മദർ തെരേസക്കു പിന്നാലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർ….?

മദർ തെരേസക്കു പിന്നാലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർ….?

സെപ്റ്റംബർ 4 ന് മദർ തെരേസ വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഭാരതീയർ. അടുത്ത ദിവസങ്ങളിൽ തന്നെ വിശുദ്ധരാക്കപ്പെടുന്ന മറ്റു നാലു പേരുടെ വിശുദ്ധപദപ്രഖ്യാപനത്തീയതിയും ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.

പോളണ്ട് സ്വദേശിയായ വാഴ്ത്തപ്പെട്ട സ്റ്റാൻസി ലാവൂസ് ആണ് പ്രഖ്യാപനപ്പട്ടികയിലെ രണ്ടാമൻ. പിയാറിസ്റ്റ് സഭാംഗമായിരുന്ന അദ്ദേഹം ‘മരിയൻസ് ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ’ എന്ന സഭയുടെ സ്ഥാപകൻ കൂടിയാണ്. ജൂൺ 5 ന് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും.

സ്വീഡൻ സ്വദേശിയായ സിസ്റ്റർ മരിയ എലിസബത്ത് ഹെസൽ ബ്ലാഡ് ആണ് മൂന്നാമത്തെയാൾ. ലൂഥറൈൻ സഭ വിട്ട് കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും പിന്നീട് സ്‌കാൻഡിനേവിയൻ ക്രൈസ്തവരെ ഒരുമിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത വ്യക്തിയാണ് സിസ്റ്റർ മരിയ എലിസബത്ത് ഹെസൽ ബ്ലാഡ്. വാഴ്ത്തപ്പെട്ട സ്റ്റാൻസി ലാവൂസിനൊപ്പം ജൂൺ 5ന് സിസ്റ്ററും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും.

‘ഗൗച്ചോ പ്ലീസ്റ്റ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നയാളാണ് വാഴ്ത്തപ്പെട്ട ജോസ് ഗബ്രിയേൽ ഡെൽ റൊസാരിയോ. ഫ്രാൻസിസ് പാപ്പയുടെ ജൻമനാടായ അർജന്റീനിയൻ സ്വദേശിയാണ് അദ്ദേഹം. ഒക്ടോബർ 16 നാണ് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

മെക്‌സിക്കൻ സ്വദേശിയായ വാഴ്ത്തപ്പെട്ട ജോസ് ലൂയിസ് സാഞ്ചസും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് ഒക്ടോബർ 16 ന് ആണ്. ഭീഷണികൾക്കു മുൻപിൽ വഴങ്ങാതെ സധൈര്യം വിശ്വാസം പ്രഘോഷിച്ച് രക്തസാക്ഷിത്വം വരിച്ചയാളാണ് വാഴ്ത്തപ്പെട്ട ജോസ് ലൂയിസ് സാഞ്ചസ്.

You must be logged in to post a comment Login