മദറിനെ വില്‍ക്കണോ?

മദറിനെ വില്‍ക്കണോ?

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് മദര്‍ തെരേസയുടെ രൂപങ്ങള്‍ വാങ്ങാന്‍ ആളില്ല എന്നത്. പോര്‍സലൈന്‍ വിശുദ്ധ രൂപങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന സ്പാനിഷ് കമ്പനിയായ ലാര്‍ഡോ നിര്‍മിച്ച വി. മദര്‍ തെരേസയുടെ രൂപങ്ങള്‍ക്ക് വിശ്വാസികളില്‍ നിന്ന് തണുത്ത പ്രതികരണമായിരുന്നു എന്നതാണ് വാര്‍ത്ത.

12 ഇഞ്ച് ഉയരമുള്ള മദര്‍ രൂപങ്ങള്‍ക്ക് സ്പാനിഷ് ആഢംബര കമ്പനി ഇട്ടിരുന്ന വില 40,000 ഇന്ത്യന്‍ രൂപ!

എന്തു കൊണ്ടായിരിക്കും മദര്‍ തെരേസയുടെ രൂപം ജനങ്ങള്‍ വാങ്ങാതെ പോയത്? അതിനു പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ നൈതികമായൊരു പ്രശ്‌നം ഇതില്‍ സുവ്യക്തമായി കിടപ്പുണ്ട്. പാവങ്ങളില്‍ പാവങ്ങളെ സേവിക്കാന്‍ തെരുവിലെ ഏറ്റവും താഴേക്കിടയിലേക്കിറങ്ങിയ മദറിനെ ഇത്തരം ആഢംബര രൂപങ്ങള്‍ കൊണ്ട് കച്ചവട വല്ക്കരിക്കുന്നത് ആദരവോ മദറിന്റെ ചൈതന്യത്തോടുള്ള അനാദരവോ?

മദറിനെയെങ്കിലും വെറുതെ വിട്ടുകൂടേ, കച്ചവടങ്ങളില്‍ നിന്ന്?

വി. ഫ്രാന്‍സിസ് അസീസ്സി കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിശുദ്ധരില്‍ ഒരാളാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പള്ളികളുടെ മുന്നില്‍ മറ്റു നൊവേനപ്പള്ളികളുടെ മുന്നില്‍ കാണുന്നതു പോലുള്ള തിരക്കില്ല. ആശ്രമ ജീവിതത്തിന് ഭംഗം വരുത്തുമെന്ന് സാഹചര്യം വന്നപ്പോള്‍ വി. ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ നിന്നു നേരത്തെ മരിച്ചു പോവുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ആളെ കൂട്ടുകയും ചെയ്തിരുന്ന ഒരു വിശുദ്ധനോട് ഈ അത്ഭുതങ്ങള്‍ നിര്‍ത്തുക എന്ന് ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചതായി വായിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തില്‍ ആഹ്ലാദിച്ചിരുന്ന, അത്ഭുതങ്ങളില്ലാതെ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫ്രാന്‍സിസിന്റെ ചൈതന്യത്തിന് അത്ഭുതങ്ങളുടെ സമൃദ്ധി ചേരുകയില്ല എന്നതു കൊണ്ടാകാം, അദ്ദേഹത്തിന്റെ പള്ളികളില്‍ നൊവേനകളുടെ ആഘോഷങ്ങള്‍ കാണാത്തത്.

മദര്‍ തെരേസയും ഇക്കൂട്ടത്തില്‍ പെടുന്ന ഒരു വിശുദ്ധയല്ലേ? സ്വര്‍ണം, വെള്ളി രൂപങ്ങളും തിരുനാളുകളുടെ അമിതാഘോഷങ്ങളുമൊന്നും മദറിന്റെ ചൈതന്യത്തിന് ചേരില്ല. മദറിന്റെ ചൈതന്യം തെരുവിലലയുന്നവന്റെ വിശപ്പടങ്ങിയ ആഹ്ലാദങ്ങളിലാണ്. വെറുതെയല്ലെന്നു തോന്നുന്നു, മദറിന്റെ ആഢംബരരൂപം വാങ്ങാന്‍ ആളില്ലാതെ പോയത്!
ഫ്രേസര്‍

You must be logged in to post a comment Login