മരണത്തെ തോല്പിച്ച പെണ്‍കുട്ടി

മരണത്തെ തോല്പിച്ച പെണ്‍കുട്ടി

3aചില ജീവിതങ്ങള്‍ അങ്ങനെയാണ്. അല്‍പായുസ്സു മാത്രമേ ഉണ്ടാകൂ. എന്നാല്‍ ജീവിച്ചിരിക്കുന്ന കാലമത്രയും അന്യരിലേക്കു പ്രകാശം പരത്തിക്കൊണ്ടാണ് കടന്നു പോകുക. 19 വര്‍ഷം മാത്രം ജീവിച്ച, വിശ്വാസത്തിന്റെ പ്രകാശ ദീപ്തി ചുറ്റുമുള്ളവരിലേക്കു പകര്‍ന്ന വാഴ്ത്തപ്പെട്ട ഷിയാറ ബദാനോയുടെ ജീവിതവും വ്യത്യസ്തമായിരുന്നില്ല. ഷിയാറ എന്ന പേരിന്റെ അര്‍ത്ഥം തന്നെ ‘പ്രകാശിക്കുന്നവള്‍’ എന്നാണ്. ആ മുഖത്തേക്കു നോക്കിയാല്‍ മറ്റേതു പേരാണ് നല്‍കാന്‍ തോന്നുക. എപ്പോഴും സുസ്‌മേരവദനയായി ഓടി നടന്നിരുന്ന ചുറുചുറുക്കുള്ള ഒരു മിടുക്കിപ്പെണ്‍കുട്ടിയായിരുന്നു അവള്‍.

മാതാപിതാക്കളായ റുഗറോയുടേയും മരിയയുടേയും 11വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1971 ഒക്ടോബര്‍ 29 നാണ് ഇറ്റലിയിലെ സാസെല്ലോയിലുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ഷിയാറ ജനിക്കുന്നത്. മാതാപിതാക്കളോട് സ്‌നേഹമായിരുന്നെങ്കിലും ഇടയ്‌ക്കൊക്കെ അവരോട് തര്‍ക്കുത്തരം പറയുന്നതിലും അവള്‍ ആനന്ദം കണ്ടെത്തിയിരുന്നു. പഠനത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന ഷിയാറ അക്കാരണം കൊണ്ടു തന്നെ സഹപാഠികളുടെ മുന്‍പില്‍ ഒരു പരിഹാസപാത്രമായിരുന്നു. സമപ്രായക്കാരായ മറ്റു പെണ്‍കുട്ടികളെപ്പോലെ പോപ്പ് മ്യൂസിക്കും ഡാന്‍സും ടെന്നിസുമൊക്കെ ഇഷ്ടപ്പെട്ട ഷിയാറോയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് ഫോക്‌ലോര്‍ മൂവ്‌മെന്റില്‍ അംഗത്വം നേടിയതോടു കൂടിയാണ്.

9-ാം വയസ്സിലാണ് ഫോക്‌ലോര്‍ മൂവ്‌മെന്റിന്റെ ആദ്യ മീറ്റിംഗില്‍ ഷിയാറ സംബന്ധിക്കുന്നത്.ക്ഷമിക്കുന്ന ക്രിസ്തുവിന്റെ ഉപാധികളില്ലാത്ത സ്‌നേഹത്തെക്കുറിച്ചായിരുന്നു അവിടെ അവള്‍ കേട്ടതത്രയും. മാതാപിതാക്കള്‍ അവള്‍ക്കു നല്‍കിയിരുന്നത് മറ്റൊരു പേരായിരുന്നു. ഫോക്‌ലോര്‍ മൂവ്‌മെന്റിന്റെ സ്ഥാപകയായ ഷിയാറ ലൂബിച്ച് ആണ് അവള്‍ക്ക് ഈ പേരു നല്‍കുന്നത്. പിന്നീടിങ്ങോട്ട് ആ പേരിലാണ് അവള്‍ അറിയപ്പെട്ടതും. ഫോക്‌ലോര്‍ മൂവ്‌മെന്റില്‍ അംഗമായതോടെ ക്രിസ്തുവിനു വേണ്ടിയും വിശ്വാസത്തിനു വേണ്ടിയും കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവള്‍ തീരുമാനിച്ചു.

എന്നാല്‍ 16-ാം വയസ്സില്‍ ക്യാന്‍സറിന്റെ രൂപത്തിലെത്തിയ വിധി അവളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു. വേദനസംഹാരികളൊന്നും തന്നെ കഴിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ‘എന്റെ വേദനകള്‍ ഇശോയ്ക്കു വേണ്ടി ഞാന്‍ സഹിക്കുന്നു. അവയെല്ലാം ഈശോയുടെ കുരിശിനോടു ചേര്‍ത്തു വെയ്ക്കുന്നു’ എന്നാണവള്‍ പറഞ്ഞത്.  ആശുപത്രിയിലായിരുന്ന ദിവസങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്ന മറ്റൊരു രോഗിയോടൊപ്പം അവള്‍ നടക്കാനിറങ്ങുമായിരുന്നു. ഒടുവില്‍ അവയോട് താദാത്മ്യം പ്രാപിച്ച് ആ വേദനകള്‍ അവളുടേതു കൂടിയായി മാറി.

ഷിയാറയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘ഷിയാറയുടെ ചിരിയും എപ്പോഴും പ്രകാശിക്കുന്ന കണ്ണുകളും കാണുമ്പോള്‍ മരണം എന്നൊരു പ്രതിഭാസം ഭൂമിയിലില്ലെന്നും ജീവിതം മാത്രമേ ഉള്ളൂ എന്നുമാണ് നമുക്ക് തോന്നുക’. അവളെ സന്തോഷിപ്പിക്കാനായി ആശുപത്രിയിലെത്തിയിരുന്ന സന്ദര്‍ശകര്‍ക്കു പോലും വിപരീതാനുഭവമാണ് ഉണ്ടായിരുന്നത്. ആ നിഷ്‌കളങ്കമായ ചിരി പലപ്പോഴും സന്ദര്‍ശകരെയാണ് സന്തോഷിപ്പിച്ചിരുന്നത്. അവള്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ആഫ്രിക്കയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്ന സുഹൃത്തിനെ ഏല്‍പ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ഇതെടുത്തു കൊള്ളൂ.. എനിക്ക് എല്ലാമുണ്ട്’.

ആശുപത്രിയിലായിരുന്നപ്പോള്‍ അസാധാരണമായ മറ്റൊരനുഭവം കൂടി ഷിയാറക്കുണ്ടായി. പ്രകാശം നിറഞ്ഞ ചിരിയുമായി ഒരു സ്ത്രീ അവളെ സമീപിച്ചു. അവളുടെ കൈകളില്‍ പിടിച്ച് വാത്സല്യത്തോടെ അവളെ തലോടി. പെട്ടെന്ന് ആ സ്ത്രീ അപ്രത്യക്ഷയാകുകയും ചെയ്തു. ദൈവത്തിന് തന്നോടുള്ള സ്‌നേഹം ഇത്തരം അടയാളങ്ങളിലൂടെ പ്രകടമാക്കുകയാണെന്നായിരുന്നു സംഭവത്തെപ്പറ്റി ഷിയാറ അഭിപ്രായപ്പെട്ടത്.

ഒടുവില്‍ ചികിത്സകളൊന്നും ഫലപ്രദമായില്ല. 1990 ഒക്ടോബര്‍ 7 നു രാവിലെ ഷിയാറ ഇഹലോകവാസം വെടിഞ്ഞു. 2000 ആളുകളാണ് ഷിയാറയുടെ ശവസംസ്‌കാര ചടങ്ങില്‍ സന്നിഹിതരായിരുന്നത്. 2008 ജൂലൈ 3 ന് ബെനഡിക്ട്‌
16-ാമന്‍ പാപ്പ ഷിയാറയെ ധന്യയായി പ്രഖ്യാപിച്ചു. 2010 ഡിസംബറിലാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയരുന്നത്. ഷിയാറയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനായുള്ള നടപടി ക്രമങ്ങളും വത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.

ഷിയാറയുടെ നാമത്തില്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള സിരോന്‍ജ് നഗരത്തില്‍ പള്ളിയും ഉയര്‍ന്നു കഴിഞ്ഞു. ഷിയാറയുടെ മാതാപിതാക്കള്‍ നേരിട്ടെത്തിയാണ് പള്ളി ഉദ്ഘാടനം ചെയ്തത്. ഇറ്റലിയില്‍ ഷിയാറയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അവളുടെ ആത്മകഥ വായിക്കാനിടയായതാണ് ഇതിനു പ്രചോദനമായതെന്ന് മദ്ധ്യപ്രദേശിലെ സാഗാര്‍ രൂപതയുടെ ബിഷപ്പായ മാര്‍ ആന്റണി ചിറയത്ത് പറഞ്ഞു. അങ്ങനെ ഹ്രസ്വമായ ജീവിതം മുഴുവന്‍ പ്രകാശം പരത്തി കടന്നു പോയ ഷിയാറ ഭാരതീയര്‍ക്കും പ്രിയങ്കരിയാകുകയാണ്.

 

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login