മനുഷ്യപുത്രന്റെ അമ്മ

മനുഷ്യപുത്രന്റെ അമ്മ

താവഴിയില്‍ ഒരു അമ്മായിഅമ്മൂമ്മയുണ്ട്. നിഷ്‌കളങ്കത ഉടലാര്‍ന്ന പോലെ ഒരു സ്ത്രീ. എഴുപത്തഞ്ചിലേറെ സംവത്സരങ്ങള്‍ ഈ ഊഴിയില്‍ ജീവിച്ചിട്ടും അവര്‍ കാപട്യത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചില്ല എന്നതാണ് അവരെ കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങളിലൊന്ന്. നിര്‍ഭാഗ്യങ്ങളുടെയും സങ്കടങ്ങളുടെയും പെരുമഴ പെയ്ത വഴികളിലൂടെ ജീവിതം നീന്തിക്കയറി വന്ന് ബാല്യത്തിന്റെ പ്രകാശം മായാത്ത പുഞ്ചിരി തൂകിക്കൊണ്ട് അവര്‍ ഇന്നും നില്‍ക്കുന്നു. നിഷ്‌കളങ്കതയുടെ കൂടെ അറിവില്ലായ്മ, ലോകവിവരമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നീ ഗുണങ്ങളും ചേര്‍ന്നപ്പോള്‍ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അവര്‍ വിദ്യാസമ്പന്നനും ഉന്നത ഉദ്യോഗം വഹിക്കുന്നവനും സര്‍വോപരി മുന്തിയ മദ്യപാനിയുമായ ഭര്‍ത്താവിന്റെ നിന്ദനങ്ങളും ഉപദ്രവവും മൗനമായി സഹിച്ചു പോന്നു. എന്നിട്ടും ഒരിക്കലും ഒരു പരാതിയോ ശാപവാക്കോ ഓര്‍മയിലില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാകാം!

കൗമാരത്തിനും യൗവനത്തിനുമിടയിലെ സംഘര്‍ഷസന്ധിയില്‍, എഴുപതുകളുടെ അവസാനത്തില്‍ ഏതോ കടുത്ത റാഗിംഗിനു വിധേയനായി മനസ്സിന്റെ സമനില തെറ്റിയ മൂത്തമകനായിരുന്നു, അവരുടെ രണ്ടാം വ്യാകുലം. സുന്ദരമായ ശബ്ദത്തിനുടമയും ബുദ്ധിമാനും സുമുഖനുമായിരുന്ന മകന്‍, പിന്നെ മനസ്സും ജീവിതവും കൈവിട്ടു പോകുന്നതു ദയനീയമായി കണ്ടു നിന്ന മാതാവ്. മദ്യപാനം മാത്രം ലഹരിയായി മാറി ഉന്നതസ്ഥാനമുള്ള ജോലി ഉപേക്ഷിച്ചു ടൈംടേബിള്‍ വച്ചു ഓരോ മണിക്കൂറിലും മദ്യക്കട സന്ദര്‍ശിച്ചിരുന്ന ഭര്‍ത്താവ്. ഇവര്‍ക്കിടയിലാണ് ആ പാവം അനേകവര്‍ഷങ്ങള്‍ ജീവിച്ചത്.

കടുത്ത മദ്യപാനത്തിന്റെ വഴികളില്‍ അമ്മാവനപ്പൂപ്പന്റെ ജീവനും ഒഴുകിപ്പോയി. പിന്നീടുള്ള കാലം, ഉന്മാദത്തിനടിപ്പെട്ട്, താടിയും മുടിയും നീട്ടിവളര്‍ത്തി, ഇടയ്ക്കിടെ ആക്രമോത്സുകനാകുന്ന മകനും അമ്മയും മാത്രമായി, ആ പഴയ വീട്ടില്‍. ചില നേരങ്ങളില്‍ സാഹിത്യം ചര്‍ച്ച ചെയ്യുകയും പുസ്തകങ്ങള്‍ വായിച്ച് ഗൗരവത്തോടെ അഭിപ്രായം പറയുകയും, സുന്ദരമായി ചിരിക്കുകയും ചെയ്യുന്ന സൗമ്യനായും, സിരകളിലെ രാസതാളങ്ങള്‍ ചിതറുന്ന മറുനേരങ്ങളില്‍ വന്യമൂര്‍ത്തിയായും ആ മകന്‍ ജീവിതവേദിയില്‍ നൃത്തമാടി. സൗമ്യതയിലും വന്യതയിലും അമ്മായിഅമ്മൂമ്മ അയാളെ സ്‌നേഹപൂര്‍വം ശുശ്രൂഷിച്ചു. അവരുടെ ക്ഷമ കണ്ട് ഞാനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഞെട്ടിപ്പോയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ലോകപരിചയത്തിന്റെയും കുറവു കൊണ്ടാകും ഇങ്ങനെ ക്ഷമിക്കാന്‍ കഴിയുന്നത്!

ഒരിക്കല്‍ അവര്‍ എന്നോടു മനസ്സു തുറന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ മകനില്‍ അവര്‍ ക്രിസ്തുവിനെയാണ് കാണുന്നതത്രേ! ഞാന്‍ നോക്കിയപ്പോള്‍ സത്യമാണ്. വെളുത്ത ആ മുഖത്ത് നീണ്ട താടിയും മുടിയും കൂടിയായപ്പോള്‍ ക്രിസ്തുവിനോടു സാമ്യം വന്നിരിക്കുന്നു. ഞാന്‍ ഒരു രൂപസാദൃശ്യം മാത്രമേ കണ്ടുള്ളൂ. എന്നാല്‍ അവര്‍ ആത്മാര്‍ത്ഥമായി അവിടെ ക്രിസ്തുവിനെ കണ്ടെത്തുകയാണ്. അതു പറയുമ്പോള്‍ അവരുടെ മുഖത്ത് തേജസ്സുണ്ടായിരുന്നു, ഭക്തിയുണ്ടായിരുന്നു, സമര്‍പ്പണമുണ്ടായിരുന്നു. ക്രിസ്തുവിനെയെന്ന പോലെ അവര്‍ ഉന്മാദിയായ ആ മകനെ ശുശ്രൂഷിച്ചു. അയലത്തെവിടെയെങ്കിലും ഒരു സദ്യയോ മറ്റോ നടന്നാല്‍ മകനു വേണ്ടിയുള്ള പങ്കു പ്രത്യേകം വാങ്ങി വീട്ടിലെത്തി അയാള്‍ക്കു കുഞ്ഞിനെന്ന വണ്ണം ഭക്ഷണം വാരിക്കൊടുത്തു. അയാള്‍ക്കിഷ്ടമുള്ളതെല്ലാം പാകം ചെയ്തു കൊടുത്തു. അയാളെ ഊട്ടാതെ ഒരിക്കലുമുണ്ടില്ല. ആക്രമണോത്സുകനാകുന്ന വേളയില്‍ മകന്റെ ഉപദ്രവം അവര്‍ പരാതി കൂടാതെ സഹിച്ചു.

എന്റെ ഈശോയാണിത്! മിഴികളില്‍ അനിര്‍വചനീയമായ തിളക്കത്തോടെ അവരെന്നോടു പറഞ്ഞു. മനസ്സു ശാന്തമാകുന്ന സൗമ്യകാലമായിരുന്നതിനാല്‍ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ഇത്ര കാലം ജീവിച്ചിട്ടും ലോകത്തുള്ളവരുടെ കാപട്യങ്ങളൊന്നും അയാളും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സൗമ്യമായ പുഞ്ചിരി. ശരിക്കും അയാള്‍ ക്രിസ്തുവായി മാറുകയാണോയെന്ന് ഒരു നിമിഷം തോന്നിപ്പോയി.

ജീവിതഭാരങ്ങളില്‍ ക്രിസ്തുവിനെ കണ്ടെത്തുന്ന നിമിഷം നിങ്ങളുടെ ജീവിതം പ്രകാശമാനവും ക്രിസ്തു സമാനവുമായി തീരുമെന്ന് കേട്ടിട്ടുണ്ട്. നാലാം ക്ലാസ് മാത്രം പഠിച്ചിട്ടുള്ള ഈ ശുദ്ധസ്ത്രീ ആ വിശിഷ്ട പാഠങ്ങള്‍ എങ്ങനെ പഠിച്ചുവെന്നറിയില്ല. ഉന്മാദത്തിന്റെ തീവ്രനിമിഷങ്ങളില്‍ അവരുടെ മകന്‍ ദൈവത്തെ നിഷേധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ക്രിസ്തുരൂപം കത്തി കൊണ്ട് എറിഞ്ഞുടയ്ക്കുന്നതും. എന്നിട്ടും ആ രൂപത്തില്‍ ക്രിസ്തുവിനെ കണ്ടു കണ്ട് അവര്‍ അയാളെ ക്രിസ്തുവാക്കി മാറ്റുന്നു! അനേകവര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞാടിനെ പോലെ ശാന്തനായ വേളയില്‍ ആ മകന്‍ സ്‌തോത്രഗാനങ്ങള്‍ മൂളുന്നതും ഞാന്‍ കേട്ടു. ഉന്മാദങ്ങളില്‍ ക്രിസ്തു പൂവിടുന്ന വിസ്മയം!

അറിവില്ലായ്മ എന്നു പലകുറി മുദ്രകുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത ആ ശുദ്ധമനസ്സിനു മുമ്പില്‍ ഞാനുത്തരം കിട്ടാതെ നില്‍ക്കുന്നു. ആരാണ് യഥാര്‍ത്ഥ ക്രിസ്തു? അശരണനും സമൂഹഭ്രഷ്ടനുമായ മകനില്‍ ക്രിസ്തുവിനെ കണ്ടു കണ്ടു ക്രിസ്തുവിന്റെ മനസ്സു സ്വന്തമാക്കിയ വയോധികയായ ആ പാവം അമ്മയോ, അതോ ക്രിസ്തുവിനെ അറിയാമെന്നു നിരന്തരം പറയുകയും എന്നാല്‍ ആ മനസ്സിന്റെ സരളമായ വഴികളില്‍ ഒരിക്കലും എത്തിച്ചേരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നമ്മളോ?

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login