മധുരനൊമ്പരക്കാറ്റു പോലെ…

മധുരനൊമ്പരക്കാറ്റു പോലെ…

IMG_1433

വേര്‍പാടിന്റെ വിനാഴിക വരെ സ്‌നേഹം അതിന്റെ ശരിക്കുള്ള ആഴങ്ങള്‍ അറിയുന്നില്ല’ എന്നെഴുതിയ ഖലീല്‍ ജിബ്രാന്‍ മനുഷ്യമനസ്സിന്റെ ആഴങ്ങള്‍ മനസ്സിലാക്കിയ ആളാണ്. ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടൊരാള്‍ പെട്ടെന്നൊരു നാള്‍ പിരിഞ്ഞു പോകുമ്പോള്‍ നിങ്ങള്‍ കരയാതിരിക്കാന്‍ മനസ്സിലുള്ള മുഴുവന്‍ തത്വചിന്തകളും കാര്യകാരണ സഹിതം നിരത്തി വച്ചാലും ആര്‍ദ്രതയുടെ, മനുഷ്യത്വത്തിന്റെ, കരുണയുടെ അംശങ്ങള്‍ നിങ്ങളില്‍ ബാക്കിയുണ്ടെങ്കില്‍ ഒരു നിമിഷം നിങ്ങളുടെ ഹൃദയം വലിയൊരു നിലവിളിയായി മാറും. മരുഭൂമിയുടെ ആത്മീയത കൊണ്ട് ഈ കണ്ണീരിനെ പരിഹസിക്കാനൊന്നും ശ്രമിക്കേണ്ടതില്ല. ഇതാണ് മനുഷ്യത്വം. ദൈവം മനുഷ്യഹൃദയത്തില്‍ കൃപയായി നിറച്ചു വച്ച സ്‌നേഹത്തില്‍ കുതിര്‍ന്ന മനുഷ്യത്വം. സ്‌നേഹം എത്ര മേല്‍ ആഴമുള്ളതാണോ അത്ര മേല്‍ ആഴുമുള്ളതായിരിക്കും നിങ്ങളും ദുഖം, കണ്ണീര്‍. അല്ലെങ്കില്‍ പറയൂ, ക്രിസ്തു ലാസറിന്റെ ശവകുടീരത്തില്‍ കണ്ണീര്‍ വാര്‍ത്തതെന്തിന്? ആളുകളെ കാണിക്കാന്‍ മാത്രമോ? ഉള്ളില്‍ സങ്കടമില്ലാതെ ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം കരയുന്ന ഒരാളായിട്ടാണോ നാം ക്രിസ്തുവിനെ കാണേണ്ടത്? ഒറ്റ വിശദീകരണമേയുള്ളൂ. യേശു ലാസറിനെ അത്ര മേല്‍ സ്‌നേഹിച്ചിരുന്നു. സ്‌നേഹിക്കുന്നവര്‍ പിരിയുമ്പോള്‍ ഭൂമിയിലുള്ളവര്‍ കടന്നു പോകുന്ന ആഴമായ സങ്കടത്തെ അവിടുന്ന് ബഹുമാനിച്ചിരുന്നു.

ഹൃദയത്തിലെ കണ്ണീര്‍ ഇനിയും തോരാത്ത ഒരാളുടെ അനുഭവക്കുറിപ്പുകളുമായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. കണ്ണീര്‍ തോരുന്നില്ല എന്നതിനര്‍ത്ഥം വിഷാദത്തിനു കീഴ്‌പ്പെടുന്നു എന്നല്ല, ഒരിക്കലും മായ്ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സ്‌നേഹത്തിന്റെ ഓര്‍മ മനസ്സില്‍ സൂക്ഷിച്ചു വയ്ക്കാന്‍, ആ സ്‌നേഹത്തിന്റെ ഓര്‍മകളില്‍ ഹൃദയം കുതിര്‍ത്തി വയ്ക്കാന്‍ ഒരാള്‍ മുതിരുന്നു എന്നു മാത്രമാണ്. വേര്‍പാടിന്റെ വിനാഴികയില്‍ സ്‌നേഹത്തിന്റെ അഗാധത അയാള്‍ അറിഞ്ഞു എന്നാണ്. ആ അറിവ് ഒരു മഴപ്പെയ്ത്തു കാലമായി നിറഞ്ഞു എന്നാണ്.

എത്ര പ്രിയപ്പെട്ടവരായാലും അയാള്‍ പോയ്ക്കഴിയുമ്പോള്‍ സൗകര്യപൂര്‍വം അയാളെ മറന്നു കഴിയുന്ന പ്രായോഗിക ലോകത്തില്‍ ഒരാള്‍ അയാളുടെ പ്രിയതമയുടെ ഓര്‍മകള്‍ ഒരു മെഴുകുതിരി പോലെ കൊണ്ടു നടക്കുന്നു. ഏതൊരു സംഭാഷണത്തിനിടയിലും പ്രിയപ്പെട്ട ഓര്‍മകളിലേക്ക് വാക്കുകള്‍ വഴുതുന്നു. ഇത് ശാന്തിമോന്‍ ജേക്കബിന്റെയും അദ്ദേഹത്തിന്റെ പ്രിയതമ മിനിയുടെയും കഥയാണ്. ഏറ്റവും ആകസ്മികമായ ഒരു നിമിഷത്തില്‍ ഒരു യാത്ര പോലും പറയാതെ അവള്‍ കടന്നു പോയപ്പോള്‍ ശാന്തിമോന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടു: ‘മഹിമ എന്റെ ജീവിതത്തില്‍ നിന്നും പോയ്മറഞ്ഞു…45 വയസ്സായിരുന്നു പ്രായം!’

വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. 45 വയസ്സാണ് മരിക്കാന്‍ നല്ല പ്രായം എന്ന് ശാന്തിമോന്‍ എഴുതിയത് ആ വര്‍ഷം നവംബര്‍ ലക്കത്തിലേക്കാണ്. ശാലോം ടൈംസില്‍. സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്ര എന്ന ലേഖനം ഫ്രാന്‍സിസ് അസ്സീസിയുടെ വരപ്രസാദനിര്‍ഭരമായ മരണത്തെ കുറിച്ചു പരാമര്‍ശിച്ചു കൊണ്ട് ആരംഭിക്കുന്നതായിരുന്നു, മരണത്തെ കുറിച്ചു ധ്യാനപൂര്‍ണമാകുന്ന ആ ലേഖനം. ദൈവമല്ലാതെ ആരറിഞ്ഞു, 45 ാം വയസ്സിന്റെ പടിവാതിലില്‍ വച്ച് മിനിയുടെ ആയുസ്സ് കവര്‍ന്നെടുക്കപ്പെടുമെന്ന്! വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തെ പരാമര്‍ശിച്ചു ശാന്തിമോന്‍ എഴുതി: ‘മരച്ചില്ലയില്‍ വന്ന് എപ്പോഴോ ഇരുപ്പുറപ്പിച്ച കിളി പറന്നുപോകുംപോലെ അയാള്‍ കടന്നുപോയി; ഇളംകാറ്റിനെപോലും നുള്ളിനോവിക്കാതെ…’ മിനിയും പറന്നുപോയിരിക്കുന്നു; ഇളംകാറ്റിനെ പോലും നോവിക്കാതെ, പാദപതനം പോലും ഭൂമിയെ അറിയിക്കാതെ; നാല്‍പ്പത്തഞ്ചാം വയസ് ആകാന്‍ 50 ദിവസം ബാക്കിനില്‍ക്കെ!

മിനി ലണ്ടനില്‍ മരിച്ചു വീഴുന്ന നേരത്ത് ശാന്തിമോന്‍ അമേരിക്കയിലായിരുന്നു. ടെക്‌സാസില്‍ തലേദിവസം പ്രസംഗിച്ചതും മരണത്തെ കുറിച്ച്!

വിഷാദാര്‍ദ്രവും സ്‌നേഹസാന്ദ്രവുമായ ഓര്‍മകളാണ് ശാന്തിമോന് മിനിയുടെ മരണത്തെ കുറിച്ചുള്ളത്. ‘അതിരാവിലെ മിനി പള്ളിയിലെത്തി. പള്ളിക്കാര്യങ്ങളില്‍ സഹായിക്കുന്ന ഐടി കമ്പനിയില്‍ മാനേജരായ റെജിനാള്‍ അബ്രഹാംസ് ആണ് മിനി വീഴുന്നത് ആദ്യമായി കണ്ടത്. പള്ളിയുടെ ആദ്യവാതില്‍ കടന്ന മിനി നിലത്തുമുട്ടുകുത്തുന്നത് ആണ് റെജ് കണ്ടത്. അതെന്താ അങ്ങനെയെന്നു ചിന്തിക്കും മുന്‍പേ അവള്‍ മുഖം കുത്തി നിലത്തു വീണു. ഒരു സ്രാഷ്ടാംഗപ്രണാമം പോലെ! അദ്ദേഹം ഓടി അടുത്തുവന്നു. കയ്യില്‍പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ ശരീരം കുഴഞ്ഞുപോകുന്നതായി അറിഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം മൊബൈല്‍ ഫോണില്‍ ആംബുലന്‍സ് സര്‍വീസിനെ വിളിച്ചു. ഏതു ദുരന്തത്തിലും ഞൊടിയിടയില്‍ ഓടിഎത്തുന്നതാണ് ഇംഗ്ലണ്ടിലെ ആംബുലന്‍സ് സര്‍വീസ്.

മാത്യൂ ഹെസ്ലിന്‍ എന്നാണ് ഞങ്ങളുടെ വികാരിയുടെ പേര്. ആ ഞായറാഴ്ച അദ്ദേഹം സന്നിഹിതനായിരുന്നില്ല. അദ്ധേഹത്തിന്റെ പിതാവ് തളര്‍ന്നു വീണതിനാല്‍ ജന്മനാടായ അയര്‍ലണ്ടിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം. അയര്‍ലണ്ടിലെ ഒരു പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന എണ്പ്ത്കഴിഞ്ഞ ഒരു വൈദീകനാണ് പകരം എത്തിയിട്ടുള്ളത്. കാനന്‍ ഡെന്നീസ് ഓ’മാലി. ദേവാലയത്തില്‍ വന്നെത്തിയിട്ടുള്ള ജനങ്ങളോട് അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍ക്കിടയില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ പെട്ടെന്ന് പോര്‍ച്ചിലേക്കു വരിക. ഒരു സ്ത്രീ തളര്‍ന്നു വീണിരിക്കുന്നു’

ആദ്യം പുറത്തെത്തിയതു മാത്യൂ എന്ന ‘മാറ്റ്’ ആണ്. ഒക്‌സ്‌ഫോഡിലെ മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ മിടുക്കന്‍. അദ്ദേഹം മിനിക്ക് കൃത്രിമശ്വാസം നല്കിത്തുടങ്ങി. മറ്റുരണ്ടു മുതിര്‍ന്ന ഡോക്ടര്‍മാരും കുര്‍ബാനയ്ക്ക് എത്തിയിരുന്നു. അവരും പുറത്തേയ്ക്ക് വന്നു മാറ്റിനെ സഹായിച്ചുതുടങ്ങി.

കൃത്യം എട്ടാം മിനിറ്റില്‍ ആദ്യത്തെ ആംബുലന്‍സ് എത്തി; നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാമതൊന്നും. പാരാമെഡിക്കല്‍ സ്റ്റാഫ് ദൗത്യം ഏറ്റെടുത്തു. മിനിയുടെ ഉള്ളില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ട്; പക്ഷെ, ശരീരം പ്രതികരിക്കുന്നില്ല. ശരീരം പ്രതികരിച്ചുതുടങ്ങിയാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാം. ഇതിനിടയില്‍ ദിവ്യബലി തുടങ്ങിയിരുന്നു കാനന്‍ ഓ’മാലി. കുര്‍ബാനയില്‍ വചനവായന തുടങ്ങി. സുവിശേഷം വായിച്ചു തീര്‍ന്നപ്പോള്‍ ആ വൈദീകന്‍ ഒരു പ്രവചനം പോലെ പറഞ്ഞു: ‘അവള്‍ക്ക് അന്ത്യകൂദാശ നല്കാന്‍ സമയമായിരിക്കുന്നു!’

സക്രാരി തുറന്ന് അദ്ദേഹം ദിവ്യകാരുണ്യം എടുത്തു. സങ്കീര്‍ത്തിയില്‍ നിന്ന് അന്ത്യകൂദാശയ്ക്കുള്ള മൂറോന്‍ തൈലവും. അത് കത്തോലിക്കാ സഭയില്‍ അസാധാരണമാണ്. വിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ അന്ത്യകൂദാശ! അത് സംഭവിക്കുകയാണ്. കൃതൃമശ്വാസം നല്‍കിക്കൊണ്ടിരിക്കുന്ന രോഗിക്ക് മറ്റു യാതൊന്നും നല്‍കാന്‍ പാടില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ ചട്ടം. ഈ ദേവാലയത്തില്‍ അതും സംഭവിക്കുകയാണ്. ദിവ്യകാരുണ്യത്തെ അത്രമേല്‍ ആരാധിച്ച മിനിയെ തേടി സക്രാരിയില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നു ദൈവം!’

മിനിയുടെ മരണവാര്‍ത്ത അതിവേഗം അമേരിക്കയിലെ ടെക്‌സാസില്‍ എത്തി. വളരെ വിവേകപൂര്‍വം ശാലോമിന്റെ നേതൃശുശ്രൂഷകര്‍ വെളിപ്പെടുത്തിയ വാര്‍ത്തയുടെ ചുരുള്‍ വിടര്‍ന്നപ്പോള്‍, ശാന്തിമോന് ചിത്രങ്ങള്‍ വ്യക്തമായി. മിനി യാത്രയായിരിക്കുന്നു, എന്നേയ്ക്കുമായി.

‘ ഫോണ്‍ എന്റെ കയ്യിലിരുന്നു വിറച്ചു; എനിക്കുചുറ്റും ഭൂമി ഭ്രാന്തമായി കറങ്ങി. തൊട്ടടുത്ത് കണ്ട കസേരയില്‍ ഞാനിരുന്നു. ഇത് സ്വപ്നമാണോ? ഞാനെന്റെ കൈത്തണ്ടയില്‍ ശക്തിയായി നുള്ളിനോക്കി; വേദനയുണ്ട്.’ ശാന്തിമോന്‍ എഴുതുന്നു.
‘ഫേസ്‌ടൈം വീഡിയോയിലൂടെ എന്റെ കൂട്ടുകാരന്‍ ജൂഡി അവളുടെ മുഖം കാണിച്ചു തരികയാണ്; ആശുപത്രിയിലെ കട്ടിലില്‍ മിനി. കണ്ണടച്ച് ശാന്തമായി കിടക്കുകയാണ് അവള്‍. മുഖത്ത് നേരിയൊരു ചിരി പോലുമുണ്ട്!

എന്റെ ഇടനെഞ്ചു പൊട്ടി; എന്റെ ചുറ്റും നില്‍ക്കുന്നവരെ ഞാന്‍ കണ്ടില്ല; അവരുടെ സാന്ത്വനങ്ങള്‍ കേട്ടില്ല. ഒരു പേമാരിപോലെ ഞാന്‍ കരഞ്ഞുപെയ്തുകൊണ്ടിരുന്നു. 21 വര്‍ഷം എന്റെ ജീവന്റെ ജീവനായിരുന്നവള്‍; ഒരു കാവല്‍ മാലാഖയെപോലെ എന്നോടൊപ്പം ഉണ്ടായിരുന്നവള്‍; എന്റെ സങ്കടങ്ങളില്‍ എന്നെ താങ്ങിയവള്‍; സന്തോഷങ്ങളില്‍ ഹൃദയം തുറന്ന് ആഹ്ലാദിച്ചവള്‍!
എത്രയോ വേദികളില്‍ എനിക്കൊപ്പം എത്തിയവള്‍; രാത്രികള്‍ പകലാക്കി ജപമാല ചൊല്ലിയവള്‍; എനിക്കുവേണ്ടി നൊമ്പരങ്ങള്‍ ഏറ്റെടുത്തവള്‍;അവളാണ് ഒരു യാത്രപോലും പറയാതെ…

വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ ആ ആശുപത്രിമുറിയില്‍ കടന്നു. എന്നോടൊപ്പം വന്നവരെയെല്ലാം ഞാന്‍ പുറത്തുനിര്‍ത്തി. ആ മുറിയില്‍ ഞാനും അവളും തനിച്ചായി.
കട്ടിലിന്റെ ഇടതുവശത്ത് മുട്ടുകുത്തി ഞാന്‍ നിന്നു; വാതിലിനു പുറത്ത് നിരവധി കണ്ണുകള്‍ ഞങ്ങളെ നോക്കുന്നുണ്ട്. ഞാന്‍ അവളുടെ മുഖത്ത് അമര്‍ത്തി ചുംബിച്ചു; ആ ചുണ്ടുകളില്‍ ഒരു ചിരി മെല്ലെ വിരിയുന്നതുപോലെ തോന്നി. പതിവിലും തണുപ്പായിരുന്നു അവളുടെ ശരീരത്തിന്. കിടക്കറയില്‍ കടന്നാല്‍ ഒരുമിച്ചു പ്രാര്‍ഥിച്ചിരുന്നു ഞങ്ങള്‍; ഇരുവരും മുട്ടുകുത്തി; കരങ്ങള്‍ ചേര്‍ത്ത്, കണ്ണുകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി. അതായിരുന്നു പതിവ്.
ഇന്ന് ഞാന്‍ മാത്രം മുട്ടിന്മേല്‍; അവള്‍ ശാന്തമായി ഉറങ്ങുകയാണ്.
ഞാന്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു. ഇന്നേവരെ എന്റെ പ്രാര്‍ഥനകള്‍ ഒന്നും കേള്‍ക്കാതെ ഇരുന്നില്ല ദൈവം. ഞങ്ങള്‍ ഒരുമിച്ച് ചോദിച്ചതെല്ലാം അവിടുന്ന് ഞങ്ങള്‍ക്കു തന്നു. ശാന്തമായ ഒരു കുടുംബജീവിതം; അനുസരണയുള്ള മക്കള്‍.

ഞാന്‍ ഉറച്ചു വിശ്വസിച്ചു; ലാസറിനെ ഉയിര്‍പ്പിച്ച ദൈവം ഇന്ന് എന്റെ നിലവിളി കേള്‍ക്കും; ഈ തണുത്ത മുറിയില്‍ ഒരു ഉറക്കച്ചടവോടെ അവള്‍ എഴുന്നേറ്റു വരും. നേരിയ പരിഭ്രമത്തോടെ അവള്‍ തിരക്കും: ‘എന്തുപറ്റി, ശാന്തിമോനെ…?’
ഞാന്‍ കരങ്ങള്‍ ആവുന്നത്ര ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹൃദയം നുറുങ്ങി പ്രാര്‍ഥിച്ചു:’സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങേക്ക് മരണത്തിന്റെയും ജീവന്റെയും മേല്‍ അധികാരമുണ്ട്. എന്റെ അഭാവത്തില്‍ നീ തിരികെ വിളിച്ച എന്റെ പ്രിയപ്പെട്ടവളുടെ ആത്മാവിനെ നീ തിരികെ തരേണമേ? ലാസറിനു ജീവന്‍ തിരികെ നല്കിയ നിനക്ക് ഇത് അസാധ്യമല്ലല്ലോ?’

ചില പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കാതെ പോകുന്നു. എന്തിനെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഇത്ര പ്രിയപ്പെട്ടതൊന്ന് നീ തന്നതെന്തിന് എന്നു ചോദിക്കുന്നതും എന്തിനത് തിരികെ എടുത്തു എന്നു ചോദിക്കുന്നതും ഒരു പോലെ!

മനുഷ്യന്റെ ജീവിതവഴികള്‍ മുന്‍കൂട്ടി വരച്ചുവച്ചതാരാണ് എന്ന് അമ്പരക്കുന്ന ഇയ്യോബിനെ പോലെ മനുഷ്യന് ആകസ്മികതയുടെ മുന്നില്‍ വിസ്മയഭരിതനാകുന്നു. നമ്രശീര്‍ഷനാകുന്നു. വാക്കിലും ദര്‍ശനത്തിലും ഭാവി യാഥാര്‍ത്ഥ്യങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്നതും ആരാണ്? നമ്മുടെ ജീവിതം ഒരു നിയോഗമാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഭാവിയുടെ ചില പ്രകാശസ്ഫുരണങ്ങള്‍ പ്രാര്‍ത്ഥനയില്‍ വഴിഞ്ഞു വീഴുന്നു. ശാന്തിമോന്റെ ഒരു ഡയറിക്കുറിപ്പില്‍ നിന്ന്:
‘എന്റെ പക്കലുണ്ട്, 2012 എന്ന് പുറംചട്ടയില്‍ വര്‍ഷം കുറിച്ച ഒരു ചുവന്ന ഡയറി. അതില്‍, മെയ് 25 മുതല്‍ ജൂണ്‍ 2 വരെയുള്ള തീയതികളില്‍ വിലപ്പെട്ട ചില വിവരങ്ങള്‍. പത്തുദിവസത്തെ പരിശുദ്ധാന്മധ്യാനം വെയില്‍സിലെ കെഫിന്‍ ലീ പാര്‍ക്കില്‍ നടന്ന ദിവസങ്ങള്‍ ആയിരുന്നു അത്. നാല് ദര്‍ശനങ്ങള്‍ അന്ന് ഞാന്‍ കണ്ടു. ഒരു വലിയ മേശയില്‍ ഒരുക്കിവച്ചിരിക്കുന്ന ‘പേപ്പല്‍ ക്രോസ്’ ഒടിഞ്ഞു വീഴുന്നതായിരുന്നു ആദ്യത്തെ ദര്‍ശനം. യാക്കോബായ, ഓര്‍ത്തഡോക്‌സ് മെത്രാന്മാരുടെതു പോലെ തിരുവസ്ത്രം ധരിച്ച ഒരാള്‍ കര്‍ദിനാള്‍മാരുടെ ഒപ്പം കുര്‍ബാന ചൊല്ലുന്നതായിരുന്നു രണ്ടാമത്തേത്. വെളുത്ത വെല്‍വെറ്റ് തുന്നിയ പെട്ടിക്കുള്ളില്‍ പൂക്കള്‍ക്കിടയില്‍ കണ്ണടച്ച് കിടക്കുന്ന മിനി ആയിരുന്നു മൂന്നാമത്തെ ദര്‍ശനത്തില്‍!’

ഓര്‍മകള്‍ സ്‌നേഹസാന്ദ്രമാകുമ്പോള്‍ ശാന്തിമോന്റെ വാക്കുകള്‍ ആര്‍ദ്രമധുരമാകുന്നു: ‘ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ബന്ധമാണ് ദാമ്പത്യം. അനുനിമിഷം പ്രണയം നിറയേണ്ട ഇടം. ‘പ്രണയത്തിന് ഒരു മുഖക്കുറിപ്പ് എഴുതണമെങ്കില്‍ എനിക്ക് നിന്റെ കണ്ണുകള്‍ കാണണം. ഒരു കടലിന്റെ ആഴമുണ്ട് അതില്‍. എന്റെ ഹൃദയത്തിന്റെ താളമുണ്ട് അതില്‍…’ 21 വര്‍ഷം പഴക്കമുള്ള ഒരു പ്രണയലേഖനത്തിലെ വരികള്‍. ഒരു ചെറുപ്പക്കാരന്‍ തന്റെ പതിശ്രുത വധുവിന് അയച്ച കത്തില്‍ നിന്നാണ് അത്!

IMG_143521 വര്‍ഷത്തെ ജീവിതത്തില്‍ ലഭിച്ച സമ്മാനങ്ങളെല്ലാം വളപ്പൊട്ടുകള്‍ ശേഖരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ കൗതുകത്തോടെയും സ്‌നേഹാര്‍ദ്രമായ ശ്രദ്ധയോടെയും സൂക്ഷിച്ചു വച്ച മിനിയുടെ പെട്ടിക്കു മുന്നില്‍ താങ്ങാനാവാത്ത കണ്ണീരോടെ ശാന്തിമോന്‍ നിന്നു. ‘ഞാന്‍ അവള്‍ക്കയച്ച സകല കത്തുകളും അതിലുണ്ട്; ബാല്യത്തില്‍ വളപ്പൊട്ടുകളും മയില്‍പ്പീലിതുണ്ടുകളും സൂക്ഷിച്ച അതെ കൌതുകത്തോടെ അവളതു കാത്തുവച്ചു; ഒരിക്കല്‍ എന്റെ കണ്ണുകള്‍ നനയിക്കാന്‍!’

ബന്ധങ്ങള്‍ വലിയ കാര്യമല്ല എന്നു വിശ്വസിക്കുന്ന ഒരു ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ശാന്തിമോന്റെയും മിനിയുടെയും സ്‌നേഹബന്ധം ഒരു സന്ദേശമാകുന്നത്. ദാമ്പത്യബന്ധങ്ങളില്‍ മടുപ്പ് കലരുന്ന പാശ്ചാത്യ ഡിസ്‌പോസിബിള്‍ സംസ്‌കാരത്തിന് ഒരു ക്രിസ്തീയമായ മറുപടി കൂടിയാണ് ഈ ബന്ധത്തിന്റെ ഊഷ്മളത. നിനക്കും എനിക്കും ഇടയിലെ ദൈവം! അതാണ് രഹസ്യം! ഇതാണ് പുതിയ കാലത്തിന്റെ ന്യൂജെന്‍ ബന്ധങ്ങളില്‍ ഇല്ലാതെ പോകുന്നത്. ഓര്‍മയുള്ള കാലത്തോളം നിന്നെ ഞാന്‍ മറക്കാതിരിക്കട്ടേ എന്ന പ്രാര്‍ത്ഥനയില്‍ ദൈവമുണ്ട്, തീര്‍ച്ച.

പരിശുദ്ധാത്മാവിനെ കുറിച്ച് പറയുമ്പോള്‍ യേശു പറയുന്ന ഒരു വാക്യമുണ്ട് ‘കാറ്റ് പോലെ അവന്‍ വരുന്നു, എവിടെ നിന്നു വരുന്നു എന്നോ എവിടേക്കു പോകുന്നുവെന്നോ ആര്‍ക്കുമറിയില്ല…’ സത്യത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ എവിടെ നിന്നു വന്നുവെന്നും എങ്ങനെ നമ്മുടെ പ്രിയപ്പെട്ടവരായി എന്നും നമുക്കെന്തറിവുണ്ട്? ഒരു കാറ്റു പോലെ വന്നു. കുളിരു പെയ്ത് തെന്നലായ് മറയുന്ന ജീവിതങ്ങള്‍. ഓര്‍മകള്‍ നിറയെ മധുരം. നീ മറഞ്ഞു പോയതിനാല്‍ വിഷാദമധുരം….!

 

 

അഭിലാഷ് ഫ്രേസര്‍.

3 Responses to "മധുരനൊമ്പരക്കാറ്റു പോലെ…"

 1. Rajan Mathew   May 18, 2015 at 9:23 pm

  The narration of this real story touches heart. The relation between husband and wife will last till death . The genuine love comes from the bottom of heart.

 2. sophy   May 19, 2015 at 12:54 am

  Heart touching love story

 3. Leela   May 19, 2015 at 3:32 am

  John 15:2
  Beaty of the Sacrament of marriage … Mentoring morale for all the couples …
  Preparing each other through the loving life to see the Merciful devine face of the Lord at heaven ! … Eternity is our destination ! . let us pray for the”called” ones other face of daily sacramental life of martryredum ” through the vocation of marriage life to lead the other soul to the lap’s of Abba and to blossom like jasmine flower at Abba’s garden of heaven . …
  Amen ..+

You must be logged in to post a comment Login