മരിക്കുന്നെങ്കില്‍ ഇങ്ങനെ മരിക്കണം…

മരിക്കുന്നെങ്കില്‍ ഇങ്ങനെ മരിക്കണം…

കാന്‍സര്‍ രോഗിയായി രണ്ടുവര്‍ഷം ജീവിച്ചതിന് ശേഷം രണ്ട് ദിവസം മുമ്പ് മരണമടഞ്ഞ സഹ സന്യാസിനി സിസ്റ്റര്‍ ലെയോണിയെക്കുറിച്ച് സുഹൃത്തായ സിസ്റ്റര്‍ ജോയ്‌സി ഫോണ്‍ വിളിച്ചപ്പോഴാണ് പങ്കുവച്ചത്. ഒരാഴ്ച മുമ്പ് ഒരു ദിവസം ആ സിസ്റ്റര്‍ സഹസന്യാസിനിമാരോട് പറഞ്ഞുവത്രെ സ്വര്‍ഗ്ഗത്തില്‍ എനിക്ക് വീടുപണിയാന്‍ ആരംഭിച്ചു കേട്ടോ.. പണിക്കാര് തിടുക്കത്തില്‍ ഓടി നടക്കുകയാണ് എന്ന്.

ചിലപ്പോള്‍ അതുകേട്ടപ്പോള്‍ സിസ്‌റ്റേഴ്‌സ് അത്ര ഗൗരവമൊന്നും അതിന് കൊടുത്തുകാണില്ലായിരിക്കും.. അതിനടുത്ത ദിവസങ്ങളില്‍ സിസ്റ്ററുടെ മുഖം കൂടുതല്‍ പ്രസന്നവും പ്രത്യാശാനിര്‍ഭരവുമായിക്കൊണ്ടിരുന്നു, കണ്‍മുമ്പില്‍ കാണുന്നതുപോലെ സിസ്റ്റര്‍ പറഞ്ഞുവത്രെ, ഇത്രയും സൗന്ദര്യമുള്ള ഒരു വീട് ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല.. എത്ര വേഗത്തിലാ വീടു പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.. മരിക്കുന്നതിന്റെ തലേന്ന് സിസ്റ്റര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, വീടു പണി കഴിഞ്ഞു..എനിക്ക് പോകാന്‍ സമയമായി കേട്ടോ.

പിറ്റേന്ന് സിസ്റ്ററിന് അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. സിസ്റ്ററുടെ രോഗം മൂര്‍ച്ഛിച്ചത് അറിഞ്ഞ് വൈദികന്‍ നല്ല മരണത്തിനൊരുക്കാനായി എത്തി. അതിന് ശേഷം അദ്ദേഹം സന്യാസിനിമാരോട് പറഞ്ഞുവത്രെ.. ഈ മരിക്കാന്‍ കിടക്കുന്നത് ഒരു വിശുദ്ധയാണ്. നിങ്ങള്‍ എല്ലാവരും പോയി ആ അമ്മയുടെ ആശിര്‍വാദം സ്വീകരിക്കണം.

കട്ടിലിന് സമീപം മുട്ടുകുത്തിയ എല്ലാ സിസ്റ്റേഴ്‌സിനെയും ലെയോണി സിസ്റ്റര്‍ കൈകളുയര്‍ത്തി അനുഗ്രഹിച്ചു. കൂടപ്പിറപ്പുകളും സിസ്റ്ററുടെ അടുക്കലെത്തി. സിസ്റ്റര്‍ അവരുടെ ഇരുകവിളിലും മാറി മാറി ചുംബിച്ചു. ഏറെക്കുറെ അനാഥയെപോലെ ജീവിച്ചിരുന്ന ഒരു കൂടപ്പിറപ്പിന്റെ മുഖത്തേയ്ക്കും പ്രൊവിന്‍ഷ്യാളമ്മയുടെ മുഖത്തേയ്ക്കും സിസ്റ്റര്‍ മാറിമാറി നോക്കി. അപ്പോള്‍ പരിശുദ്ധാത്മാവ് തൊട്ടതുപോല്‍ പ്രൊവിന്‍ഷ്യാളമ്മ പറഞ്ഞു, പേടിക്കണ്ടാ കേട്ടോ ചേച്ചിയുടെ കാര്യം ഞാന്‍ നോക്കിക്കോളാം.

അപ്പോള്‍ മരണാസന്നയായി കിടന്ന സിസ്റ്ററുടെ മുഖത്ത് പരമമായ ശാന്തി നിറഞ്ഞു. കണ്ണുകളില്‍ നിര്‍വൃതി പരന്നു. സന്തോഷമായി അമ്മേ..സന്തോഷമായി..’ സിസ്റ്റര്‍ പറഞ്ഞു. എന്നാ ഞാന്‍ പൊയ്‌ക്കോട്ടെ.. സിസ്റ്റര്‍ എല്ലാവരെയും നോക്കി പുഞ്ചിരിയോടെ കണ്ണടച്ചു. സ്വച്ഛമായ മരണം.സുബോധത്തോടെയുള്ള മരണം. അവസാനത്തെ വിനാഴികയിലും ബോധം നഷ്ടപ്പെടാതെയുള്ള മരണം.

ഈ വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. മരിക്കുന്നെങ്കില്‍ ഇങ്ങനെ മരിക്കണം. ശരിയാണ് മരണം എന്നാല്‍ ഇങ്ങനെ തന്നെയായിരിക്കണം.. ഇത്രമേല്‍ സുന്ദരവും ഇത്രമേല്‍ അനവദ്യവും.. പക്ഷേ എത്ര പേര്‍ക്ക് കഴിയുമത്?

ലോകത്തിന്റെ സുഖങ്ങളിലും ആസക്തികളിലും മുഴുകാനുള്ള മനുഷ്യസഹജമായ പ്രവണത ഉടലെടുക്കുമ്പോള്‍ ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, മരണത്തിന് അപ്പുറം എന്താണെന്ന് ആര്‍ക്കറിയാം? അപ്പോള്‍ ഈ ലോകത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കുക തന്നെ എന്ന്.. പക്ഷേ ഇത്തരം ചില ജീവിതസാക്ഷ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു, എല്ലാം സത്യമാണ്..മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന്.. ചെയ്തികളുടെ അടിസ്ഥാനത്തില്‍ അവിടെ എല്ലാറ്റിനും പ്രതിഫലമുണ്ടെന്ന്.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login