മറന്നുകളയരുത്, ഒന്നും

മറന്നുകളയരുത്, ഒന്നും

ബ്രിട്ടീഷ് സംസ്‌കാരത്തിലെ ഏറ്റവും നല്ല വശങ്ങള്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നും ലഭിച്ചതാണെന്നും ആധുനികലോകത്തിനുതകും വിധമുള്ള മൂല്യങ്ങള്‍ രൂപപ്പെടുത്താനുള്ള വ്യഗ്രതയില്‍ ഈ പാരമ്പര്യ മൂല്യങ്ങള്‍ വിസ്മരിക്കരുതെന്നും ഷ്‌റോസ്ബറി മെത്രാന്‍ മാര്‍ക്ക് ഡേവിസ്. ഷ്‌റോസ്‌ബെറി ആബിയില്‍ സംഘടിപ്പിച്ച മെത്രാന്‍മാരുടെ പ്രാര്‍ത്ഥനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

നമുക്കു ലഭിച്ചിട്ടുള്ള പാരമ്പര്യമൂല്യങ്ങളെ വിസ്മരിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കും. അതിനാല്‍ നമ്മെത്തന്നെ രൂപപ്പെടുത്തിയ അത്തരം മൂല്യങ്ങളെ മറന്നുകളയരുത്. ബ്രിട്ടീഷ് സംസ്‌കാരത്തിലെ നന്മയുടെ അംശം ഉത്ഭവിച്ചത് ഈ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നിന്നാണ്. ഇതിനെ വിസ്മരിക്കുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനേ ഇടയാക്കുകയുള്ളൂ.

ലോകത്ത് പലയിടങ്ങളിലും മതത്തെ വികലമായി ചിത്രീകരിക്കുന്ന തരം പ്രവണതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടണ്‍ ഇത്തരത്തില്‍ ആകരുത്. മെത്രാന്‍മാര്‍ സഭയുടെ അപ്പസ്‌തോലിക പാരമ്പര്യത്തെ പിന്തുടരുന്നതു പോലെ രാജ്യത്തിലെ നേതാക്കന്‍മാര്‍ ബ്രിട്ടന്റെ പൗരാണിക പാരമ്പര്യത്തെ പിന്തുടരണം. നമ്മുടെ സംസ്‌കാരത്തോട് നീതി പുലര്‍ത്താനുള്ള ബാധ്യത നമുക്കുണ്ട്. അഭയാര്‍ത്ഥികള്‍ നമ്മുടെ സഹോദരങ്ങളാണെന്നും അവരെ ഉള്‍ക്കൊള്ളാനുള്ള സന്മനസ് കാണിക്കണമെന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login