to post a comment Login