മരണത്തിന് അവരെ തോല്പിക്കാനാവില്ല ( സെലിന്റെ കഥ; മാര്‍ട്ടിന്റെയും10)

മരണത്തിന് അവരെ തോല്പിക്കാനാവില്ല ( സെലിന്റെ കഥ; മാര്‍ട്ടിന്റെയും10)

oleanderandshadowരാത്രി. പ്രാര്‍ത്ഥനയ്ക്ക് ശേഷം മക്കള്‍ എല്ലാവരും ഡൈനിംങ്് ടേബിളിന് ചുറ്റും ഇരുന്നു. വളരെ ഉയരമുള്ള കസേരയിലാണ് തെരേസ ഇരുന്നത്. അവള്‍ ഫോര്‍ക്കും സ്പൂണും കൈയിലെടുത്തു.

സെലിന്‍ മക്കളുടെ സന്തോഷം നോക്കി നിന്നു.. ഇനിയെത്ര കാലം താന്‍ ഇവരുടെ കൂടെയുണ്ടാകും? തന്റെ മരണദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു.. ആ ഓര്‍മ്മയില്‍ സെലിന്‍ മുഖം ചെരിച്ച് കണ്ണുനീര്‍ തുടച്ചു.

സെലിന്റെ മുഖത്തെ മ്ലാനത മാര്‍ട്ടിന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് വന്നതില്‍ പിന്നെ ഏതോ സങ്കടം അവളെ ഞെരുക്കുന്നതായി മാര്‍ട്ടിന് തോന്നിയിരുന്നു. പക്ഷേ ചോദിക്കുമ്പോള്‍ ഒന്നുമില്ല എന്ന് പറഞ്ഞ് അവള്‍ പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇനിയും അത് നീട്ടിക്കൊണ്ടുപോകേണ്ടതില്ല എന്ന് തോന്നുന്നു. അത്താഴം കഴിയട്ടെ. ചോദിച്ചിട്ട് തന്നെ ബാക്കികാര്യം. മാര്‍ട്ടിന്‍ തീരുമാനിച്ചു. സെലിന്‍ മക്കള്‍ക്കും ഭര്‍ത്താവിനും ഭക്ഷണം വിളമ്പി..ഇനി എത്രനേരം താന്‍ ഇവര്‍ക്ക് അത്താഴം വിളമ്പാനുണ്ടാകും? സെലിന്‍ അതോര്‍ത്ത് വീണ്ടും സങ്കടപ്പെട്ടു. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. മക്കള്‍ അതൊന്നും അറിഞ്ഞില്ല. അവര്‍ സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയാണ്.

കഴിക്ക് മക്കളേ..നന്നായി കഴിക്ക്.. സെലിന്‍ പ്രത്യേക സ്‌നേഹത്തോടെ മക്കളോട് പറഞ്ഞു. അവര്‍ ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച് എണീറ്റു.

സെലിന്‍..’ മക്കള്‍ പോയ്ക്കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ സെലിന്റെ കൈക്ക് പിടിച്ചു.

‘ എന്തോ ഭാരം നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടല്ലോ.. എന്താണെങ്കിലും എന്നോട് പറയൂ..’
പറയാം’ സെലിന്‍ സമ്മതിച്ചു.

‘ ഞാന്‍ ഈ പാത്രങ്ങള്‍ ഒന്ന് കഴുകിവച്ചോട്ടെ..’

സെലിന്‍ സങ്കടം കടിച്ചമര്‍ത്തി അടുക്കളയിലേക്ക് നടന്നു. ദൈവമേ! മാര്‍ട്ടിന്‍ വിലപിച്ചു. എന്തോ അഹിതകരമായി സംഭവിക്കാന്‍ പോവുകയാണ്.. മാര്‍ട്ടിന് തീര്‍ച്ചയായിരുന്നു. എത്ര ഒളിക്കാന്‍ ശ്രമിച്ചാലും സെലിന്റെ മുഖഭാവം പറയുന്നത് അതാണ്. ഇരുപത് വര്‍ഷമായില്ലേ താന്‍ അവളെ കാണാന്‍ തുടങ്ങിയിട്ട്..

മാര്‍ട്ടിന്‍ അസ്വസ്ഥനായി അങ്ങുമിങ്ങും നടന്നു. സെലിന്‍ അടുക്കള അടച്ച് മാര്‍ട്ടിന്റെ അടുക്കലെത്തി. ആകാംക്ഷ കൊണ്ട് മാര്‍ട്ടിന് തന്റെ ഹൃദയം തുള്ളിത്തെറിക്കുന്നതുപോലെ തോന്നി. എന്തായിരിക്കും സെലിന്‍ പറയാന്‍ പോകുന്നത്? അത് തന്നെ തകര്‍ത്തുകളയുമോ?
‘ തളരരുത്..’

സെലിന്‍ അങ്ങനെയാണ് തുടങ്ങിയത്. അപ്പോഴേയ്്ക്കും മാര്‍ട്ടിന്‍ തളര്‍ന്നുകഴിഞ്ഞിരുന്നു.. മനസ്സിന് നല്ല ധൈര്യമുണ്ടാവണം.
നീ ..നീ പറയൂ സെലീ..

മാര്‍ട്ടിന്‍ അസ്വസ്ഥനായി
നിനക്കെന്താണ്..എന്താണെങ്കിലും പറയൂ..

എനിക്ക് കാന്‍സറാണ് മാര്‍ട്ടിന്‍.. അവസാന സ്റ്റേജിലാണ്.. ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വൈദ്യശാസ്ത്രം പറയുന്നു.

സെലിന്‍ പറഞ്ഞവസാനിപ്പിച്ചു. ആരോ തന്റെ തലയ്ക്ക് അടിച്ചതുപോലെ മാര്‍ട്ടിന് തോന്നി. ലോകം അവസാനിക്കുകയാണോ.. ഭൂമി തലകീഴായി മറിയുകയാണോ? താന്‍ എന്താണീ കേള്‍ക്കുന്നത്?

‘ ഇല്ല നീ മരിക്കില്ല.. നിന്നെ മരിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല..’ മാര്‍ട്ടിന്‍ ഓടിച്ചെന്ന് സെലിനെ കെട്ടിപിടിച്ചു. ഇരുവരും കരഞ്ഞുകൊണ്ടേയിരുന്നു.

 

( തുടരും)

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login