മരച്ചില്ലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട് മരുന്ന് പറഞ്ഞുകൊടുത്ത വിയറ്റ്‌നാംകാരുടെ മാതാവ്

മരച്ചില്ലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട് മരുന്ന് പറഞ്ഞുകൊടുത്ത വിയറ്റ്‌നാംകാരുടെ മാതാവ്

ourLadyOfLavangനിരന്തരമായ ക്രൈസ്തവമതദ്രോഹപ്ര വര്‍ത്തനങ്ങളുടെ പേരില്‍ വിശ്വാസജീവിതത്തിന് ഭീഷണികള്‍ നേരിടേണ്ടിവന്ന ജനതയാണ് വിയറ്റ്‌നാം. പലകാലങ്ങളില്‍ മാറിമാറിവരുന്ന ഭരണാധികാരികളാല്‍ പല വിധത്തിലും ക്രൈസ്തവരാണ് എന്നതിന്റെ പേരില്‍ മാത്രം അവര്‍ പീഡിപ്പിക്കപ്പെട്ടു. ഐഎസ് ഭീകരരുടെ ക്രൂരതകളില്‍ നിന്ന് രക്ഷപെട്ടോടിപോകുന്ന സിറിയന്‍ ജനതയെപോലെ ക്രൈസ്തവമതദ്രോഹപ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷപെടാനായി കാടുകളിലേക്ക് ജീവിതവും കൊണ്ട് കുടിയേറിയതിന്റെ ചരിത്രവും വിയറ്റ്‌നാം കാര്‍ക്കുണ്ട്.

അധികാരവടംവലിയുടെയും അധികാരപ്രമത്തതയുടേതുമായ സംഘര്‍ഷാവസ്ഥ നിറഞ്ഞ കാലമായിരുന്നു അത്. തെക്കന്‍പ്രവിശ്യ ട്രിനാ വംശത്തിന്റെ ആധിപത്യത്തിന്‍ കീഴിലായിരുന്നു. വടക്കന്‍ പ്രവിശ്യ യൂയെന്‍ പ്രവിശ്യയുടെയും. രണ്ട് വംശങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ വിമതശക്തികള്‍ രൂപം കൊള്ളുകയും അവര്‍ ഇരുഭരണാധികാരികളെയും കീഴടക്കി പുതിയ അധികാരം സ്ഥാപിക്കുകയും ചെയ്തു. ടേയ് സണ്‍ എന്ന വിമതഗ്രൂപ്പായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്വാങ് ട്രങ്ങിനെയാണ് ചക്രവര്‍ത്തിയായി അവര്‍ അവരോധിച്ചത്. 1792 ല്‍ ക്വാങ് ട്രങ്ങ് കാലചരമം പ്രാപിച്ചപ്പോള്‍ മകന്‍ കാന്‍ ഹിന്‍ഹ് പിന്‍ഗാമിയായിത്തീര്‍ന്നു.

ഈ സമയത്ത് തന്നെ യൂയെന്‍ വംശം അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. വിമതരുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പോരാട്ടകാലത്ത് യൂയെന്‍ ആന്‍ അഭയം കണ്ടെത്തിയിരുന്നത് സൊസൈറ്റി ഓഫ് ഫോറിന്‍ മിഷന്‍സ് നടത്തിയിരുന്ന ഒരു സെമിനാരിയിലായിരുന്നു. അന്നത്തെ മോണ്‍സിഞ്ഞോര്‍ പിയറെയുടെ നിര്‍ദ്ദേശമനുസരിച്ച് ഫ്രാന്‍സിലെ ലൂയിസ് പതിനാറാമന്‍ രാജാവിന്റെ സഹായം യൂയെന്‍ ആന്‍ തേടിയിരുന്നു. യൂയെന്‍ ആന്‍നെ പിന്തുണയ്ക്കുന്നത് ഫ്രഞ്ച് മിഷനറിമാരാണെന്ന് മനസ്സിലാക്കിയ കാന്‍ ഹിന്‍ഹ് വിയറ്റ്‌നാമിലെ കത്തോലിക്കര്‍ക്കെതിരെ പടപുറപ്പാട് അഴിച്ചുവിട്ടു.

കത്തോലിക്കര്‍ തന്റെ അധികാരത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ഭയപ്പെട്ടു. രാജ്യത്ത് ക്രൈസ്തവമതം നിരോധിച്ചുകൊണ്ട് അദ്ദേഹം ആജ്ഞ പുറപ്പെടുവിച്ചു കത്തോലിക്കാ ദൈവാലയങ്ങളും സെമിനാരികളും നശിപ്പിക്കാന്‍ 1798 ഓഗസ്റ്റ് 17 ന് വിധി പ്രസ്താവിച്ചു. ക്രൈസ്തവരെ രാജ്യത്തു നിന്ന്് തുടച്ചുനീക്കുക എന്ന നയം അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന എല്ലാ ഭരണാധികാരികളും ഒരേപോലെ സ്വീകരിച്ചു എന്നതാണ് നിര്‍ഭാഗ്യകരം.ടേ സന്‍ വംശത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചക്രവര്‍ത്തിയായിരുന്നു കാന്‍ ഹിന്‍ഹ്. 1798 ല്‍ അദ്ദേഹം കത്തോലിക്കാവിശ്വാസാനുഷ്ഠാനങ്ങളെ നിരോധിച്ചുകൊണ്ട് നിയമം നടപ്പിലാക്കുകയും ക്രൂരമായ മതദ്രോഹം അഴിച്ചുവിടുകയും ചെയ്തു.

അനേകം കത്തോലിക്കര്‍ ജീവനില്‍ ഭയന്ന് ലാ വാങ് വനത്തിലേക്ക് ഓടിപ്പോയി. ഭീതിയും ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും അവരെ കീഴടക്കി. അനേകം പേര്‍ രോഗികളായി. പലരും മരിച്ചുവീണു. മറ്റ് ചിലര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളായി. വിശ്വാസം ത്യജിച്ചാല്‍ അവര്‍ക്ക് സാധാരണമായ ജീവിതത്തിലേക്ക് മടങ്ങിപ്പോകാമായിരുന്നു. പക്ഷേ അവര്‍ക്കതിന് ആവുമായിരുന്നില്ല. രോഗത്തിന്റെയും ഭീതിയുടെയും മരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരുതലവാളുകള്‍ക്ക് നടുവിലും അവര്‍ക്ക് കൈമോശം വരാത്തതായി ഒന്നുണ്ടായിരുന്നു വിശ്വാസം.

എല്ലാ ദിവസവും രാത്രികാലങ്ങളില്‍ മരച്ചുവട്ടില്‍ അവര്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്നു. പരിശുദ്ധ അമ്മ തങ്ങളെ കൈവിടുകയില്ല എന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു.

ഒരു രാത്രി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ അത്യത്ഭുതകരമായ ഒരു കാഴ്ച കണ്ടു. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മരത്തിന്റെ ചില്ലകള്‍ക്ക് നടുവിലായി വിയറ്റ്‌നാംകാരുടെ പരമ്പരാഗത വേഷം ധരിച്ച് പരിശുദ്ധ മറിയം. കൈയില്‍ ഉണ്ണീശോ. ഇരുവശങ്ങളിലും മാലാഖമാര്‍…

അവിശ്വസനീയമായ കാഴ്ച.. ആളുകള്‍ ഭയവിഹ്വലരായി.. അവര്‍ ഉച്ചത്തില്‍ മാതാവിനെ വിളിച്ചുകൊണ്ടിരുന്നു. മാതാവ് അവരെ ആശ്വസിപ്പിച്ചു. സമീപത്തുനില്ക്കുന്ന മരത്തിന്റെ ഇലകള്‍ തിളപ്പിച്ചാറിച്ച് വെള്ളം കുടിച്ചാല്‍ ഇപ്പോള്‍ അലട്ടിയിരിക്കുന്ന എല്ലാ രോഗങ്ങളില്‍ നിന്നും വിമുക്തമാകും എന്നും മാതാവ് വ്യക്തമാക്കി. ഔര്‍ ലേഡി ഓഫ് ലാ വാങ് എന്ന് അറിയപ്പെടുന്ന മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ പശ്ചാത്തലം ഇതാണ്.

പരിശുദ്ധ സിംഹാസനം ഔദ്യോഗികമായി ഈ പ്രത്യക്ഷീകരണം അംഗീകരിച്ചിട്ടില്ല എങ്കിലും ആദ്യ പ്രത്യക്ഷീകരണം നടന്നതിന്റെ ഇരുനൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1998 ജൂണ്‍ 19 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഔര്‍ ലേഡി ഓഫ് ലാ വാങിനുള്ള പ്രാധാന്യത്തെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.1802 ലാണ് ക്രൈസ്തവര്‍ക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സാധിച്ചത്.

തങ്ങളെ വറുതിയില്‍ നിന്നും രോഗത്തില്‍ നിന്നും രക്ഷിച്ച മാതാവിനോടുള്ള നന്ദി സൂചകമായി 1820 ല്‍ അവര്‍ ഒരു ചാപ്പല്‍ പണിതു.1830 നും 1885 നും ഇടയ്ക്കുണ്ടായ മറ്റൊരു ക്രൈസ്തവമതദ്രോഹപരമ്പരയില്‍ ഈ ദൈവാലയം നശിപ്പിക്കപ്പെട്ടു 1886 ല്‍ പുതിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. 1901 ല്‍ ബിഷപ് ഗാസ്വര്‍ ഈ ചാപ്പലിനെ ക്രൈസ്തവരുടെ സഹായമായ മാതാവിന് സമര്‍പ്പിച്ചു 1961 ഏപ്രില്‍ 13 ന് വിയറ്റ്‌നാംകാരുടെ ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി ഇത് മാറി.1961 ഓഗസ്റ്റ് 22 ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഈ ദൈവാലയത്തെ ഉയര്‍ത്തി.

You must be logged in to post a comment Login