മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു, പുതുശ്ശേരി പാട്ടെഴുതി

മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു, പുതുശ്ശേരി പാട്ടെഴുതി

അസന്‍കുട്ടി എന്ന ഹൈസ്‌കൂള്‍ സുഹൃത്ത് അന്ന് ഏകെ പുതുശ്ശേരിയെ കാണാന്‍ എത്തിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു. അന്നുവരെ മുസ്ലീം കാസറ്റുകള്‍ ഇറക്കിക്കൊണ്ടിരുന്ന അസന്‍കുട്ടിക്ക് ഒരാഗ്രഹം. ഒരു ക്രൈസ്തവഭക്തിഗാന കാസറ്റ് ഇറക്കണം. അതിന് പുതുശ്ശേരി തന്നെ പാട്ടെഴുതണം.

സുഹൃത്തിന്റെ ആവശ്യം പുതുശ്ശേരി മനസ്സാ സ്വീകരിച്ചു. അന്നുവരെ തന്റെ പാട്ടുകള്‍ക്ക് ഈണം നല്കിയിരുന്നത് ജോബ് ആന്റ് ജോര്‍ജ് ആയിരുന്നതുകൊണ്ട് ആരാണ് ഈ ഗാനങ്ങള്‍ക്ക് ഈണം നല്കുന്നതെന്ന് പുതുശ്ശേരി അന്വേഷിച്ചപ്പോള്‍ അസന്‍ പേരു പറഞ്ഞത് ബേണി ഇഗ്നേഷ്യസ് എന്നായിരുന്നു. പുതുശ്ശേരിക്ക് അവരെക്കുറിച്ച് അന്ന് അത്രയധികമൊന്നും അറിയില്ലായിരുന്നു.

എന്തായാലും ചൈനീസ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഇരുവരും കൂടി ബേണി ഇഗ്നേഷ്യസുമാരെ കാണാന്‍ പോയി. ഗാനരചയിതാവും സംഗീതസംവിധായകരും തമ്മിലുള്ള ആദ്യ സമാഗമം. പുതിയ ശൈലിയാണ് സംഗീതസംവിധായകര്‍ ഗാനരചയിതാവിനോട് പറഞ്ഞത്. ട്യൂണ്‍ റെഡിയായിട്ടുണ്ട്. അതനുസരിച്ച് പാട്ടെഴുതിയാല്‍ മതി.

ആ രീതി പുതുശ്ശേരിക്ക് അത്ര രസിക്കുന്നതായിരുന്നില്ല. പത്തു പാട്ടുകളാണ് കാസറ്റില്‍ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് പുതുശ്ശേരി പറഞ്ഞു, എട്ട് ഗാനങ്ങള്‍ നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാം. രണ്ടു ഗാനങ്ങള്‍ ഞാന്‍ പറയുന്നതുപോലെയും ചെയ്യണം..

ട്യൂണിട്ട കാസറ്റുമായാണ് പുതുശ്ശേരി മടങ്ങിയത്. പല തവണ ട്യൂണ്‍ കേട്ടു. പക്ഷേ വരികള്‍ കിട്ടിയില്ല.

അങ്ങനെയൊരു ദിവസമാണ് പുതുശ്ശേരിക്ക് കോഴിക്കോട് വരെ പോകേണ്ട ഒരു സാഹചര്യമുണ്ടായത്. കമ്പനിയുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു അത്. കോഴിക്കോട് ലേബര്‍ ട്രിബ്യൂണലില്‍ കേസ് കഴിഞ്ഞ് വൈകുന്നേരം എറണാകുളത്തേക്ക് ബസ് കാത്തുനില്ക്കുകയാണ് പുതുശ്ശേരി.

എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്ന ആഗ്രഹം മാത്രം. ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും തന്റെ വരവും കാത്ത് അവിടെ ഇരിപ്പുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തൃശൂര്‍ വരെയുള്ള ബസാണ് കിട്ടിയത്. അവിടെയിറങ്ങി എറണാകുളത്തേക്ക് ബസ് കാത്തുനില്ക്കുമ്പോള്‍ അതാ വരുന്നു ഒരു എക്‌സ്പ്രസ് ബസ്.

ബസ് മുമ്പോട്ടെടുത്തപ്പോഴേ ചാടിക്കയറാന്‍ സാധിച്ചുള്ളൂ. പക്ഷേ ആരുടെയോ കൈകള്‍ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയിട്ടു. നിലത്തുവീണുകിടന്ന പുതുശ്ശേരിയെ ഗൗനിക്കാതെ എക്‌സപ്രസ് പുറപ്പെടുകയും ചെയ്തു.

കാലിന്റെ മുട്ടുപൊട്ടി വേദനയും സങ്കടവും സഹിക്കാനാവാതെ നിന്ന പുതുശ്ശേരിയെ ആരൊക്കെയോ കൂടി ശുശ്രൂഷിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് എറണാകുളത്തേക്കുള്ള ബസ് കിട്ടിയത്.

അങ്കമാലിയില്‍ ബസ് എത്തിയപ്പോള്‍ വഴിയരികില്‍ വലിയ ആള്‍ക്കൂട്ടം.വാഹനങ്ങള്‍.. പോലീസ്.. ബസിന്റെ ജാലകത്തിലൂടെ ശിരസ് പുറത്തേക്കിട്ടു, പുതുശ്ശേരി. അപ്പോള്‍ കണ്ട കാഴ്ച ഞെട്ടലുണ്ടാക്കുന്നതായിരുന്നു. തന്നെ പുറത്തേക്ക് തള്ളിക്കളഞ്ഞിട്ടുപോയ എക്‌സ്പ്രസ് ബസ് അതാ മറിഞ്ഞുകിടക്കുന്നു!

യാത്രക്കാരുടെ നിലവിളികള്‍.. പുറത്തേക്ക് ഓടിയിറങ്ങിയ പുതുശ്ശേരി പരിസരബോധം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞുപോയി. എത്രയോ വലിയ അപകടത്തില്‍ നിന്നാണ് ദൈവം തന്നെ രക്ഷിച്ചത്! ഈ ബസില്‍ കയറിയിരുന്നുവെങ്കില്‍ ചിലപ്പോള്‍ തന്റെ കൈകാലുകള്‍ ഒടിയുമായിരുന്നു. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കുമായിരുന്നു.

പക്ഷേ ദൈവം തന്നെ അത്ഭുതകരമായി പരിപാലിച്ചിരിക്കുന്നു. ആ നിമിഷം പുതുശ്ശേരിയുടെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി.. ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്നീശോയേ..

അന്ന് വീട്ടിലെത്തി രാത്രിയില്‍ തന്നെ പുതുശ്ശേരി ആ ഗാനം പൂര്‍ത്തിയാക്കി. ദൈവപരിപാലനയുടെ തണലില്‍ ജീവിതത്തിന്റെ പുതിയ അര്‍ത്ഥം കണ്ടെത്തിയ മനോഹരമായ ഭക്തിഗാനമായി അത് മാറുകയായിരുന്നു. ബേണി ഇഗ്നേഷ്യസ് ഈണമിട്ട് ഫ്രെഡി പള്ളന്‍ പാടിയ ഈ ഗാനം അള്‍ത്താര എന്ന കാസറ്റിലാണുള്ളത്. പോപ്പുലര്‍ മിഷന്‍ ഈ ഗാനത്തെ ഏറെ ജനകീയമാക്കി. അനേകായിരങ്ങള്‍ ഇന്നും ഈ ഭക്തിഗാനം പാടുന്നു.

“കാസറ്റൊക്കെ എവിടെയോ നഷ്ടപ്പെട്ടുപോയി.. “പുതുശ്ശേരി ചെറിയൊരു സങ്കടത്തോടെ പങ്കുവച്ചു.തരംഗിണിയുടെ ആദ്യത്തെ ഭക്തിഗാനകാസറ്റുള്‍പ്പെടെ 22 കാസററുകളിലായി അനേകം പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും പുതുശ്ശേരിയെ അനശ്വരനാക്കിയത് ഈ ഗാനമാണ്. വചനം..തിരുവചനം, ഞാനൊരിക്കല്‍ എത്തുമീ എന്നിവയാണ് പുതുശ്ശേരിയുടെ ഇതര ശ്രദ്ധേയഗാനങ്ങള്‍.

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും പുതുശ്ശേരിക്ക് ഉത്തരം കിട്ടിയിട്ടില്ല.തന്നെ ആ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട കരങ്ങള്‍ ആരുടേതായിരുന്നു? ആ കരം ഒരു പക്ഷേ ദൈവത്തിന്റെ കരം തന്നെയായിരിക്കുമോ, ഈ ഗാനം എഴുതാനായി ദൈവം പുതുശ്ശേരിയുടെ ആയുസ് നീട്ടിക്കൊടുക്കുകയായിരുന്നോ..ആര്‍ക്കറിയാം?

ബിജു

 

You must be logged in to post a comment Login