മരണത്തിനപ്പുറമുള്ള നിത്യവിസ്മയം

മരണത്തിനപ്പുറമുള്ള നിത്യവിസ്മയം

കാല്‍വരിയിലെ ക്രിസ്തുമരണത്തിന് ചരിത്രത്തില്‍ ഒരുപാടുതെളിവുകളുടെ അകമ്പടിയുണ്ട്. അവന്റെ മരണത്തിന് സാക്ഷികളായവര്‍ അനേകരാണ് എന്നാല്‍, ദാരുണമരണം മാത്രം കണ്ടുമടങ്ങിയവര്‍ ഇനിയും ക്രിസ്തുവിന്റെ ആന്തരികതയിലേക്കു പ്രവേശിച്ചിട്ടില്ല. ഒരാള്‍ മരിക്കുകയെന്നത് തികച്ചും സ്വാഭാവികവും സാധാരണവുമായ ജീവിതമുഹൂര്‍ത്തമാണ്. അതു മനസ്സിലാക്കാന്‍ ഒരു കാഴ്ചക്കാരനായി നിന്നാല്‍ മാത്രം മതി. കടല്‍ത്തീരത്തുനിന്നുകൊണ്ട് തിരമാലകള്‍ വീക്ഷിക്കുന്നതുപോലെ.

തിരമാലകള്‍ സമുദ്രത്തിന്റെ ബാഹ്യതലത്തില്‍ കാണുന്ന കലുഷിതതിരയാണ്. എന്നാല്‍, ഉയിര്‍പ്പങ്ങനെയല്ല. പുറംമോടിയില്‍ കടല്‍ കലുഷിതവും ഘോരവുമായിരിക്കുമ്പോഴും അതിന്റെ അഗാധതയില്‍ വളരെ ശാന്തവും സൗമ്യവുമായിരിക്കും. ആ നിഗൂഢ സൗന്ദര്യം ദര്‍ശിക്കാന്‍ ഒരാള്‍ ആഴങ്ങളിലേക്കു പ്രവേശിക്കുന്ന നിത്യവിസ്മയമാണ് ഉത്ഥാനം. ക്രിസ്തുവിന്റെ ഉയിര്‍പ്പ് ഗ്രഹിക്കാന്‍ നമ്മള്‍ അവന്റെ അന്തരാത്മാവിലേക്ക് പ്രവേശിക്കണം.

അതുകൊണ്ടുതന്നെയെനിക്കു തോന്നുന്നു, അവന്റെ ഉത്ഥാനത്തിനും നമ്മുടെ കാഴ്ചയ്ക്കുമിടയില്‍ അഭൗമമായ മേഘമറയുണ്ടെന്ന്. ‘ക്രിസ്തു ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടപ്പോള്‍ ഒരു മേഘം അവനെ ശിഷ്യരുടെ ദൃഷ്ടിയില്‍ നിന്നും മറച്ചു കളഞ്ഞു.അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ അങ്ങനെയൊരു സ്വര്‍ഗ്ഗാരോഹണസന്ദര്‍ഭമുണ്ട്. ശിഷ്യരുടെ ദൃഷ്ടിയെ മറച്ച ഈ മേഘം വിശ്വാസ ജീവിതത്തില്‍ സംഭവിക്കുന്ന തടസവുമായി ബന്ധപ്പെട്ട ധ്യാനബിംബമാണ്.

ഇത്തരം മേഘങ്ങള്‍ തന്നെയാണ് താബോറിലെ ക്രിസ്തുമഹത്വത്തിന്റെ രൂപാന്തരീകരണവേളകളിലും മറയായി നിന്നത്. കാല്‍വരിയില്‍ മരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തപ്പോഴും അദൃശ്യമായ ഒരു മേഘതലം അവരുടെ വിശ്വാസത്തിന്റെ കാഴ്ചയെ മറച്ചിരിക്കണം. അതുകൊണ്ടാണല്ലോ മൂന്നുവര്‍ഷമായി കൂടെനടന്നു അനുഭവിച്ചറിഞ്ഞ ഗുരുവിനെ വീണ്ടും കണ്ടപ്പോള്‍ അത് മനസ്സിലാക്കാന്‍ അവര്‍ ഒരുപാടു പ്രയാസപ്പെട്ടത്.

കുഴിമാടത്തിനരികെ സുഗന്ധതൈലവുമായി എത്തിയ മഗ്ദലേനയെ ഓര്‍മ്മിക്കുക. കരഞ്ഞുകൊണ്ടിരുന്ന അവളാകട്ടെ അവനെ തോട്ടക്കാരായി തെറ്റിധരിച്ചു. ഒരു തെരുവില്‍വച്ച് രണ്ടു ശിഷ്യന്മാര്‍ അവനെ കണ്ടു. 60 സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് എന്ന ഗ്രാമിത്തിലേക്കുള്ള യാത്രയില്‍. ഒരു സഹയാത്രികനായി മാത്രം കാണത്തക്കവിധം അവരുടെ കണ്ണുകളും മൂടപ്പെട്ടിരുന്നു.

മറ്റൊരു കൂട്ടര്‍ യഹൂദരെ ഭയന്ന് മുറിയില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. അവരുടെ മദ്ധ്യേ കടന്നുവന്ന ക്രിസ്തുവിനെ ‘ഭൂതമെന്നു’ വിളിച്ച് നിലവിളിച്ചു. പത്രോസും കൂട്ടരും രാത്രിയില്‍ കടലില്‍ വലയിടുകയായിരുന്നു. ഉഷസ്സായപ്പോള്‍ അവരെ അന്വേഷിച്ചവിടുന്നു വന്നു. ആദ്യമാത്രയില്‍ അവരും തിരിച്ചറിഞ്ഞില്ല. കാരണം, മരണം സ്വാഭാവികമായ സത്യമാണെങ്കില്‍, ഉയിര്‍പ്പ് മനസ്സിലാക്കാന്‍ ഒരാള്‍ അവന്റെ ആന്തരികതയിലേക്കു പ്രവേശിക്കേണ്ടതായിവരുന്നു. വിശുദ്ധമായൊരു നിഗൂഢതകൊണ്ട് ആവരണം ചെയ്യപ്പെട്ടതാണത്.

ഓര്‍മ്മിക്കണം, ദൈവദൂതരിലൂടെയാണ് ഉയിര്‍പ്പിന്റെ സദ്‌വാര്‍ത്ത ആദ്യം ലോകമറിഞ്ഞത്. അതുമൊരു പ്രതീകമാണ്. മാലാഖമാര്‍ സ്വര്‍ഗ്ഗത്തിന്റെ അകമ്പടി സേവകരാണ്. അതിനര്‍ത്ഥം ഉയിര്‍പ്പിന്റെ രഹസ്യാത്മകത തുറക്കാന്‍ അതിമാനുഷികതയുടെ സഹായഹസ്തം വേണമെന്നുതുതന്നെ. ഇതിനുമുമ്പും പല വിശേഷപ്പെട്ട് മുന്നറിയിപ്പുകള്‍ ദൈവം മനുഷ്യര്‍ക്ക് കൈമാറിയത് ദൈവദൂതരിലൂടെയാണ്.

സോദോമിന്റെ നാശത്തെക്കുറിച്ചുള്ള തീരുമാനം ലോത്ത് അറിയുന്നത് രണ്ടു ദൂതരിലൂടെയാണ്.(ഉല്‍പത്തി-19). ഇസ്രയേല്‍ ഭവനത്തിന്റെ വിമോചകനായി മാറിയ സാംസന്റെ ജനനത്തെക്കുറിച്ചുള്ള അരുളപ്പാട് പങ്കുവച്ചത് സ്വര്‍ഗ്ഗ ദൂതനാണ് (ന്യായ-13). മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമായ സ്‌നാപകയോഹന്നാന്റെ ജനനത്തിനു പിന്നിലും ഒരു ദൂതന്റെ സ്വരം മുഴങ്ങുന്നുണ്ട് (ലൂക്ക – 1). മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയാണെന്ന മംഗളവാര്‍ത്തയും പങ്കുവച്ചത് ഗബ്രിയേല്‍ മാലാഖയാണ് (ലൂക്ക-1).
ക്രിസ്തു പിറവിയുടെ സമാധാനസന്ദേശം ഇടയന്മാര്‍ ശ്രവിച്ചതും കര്‍ത്താവിന്റെ ദൂതരിലൂടെയാണ് (ലൂക്ക-2).

അതെ, ചില വെളിപാടുകള്‍ പങ്കുവയ്ക്കാന്‍ മനുഷ്യദൂതന്മാര്‍ മതിയാവാതെ വരുന്നു. ആ വെളിപാടുകള്‍ക്ക് അനശ്വരതയുടെ കവചമുള്ളതിനാല്‍ ഗ്രഹിക്കാന്‍ ദൈവിക ഇടപെടലുകള്‍ തന്നെ വേണ്ടിവരുന്നു. പത്രോസ് ‘ നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെ’ ന്നു പ്രഖ്യാപിക്കുമ്പോള്‍ അവിടുന്നു മറുപടി പറഞ്ഞത് അതുതന്നെയാണ്, ‘മാംസരക്തങ്ങളല്ല; സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്ന’തെന്ന്.

ഒരു ദൈവദൂതന്‍ മനുഷ്യരാശിയോടു പങ്കുവച്ചിട്ടുള്ളതില്‍വച്ചേറ്റവും മഹത്തായ സദ്വാര്‍ത്തയാണ് ഉയിര്‍പ്പ്. 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ മാറ്റൊലികള്‍ നമ്മുടെ ജീവിതത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ‘അവന്‍ ഇവിടെയില്ല, ഉയര്‍പ്പിക്കപ്പെട്ടു’ (ലൂക്ക 24/5), ഈ വചനമാണ് ലോകത്തെ പാടെ മാറ്റിമറിച്ചത്.

ഇന്നും ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ നിഷേധിക്കാന്‍ തെളിവുകള്‍ അന്വേഷിച്ചുനടക്കുന്നവരുണ്ട്. അവര്‍ക്കറിയാം ക്രിസ്തു ഉയിര്‍ത്തിട്ടില്ലെന്നു തെളിയിച്ചാല്‍ ക്രൈസ്തവസഭ ഒരു ചീട്ടുകൊട്ടാരം പോലെ വീഴുമെന്ന്. ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിന്റെ കേന്ദ്രം അവന്റെ മരണമല്ല, ഉത്ഥാനമാണ്. അവര്‍ ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനിറ്റി ഉണ്ടാകുമായിരുന്നില്ല. ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണ്’ (1 കോറി. 15/14) പൗലോസ് കൂട്ടിച്ചേര്‍ക്കുന്നു.

മരണത്തിനപ്പുറത്തേക്കുംസ്വര്‍ഗത്തേക്കുറിച്ചും മനുഷ്യരെ സ്പ്‌നം കാണാന്‍ പ്രേരിപ്പിച്ചത് അവന്റെ ഉത്ഥാനമാണ്. എന്നാല്‍, ആ ഉയിര്‍പ്പിനു പിന്നില്‍ തികച്ചും അദൃശ്യമായൊരു മേഘമറയുടെ പരിവേഷമുണ്ട്. വിശ്വാസത്തിന്റെ തീക്ഷണ പ്രയത്‌നങ്ങളിലൂടെ മാത്രമേ അതിനെ അതിജീവിക്കാനാവൂ.

മരണം കാത്തുകിടന്ന രോഗിയെ പരിചരിച്ച് ഡോക്ടര്‍ മടങ്ങുകയായിരുന്നു. പെട്ടെന്ന് രോഗി ചോദിച്ചു, ‘ ഡോക്ടര്‍ ഞാന്‍ മരിക്കാന്‍ ഭയപ്പെടുന്നു, മറുവശം എന്താണെന്ന് എനിക്ക് പറഞ്ഞുതരുമോ?

ശാന്തനായി ഡോക്ടര്‍ മൊഴിഞ്ഞു, ‘എനിക്കറിയില്ല’ ആ മനുഷ്യന്‍ നിരാശനായി, ‘നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായിട്ടും മരണത്തിനപ്പുറം എന്താണെന്ന് അറിയില്ലേ? അപ്പോഴേക്കും ഡോക്ടര്‍ വാതിലിനടുത്തെത്തിയിരുന്നു.

അപ്പുറത്തുനിന്നും എന്തിന്റെയോ മുരടലിന്റെയും മാന്തലിന്റെയും സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്നതും ഒരു നായ മുറിയിലേക്കു കുതിച്ചുചാടി വന്ന് ഡോക്ടറിന്റെ മുമ്പില്‍ വാലാട്ടി നിന്നും. രോഗിക്കുനേരെ തിരിഞ്ഞ് ഡോക്ടര്‍ പറഞ്ഞു ‘നിങ്ങള്‍ എന്റെ വളര്‍ത്തുനായയെ ശ്രദ്ധിച്ചോ? അവന്‍ മുമ്പൊരിക്കലും ഈ മുറിയില്‍ പ്രവേശിച്ചിട്ടില്ല. ഇവിടെ എന്താണെന്നുപോലും അറിയില്ല. യജമാനന്‍ ഇവിടെ ഉണ്ടെന്നുമാത്രം അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വാതില്‍ തുറന്നതും ഒരു ഭയവുമില്ലാതെ അതു കുതിച്ചുചാടി. എനിക്കും മരണത്തിനപ്പുറത്തേക്കുറിച്ച് ഒരു നിശ്ചയവുമില്ല. ‘ ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍ തുടര്‍ന്നു, ‘എങ്കിലും ഒന്നറിയാം, എന്റെ യജമാനന്‍ അവിടെയുണ്ട്. ആ ഉറപ്പുമാത്രം മതി നിത്യതയുടെ വാതില്‍ തുറക്കുമ്പോള്‍ ഒരു ഭയവുമില്ലാതെ കടന്നുചെല്ലാന്‍.’

മരണത്തിനപ്പുറം എന്തൊക്കെ നിത്യവിസ്മയങ്ങളാണെന്ന് നിശ്ചയമായും എനിക്കറിയില്ല. അദൃശ്യമായ ഒരു മേഘ മറമാത്രം ജീവിതത്തിനു മുന്നില്‍. ഒന്നുറപ്പുണ്ട്, ഉത്ഥിതനായ ക്രിസ്തു അവിടെയുണ്ട്. അതുകൊണ്ടുതന്നെ ആ മേഘമറ അവിടെ നിന്നുകൊള്ളട്ടെ. ഭയലേശമെന്യേ ഞാനും കടന്നു ചെല്ലും.

ജോനാഥ് കപ്പൂച്ചിന്‍

You must be logged in to post a comment Login