മനുഷ്യഗുഹയില്‍ ഈശ്വരനൊത്ത്

മനുഷ്യഗുഹയില്‍ ഈശ്വരനൊത്ത്

caveനമുക്കൊക്കെയില്ലേ ചില ഒളിത്താവളങ്ങള്‍..? ചില ഗുഹകള്‍.. അവിടെ ഏകാന്തതയുടെ തടവില്‍ അല്‍പമെങ്കിലും ചിലവഴിക്കാത്തരുണ്ടോ..? അവിടെ എല്ലാ മുഖംമൂടികളും അഴിച്ച് സ്വാതന്ത്യം രുചിക്കാന്‍, ഉള്ളിലെ മന്ദസ്വരങ്ങളോട് സംവദിക്കാന്‍ ആവുന്നുണ്ടെങ്കില്‍ മനുഷ്യത്വത്തിന്റെ ഒരു ചെറുകണിക നിങ്ങളില്‍ ബാക്കിയുണ്ട്. എല്ലാവര്‍ക്കുമുണ്ട് സ്വന്തം ഗുഹകള്‍.. അവിടെ ചിലര്‍ സ്വാര്‍ഥ മോഹങ്ങളുടെ തടവിലാകാം. ചിലപ്പോള്‍ നൂല്‍ പൊട്ടിയ പട്ടം പോലെ ഒഴുകി നീങ്ങുകയുമാവാം. അത്തരമൊരു ഗുഹാന്തരീക്ഷത്തിലേക്ക് നമ്മെ നയിക്കുകയാണ് റ്റോഡ് സ്റ്റാള്‍ എന്ന യുവഎഴുത്തുകാരന്‍.

സ്വന്തം താവളങ്ങളില്‍ ആയിരുന്നുകൊണ്ട് ഇന്ന് നിരവധി പുരുഷന്മാര്‍ മദ്യപിക്കുകയും കായികവിനോദങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ റ്റോഡ് ഒരുപക്ഷേ ദൈവികമായ ഉപാസനയിലും, ആത്മശോധനയിലും ആവും തന്റെ പുരുഷ ഏകാന്തത ചിലവിഴിക്കുക.. എല്ലാ ക്രൈസ്തവ പുരുഷന്‍മാരേയും 40 ദിനങ്ങള്‍ തങ്ങളുടെ ഇഷ്ടതാവളങ്ങളില്‍ ആയിരിക്കുവാന്‍ റ്റോഡ് ക്ഷണിക്കുകയാണ് തന്റെ ആദ്യ പുസ്തകമായ The Man Cave അഥവാ ‘മനുഷ്യഗുഹ’യില്‍ പ്രതിപാദിച്ചിരിക്കുന്ന അനുഭവങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും.
‘എല്ലാ ആണുങ്ങളും വെല്ലുവിളികള്‍ ആഗ്രഹിക്കുന്നവരാണ്. ഇത് തീര്‍ച്ചയായും ഏറ്റെടുക്കുവാനും കൈവരിക്കുവാനും സാധിക്കുന്ന ഒരു വെല്ലുവിളിയാണ്’. റ്റോഡ് പറയുന്നു. ‘ദിവസത്തില്‍ ഒരു പത്ത് പതിനഞ്ചുമിനിട്ടുകളെങ്കിലും ആത്മീയവായനയ്ക്കും, ദൈവത്തോട് സംസാരിക്കുവാനും അവിടുത്തോടുള്ള ബന്ധത്തില്‍ വളരുവാനും ചിലവഴിക്കുന്നതിന് ഉചിതമായ ഒരു സ്ഥലം കണ്ടെത്തുക.’
പുസ്തകത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെതന്നെ വായനക്കാരനെ സ്വന്തം ‘മനുഷ്യഗുഹ’ കണ്ടെത്തുവാനും ധ്യാനത്തിലായിരിക്കുവാനും ദൈനംദിന സമ്മര്‍ദ്ദങ്ങളില്‍ നിന്നും വേര്‍പെടുത്തുന്ന ആശ്വാസദായകമായ ഒരു ഇടമാണ് ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നത്.
‘ അത് എവിടെയുമാകാം. ചിലപ്പോള്‍ വീടിന്റെ പിന്നാമ്പുറമാകാം, ഒരു മുറിയാകാം, പുറത്തെവിടെയുമാകാം, ഏകാന്തതയിലായിരിക്കാന്‍ സഹായിക്കുന്ന ഇടമാകണമത്’. യേശുവും ചിലപ്പോള്‍ ആളുകളില്‍ നിന്നും ഇത്തരം ഏകാന്തതയിലേക്കു പിന്‍വാങ്ങുന്നത് കാണാം. ‘ആളുകളില്‍ നിന്നും മാറിനില്‍ക്കുന്നതിന് യേശുവിനും സമയം ആവശ്യമായിരുന്നു. അദ്ദേഹം വളരെ തിരക്കേറിയ ഒരു പുരുഷനായിരുന്നു. തിരുലിഖിതങ്ങളില്‍ കാണാന്‍ സാധിക്കും അവന്‍ പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏറെയകന്നമാറേണ്ടി വന്നു സ്വസ്ഥമായി ഏകാന്തയില്‍ പ്രാര്‍ഥനയിലായിരിക്കുവാന്‍. യേശുവിന് ആ സമയം ആവശ്യമായെങ്കില്‍ നമുക്ക് അത് നന്മയാണെന്നതില്‍ തര്‍ക്കമില്ല.’ ഇക്കാര്യത്തില്‍ സ്ഥിരത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് സ്റ്റാള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പതിവാക്കുക.
‘വെല്ലുവിളി പൂര്‍ത്തീകരിച്ചതിനു ശേഷവും തുടരാന്‍ സാധിക്കുകയെന്നതാവണം ലക്ഷ്യം. 40 ദിവസവും പുസ്തകം വായിക്കുകയും പ്രാര്‍ഥനകള്‍ ചൊല്ലുകയുമാണ് ചെയ്യേണ്ടത്.’ ഒരേ സ്ഥലവും ഒരേ സമയവും തിരഞ്ഞെടുക്കുന്നതില്‍ നിഷ്‌കര്‍ഷ വേണം. അഗ്നിശമന സേനാംഗമായ സ്റ്റാള്‍ പ്രഭാതസമയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഏറെ സഹായിക്കുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘ ഗുഹയിലാണ് എന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. അത് കൂടുതല്‍ പോസിറ്റീവ് ആകുന്നത് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്’. സ്റ്റാള്‍ പറയുന്നു. ദിനചര്യ വായനക്കാരനു തന്നെ ക്രമീകരിക്കാം. പ്രാര്‍ഥനകള്‍ പുസ്തകത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘ഏതൊരാണും- ചെറുപ്പകാരനോ പ്രായമായവരോ ആകട്ടെ- കടന്നുപോകുന്ന ജീവിതംതന്നെയാണ് ഈ വിചിന്തനങ്ങളില്‍ പ്രതിപാദിക്കുക. അവ സുദീര്‍ഘമായ പ്രാര്‍ഥനകളുമല്ല. കാരണം ആണുങ്ങള്‍ ഒരുപാട് പേജുകള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഗുഹാവായനകള്‍ എന്നു പേരിട്ടിരിക്കുന്ന ഒറ്റപേജിലുള്ള വിചിന്തനങ്ങളാണവ’.
ഒാരോ അധ്യായവും അവസാനിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. ‘നിങ്ങള്‍ അശ്രദ്ധയോടെ ദൈവത്തെ മാറ്റിനിര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ടോ’..?
വിചിന്തനങ്ങള്‍ അടിസ്ഥാന ക്രിസ്തീയപ്രമാണങ്ങളില്‍ ഊന്നിയവയാണ്. ദൈവവുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തുന്നതിനൊപ്പം ആണ്‍സമൂഹത്തിന് താല്‍പര്യമുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. വിവാഹം, സാമ്പത്തികം കൈകാര്യം ചെയ്യല്‍ കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി എല്ലാത്തരം വിഷയങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. താന്‍ കടന്നുപോയ എല്ലാ പ്രതിസന്ധിഘട്ടങ്ങളും സ്റ്റാള്‍ ചര്‍ച്ച ചെയ്യുന്നുണ്ടിതില്‍. അവിടെയൊക്കെ തന്റെ മനുഷ്യഗുഹയില്‍ ദൈവത്തിന് ഇടം കൊടുക്കുവാന്‍ കഴിഞ്ഞതുമൂലമാണ് അവയൊക്കെ മറികടക്കുവാന്‍ സാധിച്ചതെന്ന് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നു. ശാന്തമാകുവാനും ഇന്ധനം നിറയ്ക്കുവാനും ഈ ഇടം നമുക്കനിവാര്യമാണെന്ന് റ്റോഡ് സ്റ്റാള്‍ ഓര്‍മിപ്പിക്കുന്നു.
വെല്ലുവിളി ഏറ്റെടുക്കുവാന്‍ അവസരം നല്‍കിക്കൊണ്ട് ഒരു വെബ്‌സൈറ്റ് തുറന്നിട്ടുണ്ട് ഇദ്ദേഹം. ഏറ്റെടുക്കുവാന്‍ തയ്യാറുള്ളവര്‍ക്ക് takethe40daychallenge.com സന്ദര്‍ശിക്കാവുന്നതാണ്.
് ‘ഇത് വളരെയധികം സഹായിക്കുന്നുവെന്നോര്‍ക്കാം.. നമ്മെത്തന്നെയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും ദര്‍ശിക്കുവാന്‍..’ സ്റ്റാള്‍. ഗുഹാനിമിഷങ്ങളിലേക്ക് ഊളിയിടാന്‍ തയ്യാറാകാം നമുക്കും.

 

അഞ്ജു റോസ്‌.

You must be logged in to post a comment Login