മരുഭൂമിയില്‍ വച്ച് സാത്താനുമായി യുദ്ധം ചെയ്ത അന്തോണി

മരുഭൂമിയില്‍ വച്ച് സാത്താനുമായി യുദ്ധം ചെയ്ത അന്തോണി

വിശുദ്ധ അന്തോണി ദ ഗ്രേറ്റ് മരുഭൂമിയിലെ താപസനാണ്. മൂന്ന്, നാലു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അന്തോണിയുടെ ജീവിതത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ പഠനം നടത്തിയിരിക്കുന്നത് വിശുദ്ധ അത്തനാസിയസ് ആണ്. അദ്ദേഹം എഴുതിയ ജീവചരിത്രമാണ് അന്തോണിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നത്.

നിരവധിയായ സാത്താനിക പീഡകള്‍ അന്തോനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അന്തോണിയെ കാണാന്‍ മരുഭൂമിയിലെ വീട്ടില്‍ എത്തിയിരുന്ന വിശ്വാസികള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നത് പ്രദേശമെങ്ങും നിറഞ്ഞിരിക്കുന്ന വന്യമൃഗങ്ങളെയായിരുന്നു. സാത്താന്‍ മൃഗങ്ങളുടെ രൂപത്തില്‍ വന്ന് അന്തോണിയെ ഭയപ്പെടുത്തുകയായിരുന്നു. അതുപോലെ വിചിത്രമായ ശബ്ദങ്ങള്‍, കൈയടിക്കുന്ന ശബ്ദം എന്നിവയും അവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു.

ഒരു ദിവസം രാത്രി ഒരു ശവകുടീരത്തിലായിരുന്നു അന്തോണി കിടന്നുറങ്ങിയിരുന്നത്. അപ്പോള്‍ ഒരു കൂട്ടം സാത്താന്മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തെ ആക്രമിക്കാന്‍ ആരംഭിച്ചു. കയര്‍ കൊണ്ട് സാത്താന്മാര്‍ അന്തോണിയുടെ ദേഹം മുഴുവന്‍ അടിച്ചു. അമിതമായ വേദനയില്‍ അന്തോണി പിടഞ്ഞു.

ദേഹമാസകലം മുറിഞ്ഞ അന്തോണിയെ പിറ്റേന്ന് ഒരു സുഹൃത്ത് കണ്ടെത്തുകയും അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ അന്തോണിക്ക് ബോധം തെളിഞ്ഞു.തന്നെ തിരികെ ശവകൂടീരത്തിന്റെ അടുക്കല്‍ കൊണ്ടുചെന്നെത്തിക്കാന്‍ അന്തോണി ആവശ്യപ്പെട്ടു.

അവിടെയെത്തിയ അന്തോണി സാത്താനോട് ഇങ്ങനെ പറഞ്ഞു.

ഇതാ ഞാന്‍ അന്തോണി എത്തിയിരിക്കുന്നു. നിന്റെ അടി മേടിച്ച് പേടിച്ചോടിപോയതൊന്നുമല്ല ഞാന്‍. ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് എന്നെ ഒന്നിനും വേര്‍പെടുത്താനാവില്ല.

അന്തോണിയുടെ വെല്ലുവിളി കേട്ട് സാത്താന്‍ തിരികെയെത്തി. സിംഹത്തിന്റെയും കരടിയുടെയും പുള്ളിപ്പുലിയുടെയും സര്‍പ്പത്തിന്റെയും രൂപത്തിലാണ് സാത്താന്‍ അന്തോണിയെ പേടിപ്പിക്കാനെത്തിയത്. സിംഹം അദ്ദേഹത്തെ ആക്രമിക്കാനായി അലറിക്കൊണ്ട് അടുക്കലെത്തി. ഭയാനകമായ അന്തരീക്ഷമായിരുന്നു അവിടെ.

കഠിനമായ വേദനയില്‍ ആയിരുന്നപ്പോഴും സാത്താനുമായി വാഗ്വാദം നടത്താന്‍ അന്തോണി തയ്യാറായി. പെട്ടെന്ന് ശവക്കുഴിയുടെ മൂടി തുറക്കപ്പെടുകയും പ്രകാശം അതിനുള്ളില്‍ നിറയുകയും ചെയ്തു. സാത്താന്‍ അപ്രത്യക്ഷനായി. അന്തോനിയുടെ വേദന നിലച്ചു.

ദൈവമാണ് തന്നെ രക്ഷിച്ചതെന്ന് അന്തോണിക്ക് മനസ്സിലായി.

ഇത്രയും നേരം ദൈവമേ അങ്ങ് എവിടെയായിരുന്നു. എന്റെ വേദനയുടെ സമയത്ത് പ്രത്യക്ഷപ്പെടാന്‍ അങ്ങ് എന്താണ് വൈകിയത്. അന്തോണി ചോദിച്ചു.

ദൈവം അപ്പോള്‍ മറുപടി പറഞ്ഞു. അന്തോണി ഞാന്‍ ഇവിടെതന്നെയുണ്ടായിരുന്നു. നിന്റെ യുദ്ധം കാണാന്‍ കാത്തിരിക്കുകയായിരുന്നു.

മുപ്പത്തിയഞ്ച് വയസ് മാത്രമേ അന്തോണിക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ. സാത്താനെ നേരിടാന്‍ അന്തോണിക്ക് കഴിഞ്ഞത് വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും ജീവിച്ചതുകൊണ്ടുമാത്രമായിരുന്നു. ജീവിതകാലം മുഴുവനും അന്തോണിക്ക് സാത്താനോട് യുദ്ധം ചെയ്യേണ്ടതായി വന്നു.

105 ാം വയസില്‍ അന്തോണി മരിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടിരുന്നു.

ബി

You must be logged in to post a comment Login