മനിലയിലെ ‘ആം ആദ്മി’ വൈദികന്‍

മനിലയിലെ ‘ആം ആദ്മി’ വൈദികന്‍

മനില: അഴിമതിരഹിത രാഷ്ട്രീയമെന്ന മുദ്രാവാക്യവുമായി മൂന്നു വര്‍ഷങ്ങള്‍ മുന്‍പ് തലസ്ഥാനഗരിയില്‍ ഒരിത്തിരിപ്പൊക്കക്കാരന്‍ ചൂലുമെടുത്തിറങ്ങിയപ്പോള്‍ ഇന്ത്യക്കാര്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. ആം ആദ്മി പാര്‍ട്ടിയുടേയോ കേജരിവാളിന്റെയോ അനുഭാവിയായതുകൊണ്ടല്ല, മനിലയിലെ ഫാദര്‍ റോബര്‍ട്ട് റെയ്‌സ് ചൂലുമെടുത്ത് നഗരം വൃത്തിയാക്കാനിറങ്ങിയത്. എന്നാല്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് സുതാര്യമായ രാഷ്ട്രീയം എന്ന ആശയം തന്നെയാണ്.

മെയ് മാസത്തില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് ഫാദര്‍ റോബര്‍ട്ട് റെയ്‌സ് ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. മനിലയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന്റെ മുന്നിലുള്ള റോഡാണ് ആദ്യം വൃത്തിയാക്കിയത്. വൈദികന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പതിയെപ്പതിയെ ഓരോരുത്തരായി ചൂലെടുക്കാന്‍ തുടങ്ങി.

‘ഈ വൃത്തിയാക്കല്‍ ഒരു പ്രതീകമാണ്. രാജ്യത്തെ രാഷ്ട്രീയമേഖലയൊന്നാകെ ഇത്തരത്തില്‍ ശുചീകരിക്കപ്പെടണം. ഈ ചൂല്‍ ഒരോര്‍മ്മപ്പെടുത്തലാണ്, ഒരു വെല്ലുവിളിയും’, ഫാദര്‍ റോബര്‍ട്ട് റെയ്‌സ് പറയുന്നു.

വലിയ തോതിലുള്ള അക്രമങ്ങളും അഴിമതിയും ഫിലിപ്പീന്‍സില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അരങ്ങേറാറുണ്ട്. 2013 ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ ദിവസം മാത്രം 9 പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാത്രം 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ‘തിരഞ്ഞെടുപ്പുരോഗങ്ങളെ’ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ഫാദര്‍ റോബര്‍ട്ട് റെയ്‌സ് പറഞ്ഞു. ഫിലിപ്പീന്‍സ് ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രിസ് ബൗറ്റിസ്റ്റയും ഫാദര്‍ റെയ്‌സിന് പിന്തുണയുമായി രംഗത്തുണ്ട്.

You must be logged in to post a comment Login