മരിച്ചവരെ എന്തിനാണ് ഓര്‍മ്മിക്കുന്നത്?

അടുത്തയിടെ വളരെ പ്രിയപ്പെട്ട ഒരാളുടെ ശവകുടീരം തേടി കുടുംബമൊന്നിച്ച് സെമിത്തേരിയിലെത്തിയിരുന്നു. ഒരു വര്‍ഷം തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. പക്ഷേ ആ വ്യക്തിയെ സംസ്‌കരിച്ച ഇടത്തില്‍ മറ്റൊരു കല്ലറയാണ് ഉയര്‍ന്നു നിന്നിരുന്നത്. വളരെ സാമ്പത്തികമുള്ള കുടുംബമാണ്. കുടുംബക്കല്ലറയൊക്കെ നിശ്ചയമായും അവകാശപ്പെടുത്താവുന്ന ആള്‍.പക്ഷേ..

എനിക്ക് തെറ്റിയതായിരിക്കുമോ എന്ന സംശയിച്ച് ഭാര്യ ഒരു വശത്ത് നിന്ന് മറ്റേ വശം വരെ ഓരോ കല്ലറയിലെയും പേരുകള്‍ വായിച്ചു നടക്കുന്നത് കണ്ടു. തീര്‍ച്ചയായും അവള്‍ക്ക് വലിയ തോതില്‍ സങ്കടം വരുന്നുണ്ടായിരുന്നു. കാരണം മരിച്ചടക്കിന് അവള്‍ക്ക് വരാന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല.

ഇപ്പോള്‍ ഒന്നാം വാര്‍ഷികം കഴിഞ്ഞപ്പോഴെങ്കിലും മക്കളെയും കൂട്ടി വന്ന് പ്രിയപ്പെട്ട ആളുടെ കുഴിമാടത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രത്യേകമായി അടയാളപ്പെടുത്താത്തതിന്റെ പേരില്‍ അതിന് സാധിക്കാതെവന്നതിന്റെ സങ്കടത്തോടെയാണ് ഞങ്ങള്‍ മടങ്ങിയത്. എന്താണ് ആ ശവക്കല്ലറയ്ക്ക് സംഭവിച്ചത്.? രണ്ടുവര്‍ഷം കഴിയാതെ ആ കുഴിയില്‍ മറ്റൊരാളെ സംസ്‌കരിക്കില്ല എന്ന് പറഞ്ഞുകേള്‍ക്കുന്നു. കുടുംബക്കല്ലറ അല്ലാത്തതുകൊണ്ട് ഒരു പക്ഷേ അവിടെ വേറെ ആളെ സംസ്‌കരി്ച്ചതാവുമോ? അറിയില്ല..

ഒരാളുടെ മരണത്തിന് പോലും അടയാളങ്ങളില്ലാതെ ആവുന്നത് എത്രയോ കഷ്ടമാണ്!
മരിച്ചടക്കുമ്പോള്‍ കല്ലറയും മാര്‍ബിളുമൊക്കെ എന്തിന് വേണമെന്ന് സംശയിച്ചിരുന്ന ആളായിരുന്നു അതുവരെ ഞാന്‍. എന്നാല്‍ ആ നിമിഷം തോന്നി, ഒരാള്‍ മരിച്ചുകഴിയുമ്പോള്‍ തീര്‍ച്ചയായും അയാള്‍ക്കായി ഒരോര്‍മ്മപ്പെടുത്തല്‍ പോലെ ഒരു കല്ലറ വേണമെന്ന്.. ഓരോ കല്ലറയും ഒരു ഓര്‍മ്മയാണ്. നിനക്കായുള്ള എന്റെ സ്മാരകമാണ്. എന്റെ സ്‌നേഹത്തിന്റെ അടയാളമാണ്.

മരണമടഞ്ഞുപോയ ഒരാളെ എന്നെങ്കിലും സ്‌നേഹത്തോടെ ഓര്‍മ്മിച്ചുവരുന്നവര്‍ക്ക് പ്രാര്‍ത്ഥനയോടെ മുട്ടുകുത്താനും കണ്ണീരോടെ മെഴുകുതിരി കൊളുത്താനും നെടുവീര്‍പ്പോടെ പുഷ്പമാല്യം ചാര്‍ത്താനും വേണം ഒരു കല്ലറ. മുംതാസിനായി ഷാജഹാന്‍ തീര്‍ത്തത് വെറുമൊരു ശവകുടീരം മാത്രമായിരുന്നില്ല. അയാളുടെ തീവ്രപ്രണയത്തിന്റെ അനശ്വരസ്മാരകമായിരുന്നുവല്ലോ? മരണത്തിന് പോലും മറയ്ക്കാനും മറക്കാനും ആവാത്ത ഒരു സ്മാരകം. സ്‌നേഹത്തിന്റെ സ്മാരകം.അതാണ് താജ്മഹല്‍.

സ്മരണകള്‍ ഉയരുന്നത് പലപ്പോഴും തൊട്ടുതൊട്ട് അടുത്തിരിക്കുമ്പോഴല്ല. തൊട്ടുതൊട്ടിരിക്കുമ്പോള്‍ ഉണരുന്നതല്ല സ്‌നേഹവും ഓര്‍മ്മയും. ഏതൊരാളെയാണോ
നിങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കുന്നത് അയാളൊരിക്കലും നിങ്ങളുടെ അടുത്തുള്ള ആളായിരിക്കില്ല..ഒന്നുകില്‍ നിങ്ങള്‍ക്ക് കൈ നീട്ടിയാല്‍ തൊടാന്‍ കഴിയാത്തവിധത്തില്‍ അകന്നിരിക്കുന്ന ആള്‍.. കണ്ണുകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്ന ആള്‍..വിളികള്‍ക്കപ്പുറം ചെന്നുനില്ക്കുന്ന ആള്‍..അത്തരക്കാരെയാണ് നാം ഓര്‍മ്മിക്കുന്നത്..ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്..

അടുത്തുള്ള ആള്‍ സജീവസാന്നിധ്യമാണ്..പക്ഷേ അകലെയായിരിക്കുന്ന ആള്‍ അങ്ങനെയല്ല.. അതുകൊണ്ട് ഏതെല്ലാം തരത്തിലും അകന്നുപോയവരെയൊക്കെ ജീവിതത്തിന്റെ ഏതെല്ലാമോ നിമിഷങ്ങളില്‍ നാം ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.

ഓരോ കുഴിമാടത്തിലേക്കും നാം എന്തിനാണ് കടന്നുചെല്ലുന്നത്? അവിടെ ഓര്‍മ്മകളുടെ പൂങ്കാവനമുണ്ട്..ഒന്ന് ചെറുതായി ഉലയ്ക്കുകയേ വേണ്ടൂ.. വീഴുകയായ് സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍.. കൊടുത്തത്..കൊടുക്കാതെപോയത്..കിട്ടിയത്..

ദൈവമേ ഒരാളുടെ സുകൃതങ്ങളെയും സൗഹൃദങ്ങളെയും ധ്യാനിക്കാന്‍ നമുക്ക് അയാളുടെ കുഴിമാടം വരെ പോകേണ്ടിവരുന്നതിലും വലിയ സങ്കടം മറ്റെന്താണുള്ളത്?

സ്‌നേഹമാണ് എല്ലാ ബന്ധങ്ങളുടെയും തീവ്രത നിശ്ചയിക്കുന്നത്. കാരണം സ്‌നേഹത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകളുണ്ട്. ക്രിസ്തു പോലും പറയുന്നത് കേള്‍ക്കുന്നില്ലേ, എന്റെ ഓര്‍മ്മയ്ക്കായി ഇത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന്.

വിശുദ്ധ കുര്‍ബാന ഒരു സ്മാരകമാണ്. ക്രിസ്തു ജീവന്‍വെടിഞ്ഞതിന്റെ മാത്രമല്ല സ്‌നേഹത്തിന്റെയും. മരിച്ചവര്‍ക്ക്വേണ്ടിയുള്ള ദിവ്യബലിയര്‍പ്പണങ്ങള്‍ക്ക് വലിയ അര്‍ത്ഥമുണ്ടാകുന്നത് ഇത്തരമൊരു സാഹചര്യത്തില്‍ ചിന്തിച്ചുനോക്കുമ്പോഴാണ്. മരിച്ചവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാവുന്നതായ ഒരു കാര്യവും ഇതുതന്നെയല്ലേ വിശുദ്ധ ബലിയര്‍പ്പണം?

നാം മരിച്ചുപോയിക്കഴിയുമ്പോള്‍ നമ്മുടെ കല്ലറ തേടി എത്ര പേര്‍ വരും? അങ്ങനെയൊരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വിശുദ്ധരുടെ കല്ലറകള്‍ക്ക് മുമ്പില്‍ മുട്ടുകുത്തുന്നത് എല്ലായ്‌പ്പോഴും അത്ഭുതങ്ങള്‍ക്ക് വേണ്ടിയാണ്. പക്ഷേ സാധാരണക്കാരുടെ കല്ലറകള്‍ക്ക് മുമ്പിലോ..സ്‌നേഹമുള്ളതുകൊണ്ടാണത്.. എത്രപേര്‍ എന്റെ മരണശേഷം എന്റെ കല്ലറ തേടിവരും? ഞാന്‍ കൊടുത്തതിന്റെയും എന്നില്‍ നിന്ന് കിട്ടിയതിന്റെയുമായ സ്‌നേഹത്തിന്റെ കണക്കുകളെ കൂട്ടിയെടുക്കാനുള്ള അവസരം കൂടിയാണത്.

നമ്മുടെ സെമിത്തേരികളില്‍ കാടുവളര്‍ന്നിരിക്കുന്ന കല്ലറകള്‍ ചിലപ്പോഴെങ്കിലും ഉണ്ടാകാം.മറഞ്ഞുപോയ ആള്‍ അത്രയധികം വിസ്മൃതനാകേണ്ട ആള്‍ തന്നെയാണോ..അതോ പിന്‍ഗാമികളുടെ മനസ്സിന്റെ ശൈഥില്യമാണോ അതിന്റെ സൂചകം? ആര്‍ക്കറിയാം..?

മരിച്ചവരെക്കുറിച്ചുളള ഓര്‍മ്മ നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ്. ഞാന്‍ മരിച്ച് 30 ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍മ്മിക്കണം എന്നാണ് വിശുദ്ധ അപ്രേമിന്റെ അഭ്യര്‍ത്ഥന. നമ്മില്‍ ആര്‍ ആദ്യം മരിക്കുന്നുവോ അപരന്‍ മരിച്ച ആള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു വിശുദ്ധ സിപ്രിയാനും സുഹൃത്തും തമ്മിലുള്ള ഉടമ്പടി. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ മാറ്റിനിര്‍ത്തിക്കൊണ്ട് ആരാധനക്രമത്തിന്റെ അടിസ്ഥാനസ്വഭാവത്തെ നിര്‍വചിക്കാനാവില്ലെന്ന് വിശുദ്ധ ജോണ്‍ പോളും പറഞ്ഞിട്ടുണ്ട്.

അതെ, മരണമടഞ്ഞവരെ സ്‌നേഹത്തോടെ ഓര്‍മ്മിക്കുക.

അവര്‍ക്കായി പ്രാര്‍ത്ഥിക്കുക..

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login